രഞ്ജി ട്രോഫി ; കര്‍ണാടകയെ പരാജയപ്പെടുത്തി വിദര്‍ഭ, ഫൈനലില്‍ ഡല്‍ഹിയോട് ഏറ്റുമുട്ടും

Renjitrophy

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയും ഡല്‍ഹിയും തമ്മില്‍ ഏറ്റുമുട്ടും.

കൊല്‍ക്കത്തയില്‍ ആവേശകരമായി നടന്ന സെമിഫൈനല്‍ മത്സരത്തില്‍ കര്‍ണാടകയെ പരാജയപ്പെടുത്തി വിദര്‍ഭ വിജയം കരസ്ഥമാക്കി.

198 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ കര്‍ണാടകയെ 192 റണ്‍സിന് വിദര്‍ഭ പുറത്താക്കുകയായിരുന്നു.

23.1 ഓവറില്‍ 68 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ ആര്‍.എന്‍ ഗുര്‍ബാനിയാണ് കര്‍ണാടകയുടെ പരാജയം ഉറപ്പിച്ചത്.

36 റണ്‍സെടുത്ത വിനയ് കുമാറാണ് ടോപ്പ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ 116 റണ്‍സ് ലീഡ് നേടിയ ശേഷമാണ് കര്‍ണ്ണാടക പരാജയപ്പെട്ടത്.

ആദ്യ ഇന്നിങ്‌സില്‍ വിദര്‍ഭയെ 185 റണ്‍സിന് പുറത്താക്കി കര്‍ണാടക 301 റണ്‍സെടുത്തിരുന്നു.

സെഞ്ചുറി നേടിയ കരുണ്‍ നായരും 73 റണ്‍ടിച്ച സി.എം ഗൗതമുമാണ് കര്‍ണാടകയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്.

81 റണ്‍സടിച്ച ഗണേശ് സതീഷിന്റെയും 49 റണ്‍സ് നേടിയ വാംഖഡെയുടെയും മികവില്‍ 313 റണ്‍സെടുത്ത് വിദര്‍ഭ കര്‍ണ്ണാടകയുടെ മുന്‍മ്പില്‍ 198 റണ്‍സിന്റെ വിജയലക്ഷ്യമാണ് വെച്ചത്.

ബംഗാളിനെതിരെ ആധികാരിക വിജയം നേടിയാണ് ഡല്‍ഹി ഫൈനല്‍ ടിക്കറ്റെടുത്തത്. ഇന്നിങ്‌സിനും 26 റണ്‍സിനുമായിരുന്നു ഡല്‍ഹിയുടെ വിജയം.

ആദ്യ ഇന്നിങ്‌സില്‍ ബംഗാള്‍ 286 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 398 റണ്‍സ് നേടി.

ആദ്യ ഇന്നിങ്‌സില്‍ ഓപ്പണര്‍മാരായ കുണാല്‍ ചന്ദേലയും ഗൗതം ഗംഭീറും ഡല്‍ഹിക്കായി സെഞ്ചുറി നേടിയപ്പോള്‍ ബംഗാളിനായി കളിച്ച മുഹമ്മദ് ഷമി ആറു വിക്കറ്റ് വീഴ്ത്തി.

Top