Ranji Trophy: Kerala notch up first win of the season

കട്ടക്ക് : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഈ സീസണില്‍ ആദ്യജയം. ത്രിപുരയ്‌ക്കെതിരേ കേരളം ഏഴു വിക്കറ്റിന്റെ വിജയമാണ് നേടിയത്. ത്രിപുര മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന് ഒരു റണ്‍സിന് സെഞ്ച്വറി നഷ്ടമായത് ്മല്‍സരത്തില്‍ കേരളത്തിന് നിരാശയായി.

ഇന്നലെ കളിനിര്‍ത്തുമ്പോള്‍ കേരളം വിക്കറ്റ് നഷ്ടമില്ലാതെ 117 റണ്‍സ് എടുത്തിരുന്നു. അവസാനദിനമായ ഇന്ന് ജയിക്കാന്‍ പത്ത് വിക്കറ്റ് കയ്യിലിരിക്കേ 66 റണ്‍സ് കൂടി മതി എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് സ്‌കോര്‍ 151 ലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 99 റണ്‍സെടുത്ത അസ്ഹറുദ്ദീന്റെ വിക്കറ്റാണ് നഷ്ടമായത്. ഗുരീന്ദര്‍ സിംഗിന്റെ പന്തില്‍ ബിഷാല്‍ ഘോഷ് പിടിച്ചാണ് അസ്ഹറുദ്ദീന്‍ പുറത്തായത്.

മൂന്നു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മറ്റൊരു ഓപ്പണറായ ഭവിന്‍ തക്കറുടെ വിക്കറ്റും നഷ്ടമായി. 47 റണ്‍സെടുത്ത തക്കറെയും ഗുരീന്ദറാണ് പുറത്താക്കിയത്. സ്‌കോര്‍ 163 ല്‍ നില്‍ക്കെ കേരളത്തിന് മൂന്നാമത്തെ വിക്കറ്റും നഷ്ടമായി. അഞ്ച് റണ്‍സെടുത്ത ജലജ് സക്‌സേനയുടെ വിക്കറ്റ് ഗുരീന്ദര്‍ തെറിപ്പിക്കുകയായിരുന്നു.

എന്നാല്‍ തുടര്‍ന്നിറങ്ങിയ സല്‍മാന്‍ നസീറും സച്ചിന്‍ബേബിയും കൂടി കൂടുതല്‍ നഷ്ടമില്ലാതെ കേരളത്തെ വിജയത്തിലെത്തിച്ചു. സല്‍മാന്‍ 15 ഉം, സച്ചിന്‍ബേബി ഒമ്പതും റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ, വിക്കറ്റ് നഷ്ടപ്പെടാതെ 17 റണ്‍സുമായി ഇന്നലെ രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ത്രിപുര 162 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. നാലു വിക്കറ്റ് നേടിയ അക്ഷയ് ചന്ദ്രന്റെയും മൂന്നു വിക്കറ്റ് സ്വന്തമാക്കിയ ഇക്ബാല്‍ അബ്ദുള്ളയുടെയും തകര്‍പ്പന്‍ ബൗളിംഗാണ് ത്രിപുരയെ തകര്‍ത്തത്. 54 റണ്‍സ് നേടിയ എസ്.കെ. പട്ടേലാണ് ത്രിപുരയുടെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സില്‍ ത്രിപുര 20 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

ജയത്തോടെ കേരളത്തിന് ആറു പോയിന്റ് ലഭിച്ചു. ഗ്രൂപ്പ് സിയില്‍ പോയിന്റ് പട്ടികയില്‍ 22 പോയിന്റോടെ കേരളം നാലാംസ്ഥാനത്തേക്ക് ഉയര്‍ന്നു. എട്ടുമല്‍സരങ്ങളില്‍ ഒരു വിജയവും ഒരു തോല്‍വിയും ആറ് സമനിലയുമടക്കമാണ് കേരളം 22 പോയിന്റ് നേടിയത്. 25 പോയിന്റ് നേടിയ ആന്ധ്രപ്രദേശാണ് പട്ടികയില്‍ ഒന്നാമത്. 23 പോയിന്റോടെ ഹൈദരാബാദും, 22 പോയിന്റോടെ ഹരിയാനയുമാണ് കേരളത്തിന് മുന്നിലുള്ളത്.

ഡിസംബര്‍ ഏഴിന് സര്‍വീസസിനെതിരെയാണ് കേരളത്തിന്റെ ശേഷിക്കുന്ന മല്‍സരം. പോയിന്റ് നിലയില്‍ ഏറ്റവും താഴെ നില്‍ക്കുന്ന സര്‍വീസസിനെതിരെ മികച്ച വിജയം നേടിയാല്‍ കേരളത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശന സാധ്യതയുണ്ട്

Top