ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കി ബോളിവുഡ് താരം റണ്‍വീര്‍ സിംങ്

ന്യുഡല്‍ഹി: വാഹന പ്രേമികള്‍ ഏറെയുള്ളയിടമാണ് ബോളിവുഡ്. പ്രത്യേകിച്ച് ആഡംബര വാഹനങ്ങളോട് കമ്പമുള്ളവര്‍ നിരവധിയാണ്. ബോളിവുഡിന്റെ സ്റ്റൈല്‍ ഐക്കണ്‍, ഫാഷന്‍ കിങ്ങ് തുടങ്ങിയ വിശേഷണങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള രണ്‍വീര്‍ സിങാണ് അത്തരത്തില്‍ ഇപ്പോള്‍ ഏറ്റവും പുതിയ സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നു കോടി വില വരുന്ന ലംബോര്‍ഗിനിയുടെ സ്റ്റൈലന്‍ എസ്യുവി ഉറുസ് സ്വന്തമാക്കിരിക്കുകയാണ് താരം.

ചുവന്ന നിറത്തിലുള്ള പുതിയ ഉറുസ് അദ്ദേഹം ഓടിക്കുന്നതിന്റെയും വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിന്റെയും ചിത്രങ്ങള്‍ രണ്‍വീറിന്റെ ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സൂപ്പര്‍ എസ്.യു.വി. എന്ന വിശേഷണമുള്ള ആഡംബര വാഹനമാണ് ഉറുസ്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന്റെ പരമാവധി വേഗം 305 കിലോമീറ്ററാണ്.

ആഡംബര കാറുകളുടെ നിര്‍മാതാക്കളായ ലംബോര്‍ഗിനി കഴിഞ്ഞ ജനുവരിയിലാണ് ഉറുസ് അവതരിപ്പിച്ചത്. കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ കാര്‍പ്രേമികളുടെ പ്രിയ വാഹനമായി മാറി ലംബോര്‍ഗിനി ഉറുസ്. കുറഞ്ഞ കാലയളവിനുള്ളില്‍ ഏറ്റവുമധികം വിറ്റഴിച്ച സൂപ്പര്‍ ലക്ഷ്വറി കാര്‍ എന്ന ബഹുമതിയും അടുത്തിടെ ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയിരുന്നു. അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആഴ്ചയില്‍ ഒന്നെന്ന കണക്കില്‍ 50 ഉറുസ് എസ്യുവിയാണ് ഇന്ത്യയിലെത്തിയത്.

Top