സംസ്ഥാനത്ത് വീണ്ടും റാന്‍ഡം പരിശോധന; ഒറ്റ ദിവസം 3000 പേരുടെ സാമ്പിള്‍ പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക വ്യാപനമുണ്ടായോ എന്നറിയാന്‍ റാന്‍ഡം സാമ്പിള്‍ പരിശോധന നടത്താനൊരുങ്ങി സര്‍ക്കാര്‍. ഒറ്റ ദിവസം 3000 പേരുടെ സാമ്പിളുകളായിരിക്കും പരിശോധനക്കായി എടുക്കുക. ചൊവ്വാഴ്ച മുതല്‍ ഹോട്ട്‌സ്‌പോട്ടുകളിലെ ഉള്‍പ്പെടെ പൊതുജനങ്ങളില്‍നിന്ന് സാമ്പിള്‍ ശേഖരിക്കും.

രണ്ടാം തവണയാണ് സംസ്ഥാനത്ത് റാന്‍ഡം സാമ്പിള്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. ഞായറാഴ്ച മാത്രം 53 പേര്‍ക്കും മേയ് 23 ന് 62 പേര്‍ക്കും 22ന് 42 പേര്‍ക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ നിരവധി പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് റാന്‍ഡം പരിശോധന നടത്തുന്നത്.

രോഗ ലക്ഷണമില്ലാത്തവര്‍, സമ്പര്‍ക്ക പട്ടികയില്‍ ഇല്ലാത്തവര്‍, വിദേശയാത്ര ചരിത്രമില്ലാത്തവര്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ നിന്നെല്ലാമായിരിക്കും പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കുക. ഇവ പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കി രോഗനിര്‍ണയം നടത്തും. നേരത്തേ, കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ റാന്‍ഡം സാമ്പിള്‍ പരിശോധന നടത്തിയിരുന്നു. ഏപ്രില്‍ 26 നായിരുന്നു ആദ്യ റാന്‍ഡം സാമ്പിള്‍ പരിശോധന.

Top