ആഢംബര കാർ വിവാദം തകർത്തത് രമ്യയുടെ ഇമേജ്, കോൺഗ്രസ്സിലും ഭിന്നത

ലത്തൂരില്‍ നിന്നും തുടങ്ങിയ ഒരു കാറിന്റെ രാഷ്ട്രീയമാണിപ്പോള്‍ കേരളമാകെ വ്യാപിച്ചിരിക്കുന്നത്. ഒരു എം.പിക്ക് സഞ്ചരിക്കാന്‍ കാര്‍ വാങ്ങുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചാല്‍ അതില്‍ വലിയ തെറ്റൊന്നും പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുകയില്ല. ഓടി നടന്ന് വോട്ട് ചോദിച്ചവര്‍ വിജയിച്ചു കഴിഞ്ഞാല്‍ അതേ പാത പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ് യഥാര്‍ത്ഥത്തില്‍ വിഡ്ഢികള്‍.

കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനെപോലെയുള്ളവരുടെ ജീവിതം പുതിയ കാലത്ത് ആരും തന്നെ പിന്തുടരുകയില്ല. അത് പി.കെ ബിജുവായാലും രമ്യയായാലും അങ്ങനെയൊക്കെ തന്നെയാണ്. ജനപ്രതിനിധികളായി കഴിഞ്ഞാല്‍ ആര്‍ഭാടം കാണിക്കാനാണ് ഇപ്പോള്‍ മിക്കവര്‍ക്കും താല്‍പ്പര്യം. എം.പി ആയാലും എം.എല്‍.എ ആയാലും ഏത് വാഹനം വാങ്ങാം, എത്ര വലുപ്പത്തില്‍ വാഹനത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാം എന്നതാണ് അവരെ നയിക്കുന്ന ചിന്ത.

കല്‍പ്പറ്റ മണ്ഡലത്തില്‍ കോടീശ്വരനായ മാധ്യമ മുതലാളിയെ തറപറ്റിക്കാന്‍ ശശീന്ദ്രന് കഴിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സന്ദേശമായത് കൊണ്ടാണ്. ബസിലും ഓട്ടോറിക്ഷയിലും സഖാക്കളുടെ ബൈക്കിന് പിന്നിലുമെല്ലാം വരുന്ന ഈ എം.എല്‍.എയാണ് യഥാര്‍ത്ഥ ജനനേതാവ്. മണ്ണിനും തനിക്കും ഇടയില്‍ ഒരു അകലം പോലും പാടില്ലെന്ന് കരുതി ചെരിപ്പു പോലും ധരിക്കാതെയാണ് ശശീന്ദ്രന്‍ ഇന്നും ജീവിക്കുന്നത്. സിനിമകളിലെ നായക കഥാപാത്രങ്ങളില്‍ പോലും ഈ ലാളിത്യം നമ്മള്‍ക്കാര്‍ക്കും കാണാന്‍ കഴിയില്ല.

ഒരു യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റെന്ന് തിരിച്ചറിയാന്‍ ഈ സി.പി.എം എം.എല്‍.എയുടെ ജീവിതം മാത്രം പഠിച്ചാല്‍ മതി. ജനങ്ങളില്‍ ഒരാളായി മാത്രം പ്രവര്‍ത്തിക്കുക എന്ന വികാരമാണ് ശശീന്ദ്രനെ മുന്നോട്ട് നയിക്കുന്നത്. എം.പിയുടെ ആഢംബരം കാട്ടാതെ പ്രവര്‍ത്തിച്ച അജയകുമാറും ആലത്തൂരുകാര്‍ക്ക് അത്ഭുതമായിരുന്നില്ല. മറിച്ച് ആവേശമായിരുന്നു. ഒരു എം.പിയാണ് എന്നത് പ്രൗഢി കാട്ടാനുള്ള അവസരമായി ഒരിക്കലും അജയകുമാറും ഉപയോഗപ്പെടുത്തിയിരുന്നില്ല.

എന്തിനേറെ ചേലക്കരയില്‍ നിന്നും വിജയിച്ച കെ.രാധാകൃഷണന്‍ മന്ത്രിയായപ്പോള്‍ ചെറ്റക്കുടിലായിരുന്നു ആകെ ഉണ്ടായിരുന്ന സമ്പാദ്യം. ഒരു സൈക്കിള്‍ പോലും സ്വന്തമായി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇവിടെ രാധാകൃഷ്ണനോ അജയകുമാറിനോ ശശീന്ദ്രനോ വാഹനം വാങ്ങാന്‍ സി.പി.എം ഒരു പിരിവും നടത്തിയിട്ടില്ല. ആഢംബര വാഹനങ്ങളില്ലാ എന്നത് ഇവരുടെയൊന്നും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുമില്ല. ഇവിടെയിപ്പോള്‍ രമ്യയുടെ കാര്യത്തില്‍ സംഭവിച്ചത് രമ്യ തന്നെ വരുത്തി വച്ച വിവാദമാണ്.

