ചരിത്ര ജയം; രഞ്ജി ട്രോഫിയില്‍ ബംഗാളിനെ അട്ടിമറിച്ച് കേരളം

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. 5/1 എന്ന നിലയില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ബംഗാള്‍ 184 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ വിജയലക്ഷ്യമായ 41 റണ്‍സ് കേരളം ജലജ് സക്‌സേനയുടെ വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. സ്‌കോര്‍ ബംഗാള്‍ 147, 184, കേരളം 291, 44/1.

ജലജ് സക്‌സേന തന്റെ മികച്ച ഫോം തുടര്‍ന്നപ്പോള്‍ ബംഗാളിന്റെ ചെറു സ്‌കോര്‍ മറികടക്കുവാന്‍ കേരളത്തിനു 11 ഓവറുകള്‍ മാത്രമേ വേണ്ടി വന്നുള്ളു. ജലജ് സക്‌സേന 26 റണ്‍സ് നേടി പുറത്തായി. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. അരുണ്‍ കാര്‍ത്തിക്ക് 16 റണ്‍സും രോഹന്‍ പ്രേം 2 റണ്‍സുമായി വിജയസമയത്ത് ക്രീസിലുണ്ടായിരുന്നു.

33 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യരും 59 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് ബംഗാളിന്റെ രണ്ടാം ഇന്നിംഗ്‌സ് 184 റണ്‍സില്‍ അവസാനിപ്പിച്ചത്. 26 റണ്‍സില്‍ രണ്ടാം വിക്കറ്റ് നഷ്ടമായ ബംഗാളിനെ ക്യാപ്റ്റന്‍ മനോജ് തിവാരിയും സുദീപ് ചാറ്റര്‍ജിയും ചേര്‍ന്ന് സുരക്ഷിത സ്‌കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചുവെങ്കിലും മനോജ് തിവാരിയെ(62) വീഴ്ത്തി സന്ദീപ് വാര്യര്‍ കേരളം കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചത്.

Top