യാഷ് രാജ് ഫിലിംസിന്റെ അടുത്ത ചിത്രം ഷംഷേര ; നായകനായി രണ്‍ബീര്‍ കപൂര്‍

ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ട താരമായി മാറിയ നടന്‍ രണ്‍ബീര്‍ കപൂര്‍ ചരിത്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ഷംഷേരയുടെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് പുതിയ വിവരങ്ങള്‍. 2020 ജൂലൈ 31ന് ആണ് റിലീസ് പ്ലാന്‍ ചെയ്യുന്നത്.

ബോളിവുഡിലെ പ്രമുഖ ബാനറുകളിലൊന്നായ യഷ്രാജ് ഫിലിംസാണ് രണ്‍ബീറിന്റെ ഷംഷേരയുമായി എത്തുന്നത്. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കൊളളക്കാരനായാണ് രണ്‍ബീര്‍ എത്തുന്നത്. തന്റെ സ്ഥിരം കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായൊരു വേഷമായിരിക്കും രണ്‍ബീറിന് ചിത്രത്തിലെന്നാണ് അറിയുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമയില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്.

ranbeer

രണ്‍ബീറിന്റെതായി തിയ്യേറ്ററുകളിലെത്തിയ എറ്റവും പുതിയ ചിത്രമാണ് സഞ്ജു. ജൂണ്‍ 29ന് റിലീസ് ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തായി രണ്‍ബീര്‍ അഭിനയിക്കുന്ന ചിത്രമാണ് സഞ്ജു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷകപ്രശംസകളാണ് രണ്‍ബീറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് ദിവസങ്ങള്‍ കൊണ്ട് 150 കോടിക്കടുത്താണ് ചിത്രം കളക്ഷന്‍ നേടിയിരിക്കുന്നത്. ചിത്രത്തില്‍ ലഹരിമരുന്നിന് അടിമയായിരുന്ന സഞ്ജയ് ദത്തിന്റെ ജീവിതകാലം മികച്ച രീതിയിലാണ് രണ്‍ബീര്‍ അവതരിപ്പിച്ചിരിക്കുന്നത്.

sanju

സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്. സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടത്തിലുളള ലുക്കുകള്‍ അതിഗംഭീരമായി തന്നെയായിരുന്നു രണ്‍ബീര്‍ അവതരിപ്പിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ട്രെയിലറിനു പുറമെ സഞ്ജുവിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ത്രീ ഇഡിയറ്റ്സ്, പികെ എന്നീ സിനിമകളൊരുക്കിയ രാജ്കുമാര്‍ ഹിരാനിയാണ് ഈ ചിത്രമൊരുക്കിയത്. രണ്‍ബീറിനു പുറമേ സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ, പരേഷ് റാവല്‍, മനീഷ കൊയ്രാള തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. വിധു വിനോദ് ചോപ്രയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

sanju

രണ്‍ബീര്‍ വ്യത്യസ്ഥമാര്‍ന്ന കഥാപാത്രങ്ങളിലൂടെയാണ് ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ബര്‍ഫി രണ്‍ബീറിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. റോക്ക് സ്റ്റാറിന് ശേഷം രണ്‍ബീറിന് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബര്‍ഫിയിലേത്.

85ാമത് ഓസ്‌ക്കറില്‍ ഇന്ത്യയുടെ ഔദ്യാഗിക എന്‍ട്രിയായി മല്‍സരിച്ചത് ഈ ചിത്രമായിരുന്നു. തുടര്‍ന്നും നിരവധി സിനിമകളില്‍ അഭിനയിച്ച രണ്‍ബീറിന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമായിരുന്നു യേ ജവാനി ഹേ ദിവാനി എന്ന ചിത്രം. രണ്‍ബീറും ദീപിക പദുകോണും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ഇത്. കരണ്‍ ജോഹറിന്റെ നിര്‍മ്മാണത്തിലിറങ്ങിയ സിനിമ തിയ്യേറ്ററുകളിലെ പണംവാരി ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. മാസ് എന്റര്‍ടെയ്നറുകള്‍ക്കൊപ്പം തന്നെ കലാമൂല്യമുളള ചിത്രങ്ങളിലും അഭിനയിച്ചായിരുന്നു രണ്‍ബീര്‍ ബോളിവുഡില്‍ ശ്രദ്ധേ നേടിയിരുന്നത്.

Top