ചുവപ്പ് കോട്ട തകർത്ത് താരമായ ‘പെങ്ങളൂട്ടി’ ഇത്തവണ ആലത്തൂരിൽ നേരിടാൻ പോകുന്നത് അഗ്നി പരീക്ഷണം !

കേരളത്തിൽ ഇടതുപക്ഷം നിഷ്പ്രയാസം ജയിക്കേണ്ട ലോകസഭമണ്ഡലമാണ് ആലത്തൂർ. ഏത് അളവ് കോലിൽ പിടിച്ച് അളന്നാലും അങ്ങനെ ആയിരുന്നു സംഭവിക്കേണ്ടിയിരുന്നത്. എന്നാൽ ഈ ചെങ്കോട്ട തകർത്താണ് കഴിഞ്ഞ തവണ കോൺഗ്രസ്സിലെ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടിയിരുന്നത്. ഇതിന് പ്രധാന കാരണമായിരുന്നത് സിറ്റിംഗ് എം.പിയായിരുന്ന പി.കെ ബിജുവിനോട് സി.പി.എം അനുഭാവികൾക്ക് ഉണ്ടായിരുന്ന എതിർപ്പായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഈ പാളിച്ചയാണ് സി.പി.എമ്മിന്റെ ഉറച്ച കോട്ട വീഴാൻ കാരണമായിരുന്നത്.

പാട്ട് പാടിയും ചെപ്പടി വിദ്യ കാണിച്ചും രമ്യ ഹരിദാസ് അട്ടിമറി വിജയം നേടിയപ്പോൾ ശരിക്കും ഞെട്ടിപ്പോയത് യു.ഡി.എഫ് നേതാക്കൾ തന്നെയാണ്. കാരണം അവർ സ്വപ്നത്തിൽ പോലും ഇത്തരം ഒരു അട്ടിമറി വിജയം പ്രതീക്ഷിച്ചിരുന്നില്ല. 1, 58, 968 വോട്ടിന്റെ വലിയ ഭൂരിപക്ഷമാണ് ഈ വനിതാ നേതാവ് നേടിയിരുന്നത്. തുടർച്ചയായി രണ്ടു തവണ വെന്നിക്കൊടി പാറിച്ച പി.കെ ബിജു നേടിയ 37, 312 വോട്ടിന്റെ ഭൂരിപക്ഷമാണ് , പുതിയ ചരിത്രം രചിച്ച് രമ്യ മറികടന്നിരുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറികൂടിയായിരുന്നു ഇത്. 2009-ൽ 3,87,352 വോട്ടും 2014-ൽ 4,11,808 വോട്ടും പെട്ടിയിലാക്കിയ പികെ ബിജുവിന്, കഴിഞ്ഞ തവണ ലഭിച്ചത് 3,74,847 വോട്ടുകൾ മാത്രമാണ്. അതേസമയം രമ്യ ഹരിദാസിന് ലഭിച്ചതാകട്ടെ 5,33,815 വോട്ടുകളുമാണ്. ആലത്തൂർ ലോകസഭ മണ്ഡലത്തിൽ 20,000 വോട്ടുകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ആം ആദ്മി പാർട്ടിയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിനെയാണ് പിന്തുണച്ചിരുന്നത്.

തൃശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട് ജില്ലയിലെ തരൂർ , ആലത്തൂർ, നെന്മാറ, ചിറ്റൂർ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ആലത്തൂർ ലോകസഭ മണ്ഡലം. നിലവിൽ ഈ മണ്ഡലങ്ങളിലെല്ലാം വിജയിച്ചിരിക്കുന്നത് ഇടതുപക്ഷമാണ്. നിയമസഭാ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കോയ്മ ഉണ്ടായപ്പോൾ തന്നെയാണ് ലോകസഭ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് അട്ടിമറി നേടിയിരുന്നത് എന്നതിനാൽ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്സ്. ഇത്തവണയും രമ്യ ഹരിദാസ് തന്നെ ആയിരിക്കും ആലത്തൂരിലെ സ്ഥാനാർത്ഥിയെന്നാണ് കോൺഗ്രസ്സ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

അതേസമയം കൈവിട്ട സംവരണമണ്ഡലം ഏത് വിധേയനേയും തിരിച്ചു പിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഏറ്റവും മികച്ച സ്ഥാനാർത്ഥി തന്നെ ഇത്തവണ രംഗത്തുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ വാസു, മുൻ എം.പി എസ് അജയകുമാർ തരൂർ എം.എൽ.എ പി.പി. സുമോദ് എന്നിവരിൽ ആരെങ്കിലും സ്ഥാനാർത്ഥിയാകാനാണ് സാധ്യത. യുവ നേതാവായ രമ്യ ഹരിദാസിനെ നേരിടാൻ യുവ നേതാവിനെ തന്നെ സി.പി.എം. രംഗത്തിറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

