രാഷ്ട്രപതി ഇന്ന് തലസ്ഥാനത്ത്; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കും

ramnath kovind

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കും. പൂജപ്പുരയിലെ പി എന്‍ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും. പത്മനാഭ സ്വാമിക്ഷേത്രത്തിലും ദര്‍ശനം നടത്തും.

ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം രാഷ്ട്രപതി സന്ദര്‍ശനം നടത്തിയിരുന്നു. സേനയുടെ അഭ്യാസപ്രകടനങ്ങള്‍ വീക്ഷിച്ച രാഷ്ട്രപതി രണ്ടുഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ (ഐഎസി) നിര്‍മാണപ്രവര്‍ത്തനങ്ങളും വിലയിരുത്തിയിരുന്നു. ഐഎന്‍എസ് വിക്രാന്തിന്റെ പുരോഗതിയില്‍ രാഷ്ട്രപതി സംതൃപ്തി അറിയിച്ചു. നാവികസേനയുടെയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെയും കപ്പല്‍നിര്‍മാണ ശേഷി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ വിഷയങ്ങളില്‍ അദ്ദേഹം കേരളത്തെ പ്രശംസിക്കാനും മറന്നില്ല. വിദ്യാഭ്യാസം സ്ത്രീ ശക്തീകരണം അടക്കമുള്ള മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ കാസര്‍കോട്ടെ പെരിയ കേരള-കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ രാഷ്ട്രപതി എണ്ണിപ്പറഞ്ഞു. വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയിലെ വരികള്‍ ചൊല്ലിയാണ് രാഷ്ട്രപതി കേരളത്തിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചത്.

Top