ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; കൂടുതല്‍ തെളിവുകള്‍ പുറത്ത്

മുംബൈ: വിവാഹ വാഗ്കദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം എച്ച് ഷെയ്ക്ക് ഹര്‍ജി പരിഗണിക്കുക.

കേസില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. 2009 മുതല്‍ 2015 വരെ ബിനോയ്‌ക്കൊപ്പം ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചെന്ന് യുവതി പറയുമ്പോള്‍ എങ്ങനെയാണ് ബലാത്സംഗക്കുറ്റം നിലനില്‍ക്കുക എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ അശോക് ഗുപ്ത വാദിച്ചത്.

എന്നാല്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ജാമ്യം കിട്ടിയതിന് ശേഷം പൊലീസ് അന്വേഷണവുമായി സഹകരിക്കാം എന്ന കണക്കുകൂട്ടലിലാണ് ബിനോയ് ഉള്ളത്. എന്നാല്‍ ബിനോയ്‌ക്കെതിരെ ശക്തമായ തെളിവുള്ളതിനാല്‍ കോടതി ജാമ്യം നല്‍കില്ലെന്നാണ് പ്രോസിക്യൂഷന്‍ കരുതുന്നത്.

അതേസമയം ബിനോയ് കോടിയേരിയും യുവതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ മുംബൈ പൊലീസിനു യുവതി നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട്, കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവയാണ് യുവതി പൊലീസില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍.

യുവതി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന പേരാണുള്ളത്. യുവതിയുടെ ബന്ധുക്കളും ബിനോയിയും മാത്രമായി ഹിന്ദു ആചാരപ്രകാരം വിവാഹം സ്വകാര്യമായി നടന്നെന്നാണ് യുവതി പോലീസില്‍ നല്‍കിയ മൊഴി.

Top