എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയിലേക്ക് ; ഇന്ന് ഹര്‍ജി നല്‍കും

ആലത്തൂര്‍ : സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് രമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. ആലത്തൂര്‍ ഡിവൈഎസ്പിക്കാണ് രമ്യ ഹരിദാസ് പരാതി നല്‍കിയിരുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശത്തിനെതിരെ രമ്യ ആലത്തൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയും പൊന്നാനി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പരാതി നല്‍കി പത്ത് ദിവസം കഴിഞ്ഞിട്ടും വിജയരാഘവനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. വിജയരാഘവനെതിരെ കേസെടുക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ താല്പര്യമാണെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസെടുക്കാതിരിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്ഥിരം രീതിയാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തിയിരുന്നു.

പൊന്നാനിയില്‍ ഇടതുസ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ അധിക്ഷേപിച്ച് സംസാരിച്ചത്. ‘ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്’ എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

Top