സിനിമ നിരൂപകരടക്കം തള്ളിപ്പറഞ്ഞ രണ്‍ബീര്‍ കപൂര്‍ ചിത്രം ‘അനിമല്‍’ ബോക്‌സ്ഓഫിസില്‍ കുതിക്കുന്നു

ണ്‍ബീര്‍ കപൂര്‍ ചിത്രം ‘അനിമല്‍’ ബോക്‌സ്ഓഫിസില്‍ കുതിപ്പു തുടരുകയാണ്. സമൂഹമാധ്യമങ്ങളിലും മറ്റും ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ചര്‍ച്ചകളും സജീവമാകുമ്പോള്‍ ഇതൊന്നും ബാധിക്കാതെയാണ് സിനിമയുടെ കലക്ഷന്‍ ഉയരുന്നത്. നിര്‍മാതാക്കളായ ടി സീരിസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നാല് ദിവസം കൊണ്ട് ചിത്രം വാരിയത് 356 കോടിയാണ്. ഷാറുഖ് ഖാന്റെ ജവാന്‍ സിനിമയ്ക്കു ശേഷം ഏറ്റവും വേഗത്തില്‍ 300 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ചിത്രമാണ് അനിമല്‍.

ഞായറാഴ്ച ഹിന്ദി പതിപ്പിന്റെ കലക്ഷന് 63 കോടിയാണ്. ഇതുവരെ ബോളിവുഡ് ബോക്‌സ്ഓഫിസില്‍ നിന്നും ചിത്രം വാരിയത് 176 കോടി രൂപ. തെന്നിന്ത്യയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ‘അനിമല്‍’ വയലന്‍സും സ്ത്രീ വിരുദ്ധതയും നിറഞ്ഞ ചിത്രമാണെന്നതാണ് പ്രധാന വിമര്‍ശനം. സൂപ്പര്‍താരങ്ങളുടെ അതിഥി വേഷമില്ല, മൂന്ന് മണിക്കൂറിനു മുകളില്‍ ദൈര്‍ഘ്യം ഇതൊക്കെയായിട്ടും രണ്‍ബീര്‍ കപൂര്‍ ചിത്രം ബോക്‌സ് ഓഫിസില്‍ ചരിത്രം സൃഷ്ടിക്കുകയാണ്.

ബോളിവുഡില്‍ ഈ അടുത്തു കണ്ട ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമകളിലൊന്നായ അനിമലിലൂടെ സൂപ്പര്‍സ്റ്റാര്‍ പട്ടവും രണ്‍ബീര്‍ ഉറപ്പിക്കുകയാണ്. ജവാനും ഗദ്ദര്‍ 2വിനും ശേഷം ഇറങ്ങിയ ഹിന്ദി സിനിമകള്‍ക്കൊന്നും ബോക്‌സ്ഓഫിസില്‍ നിന്നും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഷാറുഖ് ഖാന്‍ അതിഥി വേഷത്തിലെത്തിയിട്ടും സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3യും ബോക്‌സ്ഓഫിസില്‍ അദ്ഭുതമൊന്നും സൃഷ്ടിച്ചില്ല. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ സിനിമകള്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വാങ്കയുടെ മൂന്നാമത്തെ ചിത്രമാണ് ഇത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top