‘സംഘി’ വിവാദത്തിലും കുരുക്കിലായി രമേശ് ചെന്നിത്തല, പ്രതിരോധത്തിൽ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇത് കഷ്ടകാലമാണ്. ഇടപെടുന്ന വിവാദങ്ങളിലെല്ലാം തിരിച്ചടികളുടെ ഒരു പരമ്പര തന്നെയാണ് അദ്ദേഹത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒടുവില്‍ ഓര്‍ക്കാപ്പുറത്തിപ്പോള്‍ അദ്ദേഹത്തിന് പണി കിട്ടിയിരിക്കുന്നത് സംഘപരിവാര്‍ മുഖപത്രത്തില്‍ നിന്നാണ്. രമേശ് ചെന്നിത്തലയെ ആര്‍.എസ്.എസ്.ബന്ധം ആരോപിച്ച് ആക്രമിച്ച സി.പി.എമ്മിന്, ഈ മാധ്യമം നല്‍കിയ മറുപടിയാണ് ചെന്നിത്തലയെ വെട്ടിലാക്കിയിരിക്കുന്നത്.

കോടിയേരി ആര്‍.എസ്.എസ് എന്ന് പറഞ്ഞതിന്റെ പേരില്‍ ചെന്നിത്തല തല കുമ്പിടേണ്ട കാര്യമില്ലെന്നാണ് ഈ പരിവാര്‍ മാധ്യമം പറയുന്നത്. ചെന്നിത്തലയേക്കാള്‍ വലിയ കോണ്‍ഗ്രസ്സ് നേതാവായിരുന്ന മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കര്‍, കൊല്ലത്തെ ആര്‍.എസ്.എസ് ശാഖയിലെ സ്വയം സേവകനായിരുന്നുവെന്നും സംഘപരിവാര്‍ മാധ്യമം സാന്ത്വനിപ്പിക്കുന്നുണ്ട്. ആര്‍.ശങ്കറിന്റെ മകനും ഇപ്പോള്‍ കെ.പി.സി.സി വൈസ് പ്രസിഡന്റുമായ മോഹന്‍ ശങ്കറും ഇടയ്ക്ക് ബി.ജെ.പിയില്‍ ചേര്‍ന്ന കാര്യവും ഇവിടെ എടുത്തുപറഞ്ഞിട്ടുണ്ട്.

രമേശ് ചെന്നിത്തലയുടെ പിതാവ് രാമകൃഷ്ണന്‍ നായരും ആര്‍.എസ്.എസിനെ സ്നേഹിച്ച വ്യക്തിയായിരുന്നു. ചെന്നിത്തല മഹാത്മാ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളില്‍ പങ്കെടുത്തതായ വിശദീകരണവും വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.യു കളിച്ചു നടന്ന കാലത്ത് ചെന്നിത്തലയെ കമ്മ്യൂണിസ്റ്റുകാര്‍ തല്ലാന്‍ വന്നപ്പോള്‍ രാമകൃഷ്ണന്‍ സാറിന്റെ മകനായതിനാല്‍ ആര്‍.എസ്.എസ് രക്ഷിച്ച കാര്യവും വാര്‍ത്തയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.

സംഘപരിവാര്‍ മുഖപത്രത്തിന്റെ ഈ വിശദീകരണം ചെന്നിത്തലയെ വലിയ രൂപത്തിലാണിപ്പോള്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. അധികം ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്ന ഈ വാര്‍ത്ത സി.പി.എം സൈബര്‍ ഗ്രൂപ്പുകളാണ് വ്യാപകമായി പ്രചരിപ്പിച്ച് വരുന്നത്. ചെന്നിത്തല കോടിയേരിക്ക് നല്‍കിയ മറുപടിയിലെ ‘ഡി.എന്‍.എ’ തന്നെയാണ് സി.പി.എം ‘ പ്രവര്‍ത്തകര്‍ ചെന്നിത്തലയെയും ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ആര്‍.എസ്.എസിന്റെ പ്രിയപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തലയെന്ന കോടിയേരിയുടെ പരാമര്‍ശത്തിനെതിരെ മുസ്ലീം ലീഗ് പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയുമാകട്ടെ ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുക മാത്രമാണ് ചെയ്തത്. ഇക്കാര്യത്തില്‍ ചെന്നിത്തല അനുകൂലികള്‍ക്കിടയില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ട്. ‘എ’ ഗ്രൂപ്പ് അവസരം ലഭിച്ചപ്പോള്‍ ചെന്നിത്തലയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. സംഘ പരിവാര്‍ മാധ്യമത്തിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം യു.ഡി.എഫ് ഗ്രൂപ്പുകളിലും സജീവ ചര്‍ച്ചയാണ്. എ ഗ്രൂപ്പ് ആണ് ഇതിനും പിന്നിലെന്നാണ് ഐ വിഭാഗം ആരോപിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ, ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് നേതൃത്വം ഏറ്റെടുക്കുമെന്നാണ്, ചെന്നിത്തല വിഭാഗമിപ്പോള്‍ ഭയക്കുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തൂത്ത് വാരുമെന്നാണ് ഈ വിഭാഗം കണക്ക് കൂട്ടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നേതൃമാറ്റ ആവശ്യം സ്വാഭാവികമായി തന്നെ യു.ഡി.എഫില്‍ ഉയരും. ചെന്നിത്തലയെ മുന്‍ നിര്‍ത്തി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ‘പണി പാളുമെന്ന’ അഭിപ്രായം ലീഗിന് ഇപ്പോള്‍ തന്നെയുണ്ട്. കേരള കോണ്‍ഗ്രസ്സിനും ഈ അഭിപ്രായം തന്നെയാണുള്ളത്.

