ആലിയ ഭട്ടും രൺബീർ കപൂറും ഇന്ന് വിവാഹിതരാകും

മുംബൈ: ബോളിവുഡ് കാത്തിരുന്ന ആ താരവിവാഹം ഇന്ന്. നടൻ രൺബീർ കപൂറും നടി ആലിയാ ഭട്ടും ഇന്ന് വിവാഹിതരാകും. ബാന്ദ്രയിലെ രൺബീറിൻറെ വസതിയിൽ വച്ചാണ് ചടങ്ങുകൾ. ഇന്നലെ ഹൽദി, സംഗീത് ചടങ്ങുകൾ ഇവിടെ വച്ച് നടന്നിരുന്നു.

കരീനാ കപൂർ ,കരിഷ്മ കപൂർ അടക്കം രൺബീറിൻറെ കുടുംബാംഗങ്ങളും ബോളിവുഡിലെ സുഹൃത്തുക്കളും ചടങ്ങിനെത്തും. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാവും ഇന്നത്തെ ചടങ്ങിലും പങ്കെടുക്കുക. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇന്നലെയാണ് രൺബീർ കപൂറിൻറെ അമ്മ നീതു സിംഗ് ഇരുവരുടെയും വിവാഹം ഇന്ന് നടക്കുമെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. സെപ്തംബറിൽ ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം റിലീസ് ബ്രഹ്മാസ്ത്ര റിലീസ് ചെയ്യാനിരിക്കുകയാണ്.

ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ജയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കും. ആകെ 450 അതിഥികളാണ് വിവാഹത്തിനെത്തുക എന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡിലെ മോസ്റ്റ് വാണ്ടഡ് സെലിബ്രിറ്റി ഡിസൈനറായ സബ്യസാചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോ​ഗിച്ചത് സബ്യസാചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. വിവാഹ ദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളാണ് ആലിയ ധരിച്ചത്. രൺബീറിൻറെ ബന്ധുക്കൾ കൂടിയായ കരിഷ്മയും കരീനയും വിവാഹദിനം മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞാകും എത്തുക.

 

Top