‘സല്‍മാന്‍ ഖാന്‍ ഫ്‌ലാറ്റ് നല്‍കി എന്ന വാര്‍ത്ത വ്യാജം’ : മനസ് തുറന്ന് വൈറല്‍ ഗായിക

മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്‌ഫോമിലിരുന്ന് ഗാനമാലപിച്ചിരുന്ന രാണു മണ്ടലിനെ ഇന്ന് അറിയാത്ത ആരും തന്നെ ഉണ്ടാവില്ല. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് ലോകത്തിന്റെ ഹൃദയം കവര്‍ന്ന സ്ത്രീയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രാണു മണ്ടല്‍. ഐ.എന്‍.എസ് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈറല്‍ ഗായിക മനസ് തുറന്നത്. ‘തെരുവിലല്ല ഞാന്‍ ജനിച്ചത്, എനിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നു. എന്നാല്‍ എന്റെ ആറാം വയസില്‍ ഞാന്‍ അവരുമായി വേര്‍പിരിഞ്ഞു. പിന്നീട് ഒരു മുത്തശ്ശിക്കൊപ്പമായിരുന്നു എന്റെ ബാല്യം.ബാല്യകാലം അത്ര രസകരമായിരുന്നില്ല. വീടുണ്ടായിരുന്നെങ്കിലും ഞാന്‍ എന്നും ഒറ്റക്കായിരുന്നു. പാടാന്‍ എനിക്കിഷ്ടമായിരുന്നു. എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഞാന്‍ അതിന് ശ്രമിച്ചിട്ടുമില്ല. ലതാ മങ്കേഷ്‌കറുടെ പാട്ടുകളോടാണ് പ്രിയം.റേഡിയോയില്‍ ലതാജിയുടെ പാട്ട് കേട്ടാണ് ഞാന്‍ സംഗീതം അഭ്യസിച്ചത്. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ എന്റെ ജീവിതം വളരെ സന്തോഷകരമായിരുന്നു എന്നും രാണു പറഞ്ഞു.

ഭര്‍ത്താവ് മരിച്ചതോടെ മുംബൈ വിട്ട് ബംഗാളിലേക്ക് പോന്നു. പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ പാട്ടുപാടി ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് ഞാന്‍ ജീവിച്ചിരുന്നത്’ എന്നും രാണു പറയുന്നു. ഇതുവരെ ആറ് പാട്ടുകളാണ് രാണുവിന്റെ ശബ്ദത്തില്‍ റെക്കോഡ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച രാണു മണ്ടലിന്റെ ആദ്യ ബോളിവുഡ് ഗാനം പുറത്തിറങ്ങിയതോടെ നിരവധി അവസരങ്ങളാണ് ഇവരെ തേടിയെത്തിയത്. ഹിമേഷ് രേഷ്മിയ ഒരുക്കിയിരിക്കുന്ന ‘തേരി മേരി കഹാനി’ എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

കൈനിറയെ അവസരങ്ങള്‍ ലഭിച്ചതോടെ മുംബൈയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ഈ വൈറല്‍ ഗായിക. സല്‍മാന്‍ ഖാന്‍ തനിക്ക് ഫ്ലാറ്റ് നല്‍കി എന്ന വാര്‍ത്ത തെറ്റാണെന്നും എന്നാല്‍ സല്‍മാനെ കാണാന്‍ ആഗ്രഹമുണ്ടെന്നും രാണു മനസ് തുറന്നു.

Top