അശോക് ഗെലോട്ടിന്റെ അടുത്ത അനുയായി രാമേശ്വര്‍ ദധിച്ച് ബിജെപിയില്‍ ചേര്‍ന്നു

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായിയും ജോധ്പൂര്‍ മുന്‍ മേയറുമായ രാമേശ്വര്‍ ദധിച്ച് ബിജെപിയില്‍ ചേര്‍ന്നു. രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രല്‍ഹാദ് ജോഷി, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, എംപി രാജേന്ദ്ര ഗെലോട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സൂര്‍സാഗര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് രാമേശ്വര്‍ ദധിച്ച് നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ രാമേശ്വര്‍ പത്രിക പിന്‍വലിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത് എന്ന് രാമേശ്വര്‍ ദധിച്ച് പറഞ്ഞു. ദീര്‍ഘകാലമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മതിപ്പുളവാക്കിയിട്ടുണ്ട്. മോദി പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മാണം സംഭവിക്കില്ലായിരുന്നു എന്നും രാമേശ്വര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നയങ്ങളിലും വ്യാജ വാഗ്ദാനങ്ങളിലുമുളള നിരാശ മൂലമാണ് അണികള്‍ ബിജെപിയിലേക്ക് എത്തുന്നതെന്ന് ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞു. രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിടപറയേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. രാജസ്ഥാന്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നവംബര്‍ 25 ന് നടക്കും, വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.

Top