തമാശയാകാം, വേദനിപ്പിക്കരുത്; രാണുവിന്റെ ആ ഞെട്ടിപ്പിക്കുന്ന മേക്ക്ഓവര്‍ വ്യാജം

ന്റര്‍നെറ്റ് ഗായിക രാണു മൊണ്ടാലിന്റെ ഞെട്ടിപ്പിക്കുന്ന മേക്ക്ഓവര്‍ ഏതാനും ദിവസങ്ങളായി ഓണ്‍ലൈന്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. ഭയപ്പെടുത്തുന്ന മേക്ക്അപ്പ് അണിഞ്ഞ ആ ചിത്രത്തിന്റെ പേരില്‍ മൊണ്ടാലിനെ പരിഹസിച്ചും, അപമാനിച്ചും ട്രോളുകളുടെ ചാകരയുമാണ്. എന്നാല്‍ ഇതുവരെ പ്രചരിച്ച ചിത്രം വ്യാജനാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഇവരെ അണിയിച്ചൊരുക്കിയ ബ്യൂട്ടി പാര്‍ലര്‍.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രവര്‍ത്തിക്കുന്ന സന്ധ്യാസ് മേക്കോവര്‍ ഒറിജിനല്‍ ചിത്രവും പങ്കുവെച്ചു. ഒരു പരിപാടിക്ക് വേണ്ടി രാണു മൊണ്ടാലിനെ വികൃതമായി അണിയിച്ചൊരുക്കിയെന്ന് ചീത്തപ്പേര് നേടിയതോടെയാണ് പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കി ബ്യൂട്ടി പാര്‍ലര്‍ രംഗത്ത് വന്നത്. ആ ദിവസം രാണു മൊണ്ടാല്‍ അണിഞ്ഞ യഥാര്‍ത്ഥ മേക്ക്അപ്പ് ചിത്രവും ഇവര്‍ പങ്കുവെച്ചു.

ഇന്‍സ്റ്റാഗ്രാമിലെ ഔദ്യോഗിക പേജിലാണ് സന്ധ്യാസ് മേക്ക്ഓവര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ‘ഞങ്ങള്‍ ചെയ്ത ജോലിയും, പ്രചരിക്കുന്ന ചിത്രവും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്ക് കാണാം. എഡിറ്റ് ചെയ്ത വ്യാജ ചിത്രമാണ് ഒപ്പമുള്ളത്. തമാശകളും, ട്രോളുകളുമൊക്കെ കൊള്ളാം, ചിലത് കണ്ട് ഞങ്ങളും ചിരിച്ചു, പക്ഷെ ഒരാളുടെ വികാരങ്ങളെ വേദനിപ്പിക്കുന്നത് നല്ല കാര്യമല്ല. സത്യം ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കുമെന്നാണ് കരുതുന്നത്. അത് മാത്രമാണ് ആവശ്യപ്പെടുന്നത്’, അവര്‍ കുറിച്ചു.

വ്യാജ മേക്ക്അപ്പ് ചിത്രം പ്രചരിച്ചത് മുതല്‍ രാണു മൊണ്ടാലിനെ അക്രമിക്കുന്ന ട്രോളുകളും, മീമുകളും വ്യാപകമായി പ്രചരിച്ചിരുന്നു. പ്രശസ്തിയിലേക്ക് ഉയര്‍ന്നത് മുതല്‍ മൊണ്ടാല്‍ വിവാദങ്ങളിലും ചെന്നുചാടുന്നുണ്ട്.

Top