ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ ഷിയാസ് കരീം പിടിയില്‍

ചെന്നൈ: ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ ഷിയാസ് കരീം പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.

നേരത്തെ ചന്ദേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കാസര്‍കോട് സ്വദേശിനിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കി 2021 ഏപ്രില്‍ മുതല്‍ പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മര്‍ദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി.

പരാതി വാര്‍ത്തയായതിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ച് ഷിയാസ് രംഗത്തെത്തിയിരുന്നു. ഒരു വീഡിയോയിലാണ് വിമര്‍ശനം സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി പങ്കുവച്ചത്.

Top