രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം; സുരക്ഷ ഒരുക്കാന്‍ പ്രയോഗികബുദ്ധിമുട്ടുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷ ഒരുക്കാന്‍ പ്രയോഗികബുദ്ധിമുട്ടുണ്ടെന്ന് പൊലീസ്. ഉന്നതതലയോഗത്തിലാണ് പൊലീസ് ആശങ്ക അറിയിച്ചത്.

ജനുവരി 6 നാണ് രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ സുരക്ഷയൊരുക്കല്‍ പ്രായോഗികമല്ലെന്നാണ് പൊലീസ് പറയുന്നത്.തിരക്കുള്ള സമയമായതിനാല്‍ ഭക്തരെ നിയന്ത്രിക്കുന്നതിന് പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. മറ്റ് ക്രമീകരണങ്ങള്‍ക്കും സമയക്കുറവുണ്ടെന്നും പൊലീസ് അറിയിച്ചു.

ഹെലികോപ്റ്ററില്‍ സന്നിധാനത്തെത്താനാണ് രാഷ്ട്രപതി ആലോചിക്കുന്നതെന്നാണ് രാഷ്ട്രപതിഭവന്‍ അറിയിച്ചത്. എന്നാല്‍ പാണ്ടിത്താവളത്ത് ഹെലിപ്പാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ബലത്തില്‍ ആശങ്കയുണ്ടെന്ന് പൊലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

സുരക്ഷ കടുപ്പിക്കുന്നതിനൊപ്പം സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാനുള്ള സാധ്യതയും ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നു. അത് വിജയിച്ചില്ലെങ്കില്‍ നിലയ്ക്കലില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന രാഷ്ട്രപതി റോഡ് മാര്‍ഗം പമ്പയിലെത്തും. പമ്പയില്‍ നിന്ന് കാല്‍നടയായോ ഡോളിയിലോ സന്നിധാനത്തേയ്ക്ക് തിരിക്കും. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതുവരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തിലാണ് പ്രധാന ആശങ്ക.

Top