രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന റാങ്കുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്) 2023-ലെ റാങ്കുകള്‍ പ്രഖ്യാപിച്ചു. ഓവറോള്‍, യൂണിവേഴ്‌സിറ്റി, കോളേജ്, റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, ഫാര്‍മസി, മെഡിക്കല്‍, ഡെന്റല്‍, ലോ, ആര്‍ക്കിടെക്ചര്‍ എന്നിങ്ങനെ 11 വിഭാഗങ്ങളിലാണ് റാങ്കിങ്. കേന്ദ്ര സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ് ആണ് റാങ്കുകള്‍ പ്രഖ്യാപിച്ചത്.

ഓവറോള്‍ റാങ്കിങ്ങില്‍ മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടര്‍ച്ചയായി അഞ്ചാമതും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഈ വിഭാഗത്തില്‍ 47-ാം റാങ്ക് നേടിയ കേരള സര്‍വകലാശാലയാണ് കേരളത്തില്‍ നിന്ന് ആദ്യ അമ്പതില്‍ ഇടം പിടിച്ച വിദ്യാഭ്യാസ സ്ഥാപനം. മഹാത്മാഗാന്ധി സര്‍വകലാശാല (52), ഐ.ഐ.എം കോഴിക്കോട് (54), കുസാറ്റ് (63) എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആദ്യ നൂറിലുണ്ട്.

എന്‍ജിനീയറിങ് വിഭാഗത്തിലും ഐ.ഐ.ടി മദ്രാസാണ് ഒന്നാമത്. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഐ.ഐ.ടി മദ്രാസ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഡല്‍ഹി ഐ.ഐ.ടി, ബോംബെ ഐഐടി രണ്ടും മൂന്നും സ്ഥാനത്തെത്തി. കേരളത്തില്‍ നിന്ന് കോഴിക്കോട് എന്‍.ഐ.ടി 23-ാംസ്ഥാനത്തുണ്ട്. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി 48-ാം റാങ്കും, പാലക്കാട് ഐ.ഐ.ടി 69-ാം റാങ്കും നേടി. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ഐ.ഐ.ടി റൂര്‍ക്കി ഒന്നാമതും എന്‍.ഐ.ടി കാലിക്കറ്റ് രണ്ടാമതുമാണ്. ഖരഗ്പൂര്‍ ഐ.ഐ.ടിക്കാണ് മൂന്നാം റാങ്ക്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് 17-ാം റാങ്ക് നേടിയിട്ടുണ്ട്.

ഐ.ഐ.എം അഹമ്മദാബാദ് ആണ് മാനേജ്‌മെന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നാമത്. ബാംഗ്ലൂര്‍ ഐ.ഐ.എം. രണ്ടാമതും കോഴിക്കോട് ഐ.ഐ.എം മൂന്നാം സ്ഥാനത്തുമാണ്. എന്‍.ഐ.ടി കോഴിക്കോട് 75-ാം സ്ഥാനത്തും കൊച്ചി രാജഗിരി ബിസിനസ് സ്‌കൂള്‍ 83-ാം റാങ്കും നേടി ആദ്യ നൂറില്‍ ഉള്‍പ്പെട്ടു

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് സര്‍വകലാശാല വിഭാഗത്തില്‍ ഒന്നാമത്. ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയും ജാമിയ മില്ലിയ എന്നീ സര്‍വകലാശാലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളസര്‍വകലാശാല (24), മഹാത്മാഗാന്ധി സര്‍വകലാശാല(31), കുസാറ്റ് (37), കാലിക്കറ്റ് സര്‍വകലാശാല (70) എന്നീ സര്‍വകലാശാലകളാണ് കേരളത്തില്‍ നിന്ന് ആദ്യ നൂറില്‍ ഉള്‍പ്പെട്ടത്

കോളേജ് വിഭാഗത്തില്‍ ഡല്‍ഹി മിറാന്‍ഡ ഹൗസാണ് റാങ്കിങ്ങില്‍ ഒന്നാമത്. ഡല്‍ഹി ഹിന്ദു കോളേജ് രണ്ടാമതും ചെന്നൈ പ്രസിഡന്‍സി കോളേജ് മൂന്നാം സ്ഥാനവും നേടി. കേരളത്തില്‍ നിന്ന് 13 കോളേജുകള്‍ ആദ്യ നൂറില്‍ ഇടം നേടി. എറണാകുളം രാജഗിരി കോളേജ് (30), എറണാകുളം സെന്റ് തെരേസാസ് കോളേജ് (41)തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് (45), എറണാകുളം മഹാരാജാസ്(46), ബിഷപ്പ് മൂര്‍ കോളേജ് ആലപ്പുഴ (51), സെന്റ് തോമസ് കോളേജ് തൃശൂര്‍ (53),എസ്.ബി കോളേജ് ചങ്ങനാശേരി (54) കോഴിക്കോട് ദേവഗിരി (59), സേക്രഡ് ഹാര്‍ട്ട് കോളേജ് കൊച്ചി (72), തിരുവനന്തപുരം വിമന്‍സ് കോളേജ് (75) യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ് (77) സി.എം.എസ് കോളേജ് കോട്ടയം (85) കോതമംഗലം മാര്‍ മാര്‍ അത്തനേഷ്യസ് കോളേജ് (87) എന്നി സ്ഥാപനങ്ങളാണ് ആദ്യ നൂറില്‍ ഇടം പിടിച്ചത്.

മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡല്‍ഹി എയിംസ് ആണ് മുന്നില്‍. കേരളത്തില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്് പത്താം റാങ്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 44-ാം റാങ്കും നേടി ആദ്യ അമ്പതില്‍ ഇടം പിടിച്ചു. ഡെന്റല്‍ വിഭാഗത്തില്‍ തിരുവനന്തപുരം ഡെന്റല്‍ കോളേജ് 25-ാം സ്ഥാനത്തുണ്ട്. അഗ്രിക്കള്‍ച്ചര്‍& അലൈഡ് വിഭാഗത്തില്‍ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡല്‍ഹി ഒന്നാമതെത്തി. തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല 15-ാം റാങ്കും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ്& ഓഷ്യന്‍ സ്റ്റ്ഡീസ് 25-ാം റാങ്കും നേടി.

ഗവേഷണ സ്ഥാപനങ്ങളില്‍ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് സയന്‍സ് ഒന്നാമതും ഐ.ഐ.ടി മദ്രാസ് രണ്ടാമതും ഡല്‍ഹി ഐ.ഐ.ടി മൂന്നാമതുമെത്തി. ഈ വിഭാഗത്തില്‍ ആദ്യ നൂറില്‍ കേരളത്തില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടില്ല. ഫാര്‍മസി വിഭാഗത്തിലും, ലോ വിഭാഗത്തിലും കേരളത്തില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടില്ല

മാനേജ്മെന്റിലും ഫാര്‍മസിയിലും ആകെ റാങ്കുകളുടെ എണ്ണം 75-ല്‍ നിന്ന് 100 ആയി ഉയര്‍ത്തി. എന്നിരുന്നാലും, ആര്‍ക്കിടെക്ചര്‍, നിയമം, മെഡിക്കല്‍, ഡെന്റല്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നീ വിഷയങ്ങളില്‍ 30- 50 ന് ഇടയിലാണ് റാങ്ക് ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ എണ്ണം.

Top