‘രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസം’; മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് സര്‍ക്കാര്‍ പിന്തുണ. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്നും ഇടപെട്ടുവെന്നുമുള്ള സംവിധായകന്‍ വിനയന്റെ ആരോപണം തളളി മന്ത്രി സജി ചെറിയാന്‍. അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് റോള്‍ ഉണ്ടായിരുന്നില്ലെന്നും ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസമാണ്. അദ്ദേഹം ചെയര്‍മാനായ ചലച്ചിത്ര അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നത്. അക്കാദമി സംസ്‌കാരിക വകുപ്പിന് അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അങ്ങനെയുള്ള ആളെ അഭിനന്ദിക്കുകയാണ് വേണ്ടത്.

ചലച്ചിത്ര അവാര്‍ഡില്‍ പുനഃപരിശോധനയില്ലെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ഇന്ത്യയിലെ തന്നെ പ്രമുഖരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെടാനാകില്ല. അവാര്‍ഡ് നിര്‍ണയ സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്. അവാര്‍ഡുകള്‍ നല്‍കിയത് അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെയാണെന്നും അവാര്‍ഡ് കിട്ടാതെ പോയവരാരും മോശമാണെന്ന് പറയുന്നില്ലെന്നും സജി ചെറിയാന്‍ പ്രതികരിച്ചു. അന്വേഷണത്തിന്റെ ആവശ്യമില്ല. തെളിവുണ്ടെങ്കില്‍ ഹാജരാക്കിയാല്‍ നോക്കാം. പരാതിയുണ്ടെങ്കില്‍ അവര്‍ നിയമപരമായി പോകട്ടെയെന്നും മന്ത്രി പറഞ്ഞു.

Top