രണ്ടാമൂഴം കേസ്; കോടതി നടപടികള്‍ അവസാനിച്ചു

കോഴിക്കോട്: രണ്ടു വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവില്‍ രണ്ടാമൂഴം കേസ് തീര്‍ന്നു. കോടതി നടപടികള്‍ വെള്ളിയാഴ്ച അവസാനിച്ചു. എം.ടി. വാസുദേവന്‍ നായര്‍ക്ക് അനുകൂലമായി മൂന്നു വിധികളാണ് അഡിഷണല്‍ മുന്‍സിഫ് കോടതി പുറപ്പെടുവിച്ചത്. കരാര്‍ പ്രകാരം സിനിമയെടുക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ സംവിധായകന് തിരക്കഥയിലുള്ള അധികാരം നഷ്ടപ്പെട്ടതായുള്ള ഡിക്ലറേഷനാണ് ആദ്യത്തേത്.

സമയം കഴിഞ്ഞതിനാല്‍ തിരക്കഥ ഉപയോഗിക്കാന്‍ അര്‍ഹതയില്ല എന്ന ‘പ്രോഹിബിറ്ററി ഇന്‍ജങ്ഷനാണ്’ രണ്ടാമത്തേത്. തിരക്കഥയുടെ പകര്‍പ്പോ കഥാതന്തുവോ സംവിധായകന്റെ കൈയിലുണ്ടെങ്കിലും അത് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് ഈ വിധി. അഡ്വാന്‍സ് തുക തിരികെ നല്‍കുമ്പോള്‍ തിരക്കഥയും അതിന്റെ ഇലക്ട്രോണിക് രൂപവും എംടിക്ക് തിരികെ നല്‍കണമെന്നതാണ് മൂന്നാമത്തെ വിധിയായ ‘മാന്‍ഡേറ്ററി ഇന്‍ജങ്ഷന്‍’ എന്ന് എംടിയുടെ അഭിഭാഷകന്‍ കെ.ബി.ശിവരാമകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച അഡ്വാന്‍സ് തുകയായ 1.25 കോടി തിരികെ നല്‍കുകയും തിരക്കഥ എംടിക്ക് തിരികെ ലഭിക്കുകയും ചെയ്തിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും സിനിമയുടെ പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് 2018 ഒക്ടോബറിലാണ് എം.ടി.വാസുദേവന്‍ നായര്‍ കേസ് കൊടുത്തത്.

Top