റാണ ദഗുബാട്ടി- മീഹിക ബജാജ് വിവാഹം; തിയതി പുറത്തുവിട്ടു

തെന്നിന്ത്യന്‍ താരം റാണ ദഗുബാട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹ തിയതി പുറത്തുവിട്ടു. വിവാഹം ആഗസ്റ്റ് 8 നെന്ന വാര്‍ത്ത പിതാവും നിര്‍മാതാവുമായ സുരേഷ് ദഗുബാട്ടിയാണ് പുറത്തുവിട്ടത്. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും വിവാഹചടങ്ങില്‍ പങ്കെടുക്കുക. കോവിഡ് ഭീതി വിട്ടൊഴിയാത്തതിനാല്‍ വിവാഹ സല്‍ക്കാരത്തെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റാണ തന്റെ കാമുകിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. തൊട്ടുപിന്നാലെ വിവാഹത്തിന് മുന്നോടിയായുള്ള റോക്ക ചടങ്ങുകള്‍ ഹൈദരാബാദില്‍ വച്ച് നടന്നിരുന്നു. വിവാഹത്തെക്കുറിച്ച് റാണ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.എന്റെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോള്‍ മിഹീക ആദ്യം ഞെട്ടിപ്പോയി. പിന്നീടാണ് അവള്‍ സന്തോഷം പ്രകടിപ്പിച്ചത്. വീട്ടുകാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമായിരുന്നു ഇത്. ഇതാണ് വിവാഹത്തിനുളള ശരിയായ സമയം. ഹൈദരാബാദിലാണ് മിഹീക വളര്‍ന്നത്. ജൂബിലി ഹില്‍സില്‍ ഞങ്ങളുടെ വീടിനടുത്താണ് താമസം. എന്റെ കുടുംബവുമായി അവള്‍ക്ക് നല്ല ബന്ധമാണുളളത്. സിനിമയ്ക്ക് അകത്ത് നിന്നുള്ള ഒരാള്‍ തന്നെ ജീവിത പങ്കാളിയായി വേണം എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാനവളെ കണ്ടു, ഇഷ്ടപ്പെട്ടു… അത്ര തന്നെ- റാണ പറഞ്ഞു.

ഹൈദരാബാദ് സ്വദേശിനിയായ മിഹീക ബജാജ് അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ്. വ്യവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈനറുമായ ബണ്ടി ബജാജിന്റെയും മകളാണ്. മുംബൈയില്‍ നിന്ന് ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദം നേടിയ മിഹീക ഉപരിപഠനം നടത്തിയത് ചെല്‍സ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടസ് ആന്റ് സിനൈനില്‍ നിന്നാണ്. പഠനത്തിന് ശേഷം മുംബൈയില്‍ തിരിച്ചെത്തിയ മിഹീക ഇന്റീരിയര്‍ ഡിസൈനിങ്ങിനെക്കുറിച്ച് ലേഖനങ്ങള്‍ എഴുതാന്‍ ആരംഭിച്ചു. 2017 ല്‍ ഡ്യൂ ഡ്രോപ്പ് സ്റ്റുഡിയോസ് എന്ന പേരില്‍ സ്വന്തമായി കമ്പനി തുടങ്ങി. ഡിസൈനിങ് കഴിഞ്ഞാല്‍ കുതിരയോട്ടം പാചകം തുടങ്ങിയവയാണ് മിഹീകയുടെ ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങള്‍.

Top