രഞ്ജി ട്രോഫി ക്രിക്കറ്റ്;സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കോർഡ് തകർത്ത് മുഷീര്‍ ഖാന്‍

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈയുടെ ബാറ്ററായി മുഷീര്‍ ഖാന്‍. 29 വര്‍ഷം മുന്‍പ് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കോഡാണ് മുഷീര്‍ ഖാന്‍ മറികടന്നത്. തന്റെ റെക്കോഡ് ഭേദിച്ച മത്സരം കാണാന്‍ സച്ചിന്‍ ഗ്യാലറിയിലുണ്ടായെന്നതും പ്രത്യേകമായി.

326 പന്തുകളില്‍നിന്ന് 136 റണ്‍സാണ് മുഷീര്‍ നേടിയത്. പത്ത് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണിത്. മുഷീറിന്റെ സെഞ്ചുറി ബലത്തിലാണ് രണ്ടാം ഇന്നിങ്‌സില്‍ മുംബൈക്ക് കരുത്തുറ്റ സ്‌കോര്‍ കണ്ടെത്താനായതും അഞ്ഞൂറിലധികം റണ്‍സിന്റെ വിജയലക്ഷ്യം വിദര്‍ഭയ്ക്കുമുന്നില്‍ വയ്ക്കാനായതും. ഈയടുത്ത് കഴിഞ്ഞ ഐ.സി.സി. അണ്ടര്‍-19 ലോകകപ്പിലെ ഇന്ത്യന്‍ താരമായിരുന്നു മുഷീര്‍. ഇന്ത്യയെ ഫൈനല്‍ വരെ വഴി നടത്തിയതില്‍ മുഷീറിന് നിര്‍ണായക പങ്കുണ്ടായിരുന്നു.

ഇംഗ്ലണ്ടിനെതിരേ ഈയടുത്ത് അരങ്ങേറ്റം കുറിച്ച സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരന്‍ കൂടിയായ മുഷീര്‍ ഖാന്‍, 19 വയസ്സും പതിന്നാല് ദിവസവും പിന്നിടുമ്പോഴാണ് രഞ്ജി ഫൈനലില്‍ സെഞ്ചുറി കണ്ടെത്തിയത്. 29 വര്‍ഷം മുന്‍പ് 22-ാം വയസ്സില്‍ സച്ചിന്‍ സ്ഥാപിച്ച റെക്കോഡ് ഇതോടെ പഴങ്കഥയായി. അന്ന് രണ്ട് ഇന്നിങ്‌സുകളിലും സച്ചിന്‍ സെഞ്ചുറി കുറിച്ചിരുന്നു. 1994-95 രഞ്ജി ട്രോഫി സീസണിലായിരുന്നു ഇത്.

Top