ഒരു കാര്യം എന്തായാലും ഉറപ്പാണ്. ഇത്തവണ രമ്യക്ക് കാര്യങ്ങൾ എളുപ്പമാകുകയില്ല. മണ്ഡലം പിടിച്ചെടുക്കാൻ ഇത്തവണ സി.പി.എമ്മിന്റെ അവസാന അനുഭാവിയും രംഗത്തുണ്ടാകും. കഴിഞ്ഞ തവണ പറ്റിയ പിഴവ് തിരുത്താൻ ഒരവസരത്തിനായാണ് അവരും കാത്തിരിക്കുന്നത്. മണ്ഡലത്തിലെ പ്രതികരണങ്ങളിൽ നിന്നും അക്കാര്യവും വ്യക്തമാണ്.

മഴനിഴൽപ്രദേശമായ വടകരപ്പതിമേഖല, പഴയ ആദിവാസിമേഖല ഉൾക്കൊള്ളുന്ന മുതലമട, തോട്ടം മേഖലയുൾപ്പെടുന്ന നെല്ലിയാമ്പതി, തിരക്കേറിയ വാണിജ്യകേന്ദ്രമായ കുന്നംകുളം ഇങ്ങനെ വൈവിധ്യങ്ങളേറെയാണെങ്കിലും അടിസ്ഥാനപരമായി കാർഷികമണ്ഡലമാണ് ആലത്തൂർ. കാർഷികമേഖലയിലെ ചലനങ്ങളും കുടിവെള്ളവുമൊക്കെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാ വിഷയങ്ങളായിരുന്നത്. കുടിവെള്ള പ്രശ്നം പൂർണമായും പരിഹരിക്കാൻ ബിജുവിന് സാധിക്കാതിരുന്നതും അദ്ദേഹം മണ്ഡലത്തിൽ സജീവമാകാതിരുന്നതും ജനങ്ങളെ മാറ്റിചിന്തിപ്പിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചിറ്റൂർ മേഖലയിലടക്കം കുടിവെള്ള പ്രശ്നം രൂക്ഷമായത് കാരണം മുൻപ് ഇരുപതിനായിരത്തിലേറെ നോട്ട വോട്ടുകളുണ്ടായിരുന്നു. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏകദേശം എണ്ണായിരത്തോളം വോട്ടുകളായി കുറഞ്ഞതിന്റെ നേട്ടവും പ്രധാനമായും രമ്യ ഹരിദാസിനാണ് ലഭിച്ചിരുന്നത്.

ഇത്തവണ ആലത്തൂർ ലോകസഭ മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വലിയ വികസന കുതിപ്പാണ് ഉണ്ടായി കൊണ്ടിരിക്കുന്നതെന്നും അതു കൊണ്ടു തന്നെ മണ്ഡലം എളുപ്പത്തിൽ തന്നെ തിരികെ പിടിക്കുമെന്നുമാണ് , സി.പി.എം നേതൃത്വം അവകാശപ്പെടുന്നത്. പാർട്ടി തൃശൂർ, പാലക്കാട് ജില്ലാ കമ്മറ്റികളെയാണ് സി.പി.എം ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. വിവര സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയകളും നിർണ്ണായക സ്വാധീനം ചെലുത്തുന്ന പുതിയ കാലത്ത് എല്ലാ വശങ്ങളും പരിഗണിച്ചു മാത്രം സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണ്ണയം നടത്താനാണ് സി.പി.എം തീരുമാനം. എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയോടെ, താഴെ തട്ടുമുതൽ പാർട്ടിക്ക് കൂടുതൽ ഊർജ്ജം ലഭിക്കുമെന്നാണ് ദേശീയ നേതൃത്വവും കണക്കുകൂട്ടുന്നത്. കഴിഞ്ഞ തവണ ഒറ്റ സീറ്റിൽ ഒതുങ്ങിയ ഇടതുപക്ഷത്തിന് ഇത്തവണ കേരളത്തിൽ നിന്നും കുറഞ്ഞത് 17 സീറ്റുകളാണ് സി.പി.എം. പ്രതീക്ഷിക്കുന്നത്.

EXPRESS KERALA VIEW

Top