Ramjas College Violence: Students Organise ‘Save DU’ March To Protest Against ABVP

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളേജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിനെതിരെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച നടന്നു.

‘സേവ് ഡി.യു’ (ഡല്‍ഹി സര്‍വകലാശാലയെ സംരക്ഷിക്കുക) എന്ന സന്ദേസശമുയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്.

ഇടതുമുന്നണി അനുകൂല വിദ്യാര്‍ഥി യൂണിയനുകളാണ് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയത്. എ.ബി.വി.പിക്കെതിരെയും ഡല്‍ഹി പൊലീസിനെതിരെയും മാര്‍ച്ചില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ‘ഡല്‍ഹി സര്‍വലകലാശാലയിലെ എ.ബി.വി.പി പ്രവര്‍ത്തകരുടെ തെമ്മാടിത്തരത്തിനെതിരെയും വിദ്യാര്‍ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും സംവാദത്തിനും വേണ്ടിയുള്ള പ്രതിഷേധമാണിതെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിക്കപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ പ്രബന്ധാവതരണത്തിനു വേണ്ടി രാംജാസ് കോളേജിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നള്‍ ആരംഭിച്ചത്.

ഉമര്‍ ഖാലിദിനെ കോളജിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. എ.ബി.വി.പിയുടെ അക്രമത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ഥി യൂണിയനും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.

പിന്നീട്, സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗര്‍ എ.ബി.വി.പിക്കെതിരായ പ്രചരണത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് എ.ബി.വി.പി കൗറിനെതിരെ ബലാത്സംഗ ഭീഷണിയുമായി രംഗത്തെത്തുകയും ഇത് വിവാദമാകുകയും ചെയ്തതോടെ വിഷയം ദേശീയ തലത്തില്‍ വന്‍ചര്‍ച്ചക്കും വഴിവെക്കുകയായിരുന്നു.

ദേശവിരുദ്ധതക്കെതിരെ എ.ബിവി.പി ‘തിരംഗ’ എന്ന പേരില്‍ മാര്‍ച്ച് നടത്തി ഒരു ദിവസത്തിനു ശേഷമാണ് ‘സേവ് ഡി.യു’ എന്ന സന്ദേശമുയര്‍ത്തി വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

Top