റാങ്ക്‌ളര്‍ ആഗസ്റ്റ് ഒമ്പതിന് ഇന്ത്യന്‍ വിപണിയിലേക്ക്; വില 60 ലക്ഷം

ജീപ്പിന്റെ നാലാം തലമുറ റാങ്ക്‌ളര്‍ ആഗസ്റ്റ് ഒമ്പതിന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡീസല്‍ എന്‍ജിനു പകരം പെട്രോള്‍ എന്‍ജിനില്‍ മാത്രമാവും പുതിയ റാങ്കളര്‍ എത്തുക. 60 ലക്ഷം രൂപ എക്‌സ് ഷോറൂം വില വാഹനത്തിന് പ്രതീക്ഷിക്കാം.

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് 2017ല്‍ ലോസ് ആഞ്ചലസ് ഓട്ടോ ഷോയിലാണ് നാലാംതലമുറ റാങ്ക്‌ളറിനെ ആദ്യമായി അവതരിപ്പിച്ചിരുന്നത്. നിലവില്‍ റാങ്ക്‌ളര്‍ അണ്‍ലിമിറ്റഡ് മോഡലാണ് ജീപ്പ് ഇന്ത്യ നിരയിലുള്ളത്. അമേരിക്കയില്‍ റാങ്ക്‌ളറിലെ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 270 ബി.എച്ച്.പി പവറും 400 എന്‍. എം ടോര്‍ക്കുമാണ് നല്‍കുക. ത്രീ ഡോര്‍, 5 ഡോര്‍ പതിപ്പുകളിലായി സ്‌പോര്‍ട്ട്, സഹാറ, റുബികോണ്‍ (മോബ്) എന്നീ മൂന്ന് വേരിയന്റുകളാണ് പുതിയ റാങ്ക്‌ളറിനുള്ളത്.

അതേസമയം മൂന്ന് വേരിയന്റുകളില്‍ ഏത് മോഡലാണ് ഇന്ത്യയിലെത്തുകയെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. മൂന്നും ഒന്നിച്ച് ഇന്ത്യയിലെത്താന്‍ സാധ്യത കുറവാണ്. നിരവധി മാറ്റങ്ങളുണ്ടെങ്കിലും റാങ്ക്‌ളറിന്റെ തനത് ബോക്‌സി രൂപത്തില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പുതുതലമുറയ്ക്കില്ല.

പുതിയ റാങ്ക്‌ളര്‍ ഇതിനോടകം ഇന്ത്യന്‍ നിരത്തില്‍ നടത്തിയ പരീക്ഷണ ഓട്ടങ്ങള്‍ പ്രകാരം സഹാറ, റുബികോണ്‍ എന്നീ വേരിയന്റുകള്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് പുറമേ 3.6 ലിറ്റര്‍ വി6 പെട്രോള്‍, 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍, 3.0 ലിറ്റര്‍ വി- 6 ഡീസല്‍ എന്നീ എന്‍ജിനുകളില്‍ റാങ്ക്‌ളര്‍ വിദേശ വിപണികളില്‍ വില്‍പനയ്ക്കുണ്ട്. 3.6 ലിറ്റര്‍ വി- 6 പെട്രോള്‍, 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനിലാണ് നിലവില്‍ റാങ്ക്‌ളര്‍ അണ്‍ലിമിറ്റഡ് ഇന്ത്യയിലുള്ളത്.

Top