ബിഷപ്പിന്റെ പീഡനകേസ്; അന്വേഷണ സംഘം ഇന്ന് ഡല്‍ഹിയില്‍, ബിഷപ്പിന്റെ മൊഴിയെടുക്കും

bishap

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍ അന്വേഷണ സംഘം ഇന്ന് ഡല്‍ഹിയില്‍.

ഡല്‍ഹിയിലെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായ ശേഷം അന്വേഷണ സംഘം ജലന്ധറിലെത്തി ബിഷപ്പിന്റെ മൊഴിയെടുക്കും.

അതിനു ശേഷമായിരിക്കും അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുക.

ഡല്‍ഹിയിലെത്തുന്ന അന്വേഷണസംഘം ആദ്യം കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ കുടുംബത്തെ കണ്ട് മൊഴി രേഖപ്പെടുത്തും. കന്യാസ്ത്രി പീഡന വിവരം ആദ്യം പറഞ്ഞ ഉജ്ജയിന്‍ രൂപതാ ബിഷപ്പ് സെബാസ്റ്യന്‍ വടക്കേല്‍, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി എന്നിവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.

കേരളത്തില്‍ ഒരു മാസത്തിലേറെ നീണ്ട അന്വേഷണം പൂര്‍ത്തികരിച്ച ശേഷമാണ് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

ജലന്ധറിലെ നടപടികള്‍ക്കായി കേരള പോലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ജലന്ധറില്‍ എത്തുക.

കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ വൈദികന്‍ ശ്രമിച്ച സംഭവത്തില്‍ ജലന്ധര്‍ രൂപതയുടെ പങ്കും പൊലീസ് അന്വേഷിക്കും. കന്യാസ്ത്രീ പരാതി നല്‍കിയ ജൂണ്‍ 28 മുതല്‍ ഫാ. ജെയിംസ് ഏര്‍ത്തയില്‍ നടത്തിയ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കും.

നേരത്തെ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ അഞ്ചിന് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ കന്യാസ്ത്രീ രഹസ്യ മൊഴിയും നല്‍കിയിരുന്നു.

Top