കരണ്‍ ഒബ്‌റോയിക്കെതിരായ പീഡന പരാതി വ്യാജം; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

മുംബൈ: നടനും അവതാരകനുമായ കരണ്‍ ഒബ്‌റോയിക്കെതിരേ പീഡന പരാതി നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളപ്പരാതി നല്‍കിയതിനും വ്യാജമായി അക്രമം ആസൂത്രണം ചെയ്തതിനുമാണ് കേസ്.

കഴിഞ്ഞ ശനിയാഴ്ച കരണിനെതിരേ പരാതി നല്‍കിയ യുവതിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ചിരുന്നു. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍തന്നെയാണു സംഭവം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് യുവതിക്കെതിരേ പൊലീസ് കേസെടുത്തതും അറസ്റ്റുചെയ്തതും.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു യുവതി കരണിനെതിരേ പരാതി നല്‍കിയത്. യുവതിയുടെ പരാതി വ്യാജമാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കരണ്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് ഓഷിവാര പോലീസ് യുവതിയെ അറസ്റ്റുചെയ്തത്.

Top