ആര്‍ആര്‍ആറിനെതിരെ വീണ്ടും വിവാദ പരാമർശവുമായി രാംഗോപാൽ വർമ

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ തന്നെ ആര്‍ആര്‍ആറും 2022-ലെ ബോക്സ് ഓഫീസ് ഹിറ്റായി മാറിയിരുന്നു. ചിത്രം ഒ.ടി.ടി റിലീസായതോടെ ലോകശ്രദ്ധയാകർഷിച്ചു. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രത്തേക്കുറിച്ച് തുടർച്ചയായി വിമർശനം ഉന്നയിക്കുകയാണ് സംവിധായകൻ രാം​ഗോപാൽ വർമ. നേരത്തെ ആർ.ആർ.ആർ ​ഗേ ചിത്രമാണെന്ന വർമയുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ആർ.ആർ.ആർ തന്നത് ഒരു സർക്കസ് കാണുന്ന പ്രതീതിയാണെന്ന് രാംഗോപാൽ വർമ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. നായകന്മാരായ ജൂനിയർ എൻ.ടി.ആറും രാംചരൺ തേജയും പ്രൊഫഷണൽ ജിംനാസ്റ്റിക് കലാകാരന്മാരാണെന്ന് തോന്നി. അവരുടെ സംഘട്ടനരം​ഗങ്ങൾ സർക്കസിലെ പ്രകടനമായാണ് തോന്നിയതെന്നും രാം​ഗോപാൽ വർമ പറഞ്ഞു. അതേസമയം, ചിത്രത്തിലെ തീവണ്ടി അപകടരം​ഗത്തെ രാം ​ഗോപാൽ വർമ പുകഴ്ത്തുകയും ചെയ്തു.

Top