‘മുൻ ചിത്രങ്ങൾക്ക് രണ്ടാംഭാഗം ചിന്തിച്ചിട്ടില്ല, അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം’; രഞ്ജൻ പ്രമോദ്

ചേക്കിലെ കള്ളൻ മീശമാധവൻ, മുള്ളൻകൊല്ലിയിലെ വേലായുധൻ, അച്ചുവും അമ്മയും, കുമ്പളം ബ്രദേഴ്സിലെ രക്ഷാധികാരി ബൈജു അങ്ങനെ രഞ്ജൻ പ്രമോദ് മലയാളത്തിന് സമ്മാനിച്ചതെല്ലാം എന്നെന്നും കാത്തുസൂക്ഷിക്കാൻ പറ്റുന്ന ഹിറ്റ് സിനിമകളും കഥാപാത്രങ്ങളുമാണ്. ബോക്സോഫീസീൽ അദ്‌ഭുത വിജയവും ഒട്ടേറെ പുരസ്കാരങ്ങളും നേടിയ രക്ഷാധികാരി ബൈജു ഒപ്പ് എന്ന രഞ്ജൻ പ്രമോദിന്റെ അവസാന ചിത്രം വന്നിട്ട് ആറുവർഷം കഴിഞ്ഞു. ഇടവേളയ്ക്കുശേഷം രഞ്ജൻ പ്രമോദ് വീണ്ടുമെത്തുകയാണ്, ‘ഒ. ബേബി’ യുമായി. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയ്യറ്ററുകളിൽ ലഭിക്കുന്നത്.

ഒന്നിന് പിറകെ ഒന്നായി പെട്ടെന്ന് സിനിമ നടത്തിയെടുക്കാനുള്ള മിടുക്കില്ലാത്തതുകൊണ്ടായിരിക്കാം ഇത്രും നീണ്ട ഇടവേളയെന്ന് രഞ്ജൻ പ്രമോദ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം. തന്റെ മടിയും പേടിയും എല്ലാം കാരണം ആവുന്നുണ്ടാവാം. മാർക്കറ്റിൽ തന്നെ വേണ്ടവിധം അടയാളപ്പെടുത്താൻ അറിയാത്തതോ അല്ലെങ്കിൽ എന്റെ പരിശ്രമത്തിന്റെ കുറവോ എന്തും ആകാം. എല്ലാം ഒത്തുവരുമ്പോഴാണല്ലോ ഒരുസിനിമ സംഭവിക്കുന്നത്. ചെയ്ത ഓരോസിനിമയും എന്റെ ഓരോതരം ശ്രമങ്ങളായിരുന്നു. അതിൽ മീശമാധവൻ, നരൻ, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, രക്ഷാധികാരി ബൈജു തുടങ്ങി ചിലത് ട്രെൻഡ് സെറ്ററുകളായി.

നരനും മീശമാധവനും അടക്കം ഒന്നിനും രണ്ടാംഭാഗം ചിന്തിച്ചിട്ടില്ല. സീക്വൽ ഉണ്ടാക്കണമെങ്കിൽ ആദ്യപടം ചെയ്യുമ്പോൾതന്നെ ഒരുങ്ങണം. അന്ന് ആ സിനിമകൾ ചെയ്യുമ്പോൾ തുടർച്ചയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കാരണം, അന്ന് സീക്വലുകൾ വിരളമായിരുന്നു. സീക്വലുകൾ ചെയ്യുന്നത് പുതിയകാലത്തെ ട്രെൻഡാണ്. അടുത്ത സിനിമ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി മമ്മൂട്ടി കമ്പനിക്ക് വേണ്ടിയാണ് ചെയ്യുന്നത്. ബോക്സോഫീസിനെ ലക്ഷ്യമാക്കിത്തന്നെയാണ് ഞാൻ ഓരോ സിനിമയും ചെയ്യുന്നത്. ഓരോ പരീക്ഷണവും ബോക്സോഫീസിൽ വിജയം കാണുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top