അശ്ലീല പരാമര്‍ശത്തിനെതിരെ രമ്യ നല്‍കിയ പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി

പൊന്നാനി : എ.വിജയരാഘവന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ രമ്യ ഹരിദാസ് നല്‍കിയ പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. പൊന്നാനി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് കൊഴിഞ്ഞാമ്പാറക്കടുത്ത് കല്ലാണ്ടി ചെള്ളയിലെത്തിയാണ് മൊഴിയെടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പരാമര്‍ശം നടത്തിയെന്ന് കാണിച്ച് രമ്യ ഹരിദാസ് ഇന്നലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ആലത്തൂര്‍ ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതി മലപ്പുറം എസ്.പിക്ക് കൈമാറിയിരുന്നു. അതേസമയം പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെന്നും നിയമപരമായി നേരിടാന്‍ തയ്യാറാണെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.

രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയെന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നുമായിരുന്നു എ.വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

അതേസമയം, പ്രസ്താവനയില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. താന്‍ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

എ. വിജയരാഘവന്‍ നടത്തിയെന്നു പറയുന്ന പരാമര്‍ശം വളച്ചൊടിച്ചെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നത്. മണ്ഡലത്തില്‍ ഇതിനകം തന്നെ വലിയ മുന്നേറ്റം പ്രചരണരംഗത്ത് കാഴ്ചവയ്ക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ബിജുവിനെ തോല്‍പിക്കുന്ന തരത്തില്‍ രമ്യ ഹരിദാസ് മുന്നേറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് എല്‍ഡിഎഫ് കണ്‍വീനറുടെ ഭാഗത്തു നിന്നും മോശം പരാമര്‍ശം എത്തുന്നത്.

Top