‘ഞാനും ദിലീപും കൂടെ ഏതെങ്കിലും ഒരു റെസ്റ്റോറന്റില്‍ കാപ്പി കുടിക്കാന്‍ പോയതല്ല’, ദിലീപിനൊപ്പം വേദി പങ്കിട്ടതിനെക്കുറിച്ച് രഞ്ജിത്ത്

ദിലീപിനൊപ്പം വേദി പങ്കിട്ടതില്‍ എന്താണ് തെറ്റെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. ദിലീപിന്റെ വീട്ടില്‍ പോയി കൂടിക്കാഴ്ച നടത്തിയതല്ല, ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനാണ് പോയതെന്നും രഞ്ജിത്ത് പ്രതികരിച്ചു. സിനിമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സിനിമയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പരിപാടികളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ എന്റെ മേല്‍ നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അക്കാദമി ചെയര്‍മാനാകുന്നതിന് മുന്‍പ് തിയേറ്ററുടമകളുമായി ബന്ധമുള്ള ഒരാളാണ് താനെന്നും അതുകൊണ്ട് തന്നെ സിനിമയിലെ സഹപ്രവര്‍ത്തകരുമായി ഇനിയും മുമ്പോട്ട് പോകേണ്ടി വരും എന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘എനിക്ക് സിനിമയിലെ സഹപ്രവര്‍ത്തകരുമായി ഇനിയും മുമ്പോട്ട് പോകേണ്ടി വരും. അവരെ കാണേണ്ടി വരും. അവരുമായി സംസാരിക്കേണ്ടി വരും. അതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ എനിക്ക് തന്നിട്ടുണ്ട്. ഞാന്‍ ദിലീപിന്റെ വീട്ടില്‍ പോയതല്ല. ഞാനും ദിലീപും കൂടെ ഏതെങ്കിലും ഒരു റെസ്റ്റോറന്റില്‍ കാപ്പി കുടിക്കാന്‍ പോയതല്ല. ഇനി ആണെങ്കില്‍ തന്നെ എന്നെ കഴുവേറ്റണ്ട കാര്യമില്ല. എനിക്ക് വര്‍ഷങ്ങളായി പരിചയമുള്ള ആളാണ് ദിലീപ്. തിയേറ്റര്‍ ഉടമകുളുടെ സംഘടനയാണ് എന്നെ ഇവിടെ ക്ഷണിച്ചത്. ഞാന്‍ കഴിഞ്ഞ ഇന്നാണ് അക്കാദമി ചെയര്‍മാനായത്, അതിനുമുന്‍പ് തിയേറ്ററുടമകളുമായി ബന്ധമുള്ള ഒരാളാണ് ഞാന്‍’ രഞ്ജിത്ത് പറഞ്ഞു.

സംഘടനയുടെ സെക്രട്ടറി സുമേഷ് ആണ് എന്നെ ചടങ്ങിലേക്ക് വിളിച്ചത്. എന്നെയും മധുബാലിനെയും അവരുടെ ജനറല്‍ ബോഡി യോഗത്തില്‍ വച്ച് ആദരിക്കണമെന്ന് പറഞ്ഞു. അത് എനിക്ക് നിഷേധിക്കേണ്ട കാര്യമില്ല. അങ്ങനെ ഭയന്നോടാനും കഴിയില്ല. സംഘടനയുടെ ചെയര്‍മാന്‍ ദിലീപാണ്. അയാളും ഞാനും തമ്മില്‍ സ്വകാര്യമായി ഒന്നുമില്ല. ചടങ്ങില്‍ സംസാരിച്ചത് മുഴുവന്‍ ഈ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായ കൊവിഡ് പ്രതിസന്ധിയില്‍ തിയേറ്റര്‍ ഉടമകള്‍ അനുഭവിച്ച പ്രശ്‌നങ്ങളെ കുറിച്ചാണ്. ഒരു അക്കാദമി ചെയര്‍മാന് ഒരു അധികാരവുമില്ല തീരുമാനങ്ങള്‍ എടുക്കാന്‍. പക്ഷെ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ മുന്‍പില്‍ ഈ പ്രശനം അവതരിപ്പിക്കാം എന്ന് തീരുമാനിച്ചു. ഇത് മുന്‍കൂട്ടി തീരുമാനിച്ചതൊന്നുമല്ല. കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളുടെയും ഉടമയല്ല ദിലീപ്. അതുകൊണ്ട് തന്നെ ഇതില്‍ പ്രത്യേകിച്ചൊന്നും എനിക്ക് തോന്നിയില്ല.

ഇന്ന് കൊച്ചിയില്‍ വച്ച് നടന്ന ഫിയോക്കിന്റെ ജനറല്‍ ബോഡി മീറ്റിംഗിലായിരുന്നു ദിലീപും രഞ്ജിത്തും ഒരു വേദി പങ്കിട്ടത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനാകാന്‍ യോഗ്യതയും സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് ചടങ്ങില്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ആലുവ സബ്ജയിലില്‍ സന്ദര്‍ശിച്ചത് യാദൃശ്ചികമാണെന്ന് നേരത്തെ രജ്ഞിത്ത് വിശദീകരിച്ചിരുന്നു. ദിലീപിന് വേണ്ടി ഒരിടത്തും പോയി വക്കാലത്ത് പറഞ്ഞിട്ടില്ല. സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടത് മുന്‍കൂട്ടി പദ്ധതിയിട്ടതല്ലെന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം. പ്രതികരണത്തിന് ശേഷം ദിലീപും രഞ്ജിത്തും വേദി പങ്കിടുന്നത് ഇതാദ്യമാണ്.

Top