ന്യൂഡല്‍ഹി: ലോകബാങ്കിന്റെ മാനവ മൂലധന സൂചിക തള്ളി ഇന്ത്യ. നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കും പിന്നില്‍ 115-ാംമതാണ് ഇന്ത്യയുടെ സ്ഥാനം. ലോകബാങ്കിന്റെ ഈ കണക്ക് ശരിയല്ലെന്നാണ് ഇന്ത്യയുടെ വാദം. ശിശുമരണ നിരക്ക്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ലോകബാങ്ക് 157 രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുന്നത്.
ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്ന റാങ്ക് വളരെ പിന്നിലാണെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഇതില്‍ പറഞ്ഞിട്ടുള്ളതെന്നും കേന്ദ്ര ധനകാര്യ വകുപ്പ് വ്യക്തമാക്കി. സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതിയിലൂടെ 197 മില്യണ്‍ കുട്ടികളാണ് രാജ്യത്ത് സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. 500 മില്യണ്‍ പൗരന്മാര്‍ക്കാണ് പദ്ധതിയിലൂടെ ആരോഗ്യ പരിരക്ഷ ലഭിക്കുന്നത്. 150,000 ആരോഗ്യ കേന്ദ്രങ്ങള്‍ മികവുറ്റതാക്കാന്‍ പദ്ധതിയിലൂടെ സാധിച്ചു.
പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയിലൂടെ 38 മില്യണ്‍ സ്ത്രീകള്‍ക്കാണ് പാചകവാതകം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത്. ഇത് വിറക് ഉപയോഗം കുറയ്ക്കുകയും അതുവഴി ഉണ്ടാകുന്ന രോഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ടുകള്‍ ഉള്ള ആളുകളുടെ എണ്ണം 2011ല്‍ 33 ശതമാനമായിരുന്നത് 2017ല്‍ 79 ശതമാനമായി വര്‍ദ്ധിച്ചു. ഉള്‍പ്രദേശങ്ങളിലെ മാത്രം കണക്കാണിത്. ഗ്രാമ-നഗര വ്യത്യാസങ്ങള്‍ സാമ്പത്തിക മേഖലയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആധാര്‍ സുരക്ഷയില്‍ 64 ബില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ രാജ്യത്തിന് സാധിച്ചു. സാമ്പത്തിക സുരക്ഷിതത്വമാണ് ഇതുവഴി തെളിയിക്കപ്പെട്ടതെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് ലോകബാങ്കിന്റെ ഹ്യൂമണ്‍ കാപിറ്റല്‍ ഇന്‍ഡക്‌സ് തള്ളിക്കളയുന്നതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലോകബാങ്കിന്റെ കണക്കു പ്രകാരം ആരോഗ്യ സംവിധാന രംഗത്ത് സിംഗപ്പൂരാണ് മുന്നില്‍. ദക്ഷിണ കൊറിയ, ജപ്പാന്‍, ഫിന്‍ലന്റ് തുടങ്ങിയവയാണ് തൊട്ടുപുറകില്‍.


