ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് അഭിനന്ദനവുമായി റാണി മുഖര്‍ജി

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സമ്പ്രദായങ്ങളുടെയും ചങ്ങലയില്‍ കെട്ടി ഒരു പെണ്‍കുട്ടിയെ അവളുടെ പിറവി മുതല്‍ തളച്ചിടുകയാണ്, മഹത്തായ ഭാരതീയ അടുക്കളയിലേക്ക്. വിവാഹം കഴിഞ്ഞാല്‍ പിന്നെ അവിടത്തെ ചുവരുകള്‍ക്കുള്ളില്‍ വീട്ടമ്മയുടെ പട്ടം ചാര്‍ത്തി അവളെ കുടിയിരുത്തുന്ന ആണധികാരം. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ഇതിനെല്ലാമൊരു പ്രഹരമായിരുന്നു.

സിനിമ കൈകാര്യം ചെയ്ത വിഷയം അത്രയേറെ പ്രാധാന്യമുള്ളതിനാല്‍ തന്നെ നീ പ്രൈമിന് ശേഷം ആമസോണ്‍ പ്രൈമിലൂടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റി റിലീസും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച മുതലായിരുന്നു ചിത്രം ആമസോണില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഭാഷകള്‍ കടന്നും പ്രേക്ഷകരിലേക്ക് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ വ്യാപിക്കാന്‍ സഹായിക്കും.

ഇപ്പോഴിതാ, സിനിമയുടെ റി റിലീസ് കണ്ട് സംവിധായകന് പ്രശംസയുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല, ബോളിവുഡിന്റെ പ്രിയതാരം റാണി മുഖര്‍ജിയാണ്. നടന്‍ പൃഥ്വിരാജിന് അയച്ച വാട്സാപ്പ് സന്ദേശത്തിലൂടെയാണ് നടി തന്റെ അഭിനന്ദനം സംവിധായകനെ അറിയിച്ചത്.

ഈയടുത്തിടെ ഞാന്‍ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെന്നും ഇത് സംവിധായകനെ അറിയിക്കണമെന്നും റാണി മുഖര്‍ജി പൃഥ്വിരാജിനോട് പറഞ്ഞു.’പൃഥ്വി, ഇത് ഞാനാണ്… ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രം ഞാന്‍ കണ്ടു… ഇത് ബ്രില്ല്യന്റ് ചിത്രമാണ്. എനിക്ക് ഈ സിനിമ ഇഷ്ടമായെന്നും അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മഹത്തായ ചിത്രമായി തോന്നിയെന്നും സംവിധായകനോട് പറയണം,’ എന്ന് റാണി മുഖര്‍ജി കുറിച്ചു.

‘ആമസോണ്‍ എഫക്റ്റ്’ എന്നെഴുതി ജിയോ ബേബിയാണ് പൃഥ്വിരാജ് അയച്ച സന്ദേശം ഫേസ്ബുക്കില്‍ പങ്കുവച്ചത്. പൃഥ്വിരാജും റാണി മുഖര്‍ജിയും നല്ല സുഹൃത്തുക്കളാണ്. പൃഥ്വിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ‘അയ്യ’യില്‍ റാണിയായിരുന്നു നായിക. 2012ലാണ് സിനിമ റിലീസ് ചെയ്തത്. അതേ സമയം, ജനുവരി 15ന് ഒടിടി റിലീസായെത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ആയിരുന്നു മുഖ്യതാരങ്ങള്‍. സിനിമ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്കിനൊരുങ്ങുകയാണ്.

 

Top