കോവിഡ് രോഗിയായ പെണ്‍കുട്ടിക്കുനേരെ നേരെ പീഡനം; ആംബുലന്‍സ് ഡ്രൈവര്‍ ആസൂത്രിത നീക്കം നടത്തിയതായി പൊലീസ്

പത്തനംതിട്ട: കൊവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ ആസൂത്രിത നീക്കം നടത്തിയതായി പൊലീസ്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്നും സ്വകാര്യഭാഗങ്ങളില്‍ ക്ഷതങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മൊഴി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉള്ളതെന്നും പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും നൗഫലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അടൂരില്‍ നിന്ന് ആംബുലന്‍സില്‍ കയറിയ പെണ്‍കുട്ടിയെ അടുത്തുള്ള പന്തളം അര്‍ച്ചന ഫസ്റ്റ് ലൈന്‍ പരിശോധന കേന്ദ്രത്തില്‍ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടുപോയതാണ് തട്ടികൊണ്ടുപോകലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കിടയില്‍ പെണ്‍കുട്ടിയോട് ലൈംഗികച്ചുവയില്‍ സംസാരിക്കുകയും ചെയ്തിരുന്നു നൗഫല്‍. പിന്നീടാണ് ആംബുലന്‍സ് നിര്‍ത്തി പിന്‍വശത്തെ വാതില്‍ തുറന്ന് പെണ്‍കുട്ടിയുടെ അടുത്തെത്തിയതും പീഡിപ്പിച്ചതും.

പിടിവലിയില്‍ പെണ്‍കുട്ടി മുട്ടുകാലിടിച്ച് വീണതായും പൊലീസ് പറയുന്നു. നൗഫലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആംബുലന്‍സിന്റെ ഗ്ലോബല്‍ പൊസിഷന്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ലെന്ന മോട്ടര്‍ വാഹന വകുപ്പിന്റെ വാദം പൊലീസ് തള്ളി. ജി.പി.എസിലെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.

Top