ലിസ്റ്റുകളിലെ അഞ്ചിലൊന്ന് നിയമനങ്ങള്‍ നടത്തണം, സമരം നിര്‍ത്തില്ല;ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: തയ്യാറാകുന്ന റാങ്ക് ലിസ്റ്റുകളിലെ അഞ്ചിലൊന്ന് നിയമനങ്ങളെങ്കിലും നടക്കണമെന്ന ആവശ്യവുമായി എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും അവര്‍ അറിയിച്ചു.

മന്ത്രി തലത്തിലോ മുഖ്യമന്ത്രിയുമായോ ചര്‍ച്ചക്കുള്ള അവസരം വേണമെന്നും അത് വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. താത്കാലികക്കാരെ ഇനി സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്, പുതിയ തസ്തിക സൃഷ്ടിക്കാന്‍ ഇതിലൂടെ വഴിയൊരുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

സമരം നിര്‍ത്തില്ലെന്നും, ശക്തമാക്കുമെന്നും സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സും വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം പൊലീസ് ഉദ്യോഗാര്‍ത്ഥികളെ ബാധിക്കുന്നതല്ല. സ്‌പെഷ്യല്‍ റൂള്‍ കൊണ്ട് വന്ന് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണം. അതുവരെ സമരം തുടരുമെന്നും സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് പറഞ്ഞു.

ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് സ്ഥിരപ്പെടുത്തല്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. സ്ഥിരപ്പെടുത്തല്‍ നടപടി സുതാര്യമാണെന്നും, എന്നാല്‍ പ്രതിപക്ഷം തെറ്റിദ്ധാരണ പടര്‍ത്തുകയാണെന്നും വിലയിരുത്തിയാണ് സ്ഥിരപ്പെടുത്തല്‍ തീരുമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനമെടുത്തത്. ഇതുവരെ നടത്തിയ കരാര്‍ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തല്‍ റദ്ദാക്കില്ല.

Top