ഗുജറാത്തില്‍ ഫാക്ടറി ആക്രമണങ്ങള്‍ തുടര്‍ക്കഥ; ആസൂത്രിതമെന്ന് പോലീസ്‌

ഗുജറാത്ത്: സെപ്തംബര്‍ 28നാണ് നവജാത ശിശുവിനെ ബലാത്സംഗം ചെയ്ത കേസില്‍ 19കാരനെ ഗുജറാത്തില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍, അതിന് ശേഷം ഗുജറാത്തില്‍ പത്തോളം ഫാക്ടറികളില്‍ അന്യദേശ തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടു. പീഡനക്കേസിലെ പ്രതി ജോലി ചെയ്തിരുന്ന ഫാക്ടറിയിലെ ബീഹാര്‍ സ്വദേശിയെ വലിയ കൂട്ടം ആളുകള്‍ ഓടിച്ചിട്ട് ആക്രമിച്ചു.

ചില കമ്പനികള്‍ നിയമങ്ങള്‍ പാലിക്കാതെയാണ് 80 ശതമാനം ആളുകളെയും ജോലിക്കെടുത്തിരിക്കുന്നത്.അവര്‍ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് കോണ്‍ഗ്രസ് എംഎല്‍എയും ഗുജറാത്ത് ക്ഷേത്രീയ ഠാക്കൂര്‍ സേനയുടെ പ്രസിഡന്റുമായ അല്‍പേഷ് ഠാക്കൂര്‍ പറഞ്ഞു. ആക്രമണം നേരിട്ട ഒരു കമ്പനിയാണ് ഹിമാലയ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് വദോദര. 500 തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ഇതില്‍ 100ല്‍ താഴെ തൊഴിലാളികള്‍ മാത്രമാണ് സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവര്‍. ഉത്തര്‍ പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും ഉള്ളവരാണ് അധികവും.

ഫാക്ടറി മുതലാളിമാരുടെ കാര്യത്തില്‍ തൊളിലാളികളും നാട്ടുകാരും വലിയ അമര്‍ഷത്തിലായിരുന്നു. ബലാത്സംഗക്കേസ് ആക്രമണത്തിനുള്ള കാരണമായി എടുത്തു എന്നു മാത്രമേ ഉള്ളൂ എന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളി ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ ഒരു വിഭാഗം ജനങ്ങള്‍ ഒത്തു ചേരുകയും പുറത്തു നിന്ന് വന്നവരെ തുരത്തണമെന്ന് ഗൂഢാലോചന നടത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഇരുപതിലധികം ആള്‍ക്കൂട്ട ആക്രമണങ്ങളാണ് ഇതിനോടനുബന്ധിച്ച് വടക്കന്‍ ഗുജറാത്തില്‍ നടന്നത്. 180 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

14 മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച സംഭവം പുറത്തു വന്നതിന് തൊട്ടു പിന്നാലെ രണ്ട് ഫാക്ടറികള്‍ ആക്രമിക്കപ്പെട്ടു. ഈ മാസം രണ്ടാം തീയതി വാദ്‌നഗറിലും വിജാപൂരിലും ആക്രമണങ്ങള്‍ നടന്നു. വാദ്‌നഗറില്‍ നിന്നു മാത്രം ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 150-200 ഠാക്കൂര്‍ വിഭാഗക്കാര്‍ ഒത്തു ചേര്‍ന്ന് ആക്രമണത്തിന് പദ്ധതിയിട്ടതായി പൊലീസ് ആരോപിച്ചു. 23 പേരെ ഇത്തരത്തില്‍ ഗൂഢാലോചന നടത്തിയതിനും ഫാക്ടറികള്‍ ആക്രമിച്ചതിനും ജീവനക്കാരെ തല്ലിയതിനും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തിയും ഇത്തരത്തില്‍ ആക്രമണങ്ങള്‍ക്ക് ആസൂത്രണം നല്‍കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. രണ്ട് കേസുകളില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ആകെ 15 എഫ്‌ഐആറുകള്‍ വിവിധ ഫാക്ടറി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുണ്ട്.

Top