അനിമലില്‍ റണ്‍ബീറിന്റെ അഭിനയം കഥാപത്രത്തെ മുഴുവനായും ഉള്‍കൊള്ളുന്നു; പ്രശംസിച്ച് കരണ്‍ ജോഹര്‍

ന്ദീപ് റെഡ്ഡി വംഗ- റണ്‍ബീര്‍ കപ്പൂര്‍ ചിത്രം അനിമലിനെ പ്രശംസിച്ച് കരണ്‍ ജോഹര്‍. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ചിത്രത്തിലെ, രണ്‍ബീര്‍ കപൂറിന്റെ അഭിനയത്തെയാണ് അദ്ദേഹം അഭിനന്ദിച്ചിരിക്കുന്നത്. സിനിമയില്‍ രണ്‍ബീറിന്റെ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്ന രീതി വളരെ വ്യത്യസ്തമാണെന്നും അദ്ദേഹത്തിന്റെ അഭിനയം കഥാപത്രത്തെ മുഴുവനായും ഉള്‍കൊണ്ടുള്ളതാണെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയും ചിത്രീകരണ രീതിയും വ്യത്യസ്തമെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

ചിത്രത്തിലെ എല്ലാ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും അദ്ദേഹം എടുത്തു പറഞ്ഞ് അഭിനന്ദിച്ചിട്ടുണ്ട്. സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായത്തോട് പലര്‍ക്കും എതിര്‍പ്പുണ്ടെന്നും എന്നാല്‍ ഇത് വ്യക്തിപരമായി ഒരാളുടെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു മുന്നേയും കരണ്‍ ജോഹര്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അന്ന് നിരവധി പേരുടെ വിമര്‍ശനത്തിന് ഇദ്ദേഹം പാത്രമായിരുന്നു. 2023 ലെ ഏറ്റവും മികച്ച ചിത്രം അനിമല്‍ ആണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തിയ അനിമല്‍, 2023ലെ മികച്ച ഹിറ്റുകളില്‍ ഒന്നായിരുന്നു. രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു അനിമല്‍. 900 കോടിയിലധികം രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്. ‘അര്‍ജുന്‍ റെഡ്ഡി’, ‘കബീര്‍ സിങ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പ്രതിനായകനായി ബോബി ഡിയോളും ചിത്രത്തിലുണ്ട്. നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം ജനുവരി 26ന് സ്ട്രീം ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി സിനിമാപ്രേമികള്‍ ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. അമിത് റോയ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി തന്നെയാണ്. ഒന്‍പത് സംഗീതസംവിധായകര്‍ ചേര്‍ന്നാണ് ‘അനിമലി’ലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

Top