പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് എസ്യുവികള്‍ ഇന്ത്യന്‍ വിപണിയില്‍

റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് എസ്യുവികള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. പ്രാരംഭ റേഞ്ച് റോവര്‍ സ്പോര്‍ട് വകഭേദങ്ങളുടെ വില 99.48 ലക്ഷം മുതലാണ്. പുതിയ റേഞ്ച് റോവര്‍ എസ്യുവി 1.74 കോടി രൂപ മുതലാണ് ഇന്ത്യയിലെ വില വരുന്നത്. വിലകള്‍ ദില്ലി എക്സ്ഷോറൂം അടിസ്ഥാനപ്പെടുത്തി. ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഏപ്രില്‍ മാസം മുതല്‍ ഇരു മോഡലുകളുടെയും പ്രീ-ബുക്കിംഗ് ലാന്‍ഡ് റോവര്‍ തുടങ്ങിയിരുന്നു.

ലാന്‍ഡ് റോവര്‍ ഡിസൈന്‍ തലവന്‍ ജെറി മക്ഗവേണിന്റെ ഏറ്റവും പുതിയ രൂപകല്‍പനയാണ് ലാന്‍ഡ് റോവര്‍ മോഡലുകള്‍ പിന്തുടരുന്നത്. ഓഫ്റോഡ് ശേഷിയാണ് ഇരു എസ്യുവികളുടെയും പ്രധാന വിശേഷം. വൈദ്യുത എയര്‍ സസ്പെന്‍ഷന്‍, ടെറെയ്ന്‍ റെസ്പോണ്‍സ് 2, ഇരട്ട സ്പീഡ് ട്രാന്‍സ്ഫര്‍ ബോക്സ്, അഡാപ്റ്റീവ് ഡയനാമിക്സ് പോലുള്ള സജ്ജീകരണങ്ങള്‍ ഏതു പ്രതലവും താണ്ടാന്‍ റേഞ്ച് റോവര്‍ മോഡലുകളെ പിന്തുണയ്ക്കും.

നാലു എഞ്ചിന്‍ പതിപ്പുകള്‍ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് മോഡലുകളില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ജഡ് V6 പെട്രോള്‍, 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ജ്ഡ് V8 പെട്രോള്‍, 3.0 ലിറ്റര്‍ V6 ഡീസല്‍, 4.4 ലിറ്റര്‍ V8 ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് എസ്യുവികളുടെ ഒരുക്കം. 335 bhp കരുത്തും 450 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ V6 പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. V6 ഡീസല്‍ 190 bhp കരുത്തും 255 Nm torque ഉം ഉത്പാദിപ്പിക്കും.

V8 ഡീസല്‍ 250 bhp കരുത്തും 740 Nm torque ഉം പരമാവധിയേകുമ്പോള്‍ V8 പെട്രോള്‍ എഞ്ചിന് 518 bhp കരുത്തും 625 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. വിപണിയില്‍ വോള്‍വോ XC90, ഔഡി Q7, ബിഎംഡബ്ല്യു X5, മെര്‍സിഡീസ് ബെന്‍സ് GLS മോഡലുകളോടാണ് റേഞ്ച് റോവര്‍ സ്പോര്‍ടിന്റെ മത്സരം.

Top