‘സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പങ്കില്ല’; പ്രതികരണവുമായി ഇറാന്‍

ഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി ഇറാന്‍. റുഷ്ദിക്കെതിരായ ആക്രമണത്തിന് ഉത്തരവാദി റുഷ്ദിയും അനുയായികളുമാണ്. അതില്‍ ഇറാന് ഒരു പങ്കുമില്ല. അക്രമി ഹാദി മാറ്ററുമായി ഒരു ബന്ധവുമില്ലെന്ന് വിദേശകാര്യ വക്താവ് നാസര്‍ കനാന്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം മതത്തെ അവഹേളിക്കാനുള്ള ന്യായീകരണമല്ലെന്നും ഇറാന്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ വച്ച് സല്‍മാന്‍ റുഷ്ദിക്ക് വെടിയേറ്റ് മൂന്ന് ദിവസത്തിന് ശേഷമാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പരാമര്‍ശങ്ങള്‍. ‘റുഷ്ദിക്കെതിരായ ആക്രമണത്തില്‍ അദ്ദേഹത്തെയും അനുയായികളും ഒഴികെ ആരെയും നിന്ദിക്കുകയോ കുറ്റപ്പെടുത്തുകയോ അപലപിക്കുകയോ ചെയ്യേണ്ടതില്ല. ഇക്കാര്യത്തില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ ആര്‍ക്കും കുറ്റപ്പെടുത്താനാകില്ല.’നാസര്‍ കനാന്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലെ ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി സല്‍മാന്‍ റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്‌സിയില്‍ നിന്നുള്ള ഹാദി മാറ്റര്‍ (24) ആണു പിടിയിലായതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചിരുന്നു. ഇയാള്‍ ഇറാന്‍ അനുഭാവിയാണെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.

Top