മത്സരിക്കാന്‍ വരുമ്പോള്‍ മൂന്ന് ജോഡി വസ്ത്രം മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ എന്നാണ് നാഴികയ്ക്ക് നാല്‍പ്പത് വട്ടം രമ്യ പറയാറുള്ളത്. അവരുടെ ഈ വാക്കുകള്‍ പാവങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ആലത്തുരിനെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. ഇതാണ് ചെങ്കോട്ടയില്‍ അട്ടിമറി വിജയം നേടാന്‍ രമ്യക്ക് കരുത്തായിരുന്നത്. പാവപ്പെട്ട യുവാവായി വന്ന് പിന്നീട് സമ്പന്നരുടെ തോഴനായി മാറിയതാണ് പി.കെ ബിജുവിന്റെ തോല്‍വിക്ക് കാരണമായതെന്ന കാര്യമെങ്കിലും രമ്യ ഓര്‍ക്കണമായിരുന്നു.

ചെങ്കൊടിയെ മാറോട് ചേര്‍ക്കുന്ന ഒരു ജനത രമ്യക്ക് വോട്ട് ചെയ്തത് ബിജുവിന് പറ്റിയ ഇത്തരം പിഴവുകള്‍ മൂലമായിരുന്നു. അല്ലാതെ കോണ്‍ഗ്രസ്സിന്റെ ശക്തി കൊണ്ടോ, സി.പി.എമ്മിന്റെ ശക്തി ക്ഷയിച്ചതുകൊണ്ടോ ആയിരുന്നില്ല. ആലത്തൂരില്‍ നിന്നും രമ്യ ജയിച്ചതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ തന്നെ ഏറ്റവും വലിയ അട്ടിമറി വിജയം. കാരണം ആലപ്പുഴയ്ക്ക് മുന്‍പ് ഇടതുപക്ഷം വിജയിക്കേണ്ട മണ്ഡലമായിരുന്നു ആലത്തൂര്‍. ഇക്കാര്യം കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്ന കാര്യമാണ്.

ബിജുവിന് പകരം കെ.രാധാകൃഷ്ണനായിരുന്നു ഇടതു സ്ഥാനാര്‍ത്ഥിയെങ്കില്‍ ഫലം മറിച്ചാകുമായിരുന്നു. രമ്യയെ പോലെ സാധാരണക്കാരനായി വന്ന് എം.പിയായ ശേഷം ബിജുവും വാങ്ങിയിരുന്നു ഇമ്മിണി വലിയ ഒരു വാഹനം. പാര്‍ട്ടി പിരിവെടുത്തല്ല, സ്വന്തമായി തന്നെയാണ് ബിജു വാഹനം വാങ്ങിയിരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജുവിന് മുന്നില്‍ ബാക്കിയായതും ആ വാഹനം മാത്രമായിരുന്നു. ലഭിക്കുന്ന ശമ്പളത്തില്‍ നിശ്ചിത തുക പാര്‍ട്ടിക്ക് ലെവിയായി നല്‍കേണ്ട ബിജുവിന് ലോണെടുത്ത് കാറ് വാങ്ങാമെങ്കില്‍ പിന്നെ രമ്യക്ക് വാങ്ങാന്‍ ഒരു ബുദ്ധിമുട്ടുമില്ല.

ശമ്പളമായി ലഭിക്കുന്ന വന്‍തുകയില്‍ ഒരു രൂപ പോലും കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ സ്വന്തം പാര്‍ട്ടിക്ക് നല്‍കാറില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ പോലെ അത്തരം ഒരു ഏര്‍പ്പാട് തന്നെ ഇവര്‍ക്കാര്‍ക്കുമില്ല. എം.പി എന്ന നിലയില്‍ ലഭിക്കുന്ന കാശില്‍ കുറച്ച് മുടക്കിയും ബാക്കി ലോണിട്ടും രമ്യക്ക് നിഷ്പ്രയാസം ഒരു കാര്‍ വാങ്ങാന്‍ കഴിയുമായിരുന്നു. വിവാദങ്ങള്‍ക്ക് ഇടനല്‍കാതെ അതാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്.

അതു തന്നെയാണ് ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചതും. ഇവിടെയാണ് രമ്യക്ക് ശരിക്കും പിഴച്ചത്. പതിനാല് ലക്ഷം രൂപയുടെ കാര്‍ വേണമെന്ന താത്പര്യം രമ്യയുടെ ഇമേജിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. അതുകൊണ്ടാണ് ഈ വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കെ.എസ്.യുവിന്റെ നിരാഹാര സമരത്തിനും മീതെയാണിപ്പോള്‍ കോണ്‍ഗ്രസില്‍ കാര്‍ രാഷ്ട്രീയം അരങ്ങ് തകര്‍ക്കുന്നത്.

Political Reporter

Top