ഇപ്പോള്‍ മുന്നണിക്ക് പുറത്തുള്ള ജോസ്.കെ മാണി വിഭാഗം പോലും, ചെന്നിത്തലയെ അംഗീകരിക്കുന്നില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. സോളാര്‍ കേസില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ച പ്രധാന ഘടകം, ഐ ഗ്രൂപ്പാണെന്നാണ് ഉമ്മന്‍ ചാണ്ടി ഉറച്ച് വിശ്വസിക്കുന്നത്. ആഭ്യന്തരം ചെന്നിത്തലക്ക് നല്‍കിയത് വലിയ അബദ്ധമായെന്നാണ് എ ഗ്രൂപ്പ് നേതാക്കളും തുറന്ന് സമ്മതിക്കുന്നത്. കേസന്വേഷിച്ച മുന്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി മുതല്‍ മേല്‍ നോട്ടം വഹിച്ച അന്നത്തെ റേഞ്ച് ഐ.ജി വരെ നടത്തിയ ഇടപെടലുകളെയും സംശയത്തോടെയാണ് എ ഗ്രൂപ്പ് വീക്ഷിക്കുന്നത്. പൊലീസ് വകുപ്പ് കൈവിട്ട അന്നത്തെ കളി തീക്കളിയായി മാറിയതായാണ് വിലയിരുത്തല്‍. ഇനിയൊരു ഭരണം യു.ഡി.എഫിന് ലഭിച്ചാല്‍ അതുകൊണ്ട് തന്നെ ആഭ്യന്തരം വിട്ടുള്ള കളിയില്ലന്നാണ് ‘എ’ വിഭാഗം വ്യക്തമാക്കുന്നത്.

സോളാര്‍ കുരുക്കോടെ കളം വിട്ട ഉമ്മന്‍ ചാണ്ടി തദ്ദേശ തിരഞ്ഞെടുപ്പോടെ സജീവമാകാനാണ് നിലവില്‍ ശ്രമിക്കുന്നത്. ചെന്നിത്തലയ്ക്ക് ഒഴിഞ്ഞ് കൊടുത്ത യു.ഡി.എഫ് നായക സ്ഥാനവും ഉമ്മന്‍ ചാണ്ടി തന്നെ ഏറ്റെടുക്കും. മുസ്ലീം ലീഗിന്റെ ശക്തമായ പിന്തുണയാണ് ഉമ്മന്‍ ചാണ്ടിയുടെ കരുത്ത്. കോണ്‍ഗ്രസ്സ് അണികളില്‍ ഭൂരിപക്ഷവും ഉമ്മന്‍ ചാണ്ടിയെ തന്നെയാണ് ഇപ്പോഴും നായകനായി ആഗ്രഹിക്കുന്നത്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല പരാജയമാണെന്ന വിലയിരുത്തലാണ് യു.ഡി.എഫിലുള്ളത്. പല വിഷയങ്ങളിലും ബി.ജെ.പി നടത്തിയ ഇടപെടല്‍ പോലും നടത്താന്‍ ചെന്നിത്തലക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിമര്‍ശനം. ഇടപെടലുകളുടെ കാര്യത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമായി ചെന്നിത്തലയെ താരതമ്യപ്പെടുത്തുന്നവര്‍ യു.ഡി.എഫില്‍ തന്നെ നിരവധിയുണ്ട്. ബി.ജെ.പിക്ക് അവസരം നല്‍കി ചെന്നിത്തല സെല്‍ഫ് ഗോളടിക്കുകയാണെന്നാണ് ആക്ഷേപം. സംഘപരിവാര്‍ മാധ്യമത്തില്‍ വന്ന പരാമര്‍ശങ്ങള്‍ ഇപ്പോള്‍ ആയുധമാക്കുന്നതും ഈ വിഭാഗമാണ്. അതേ സമയം, യു.ഡി.എഫിലെ ഈ ഭിന്നത മുതലെടുക്കുന്ന തന്ത്രപരമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നതാണ് മുഖ്യമന്ത്രിയുടെയും നിലപാട്. തുടര്‍ച്ചയായി മൂന്ന് തവണ ചോദ്യം ചെയ്തിട്ടും ശിവശങ്കറിനെ പ്രതിയാക്കാത്തത് പ്രതിപക്ഷത്തിനും തിരിച്ചടിയായിട്ടുണ്ട്. ഈ കേസില്‍ മുഖ്യമന്ത്രിയുടെ ഈ മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രതിയായില്ലെങ്കില്‍ പിന്നെ എന്ത് പറഞ്ഞ് സര്‍ക്കാറിനെ ആക്രമിക്കുമെന്നതാണ് ഇവരെ അലട്ടുന്ന പ്രശ്നം. കേന്ദ്ര ഏജന്‍സിയാണ് അന്വേഷിക്കുന്നത് എന്നതിനാല്‍ അക്കിടിപറ്റിയത് പ്രധാനമായും ബി.ജെ.പിക്കാണ്. അറസ്റ്റ് ഇന്നുണ്ടാകും നാളെയുണ്ടാകും എന്നൊക്കെ പറഞ്ഞ് സ്വയം സമാധാനിക്കുകയാണവര്‍.

കോണ്‍ഗ്രസ്സാവട്ടെ സി.പി.എം – ബി.ജെ.പി സഹകരണമാണ് ഈ ചോദ്യം ചെയ്ത് വിടലിന് പിന്നിലെന്നാണ് ആരോപിക്കുന്നത്. യു.ഡി.എഫ് അണികള്‍ക്ക് പോലും ബോധ്യപ്പെടാത്ത ആരോപണമാണിത്. പരസ്പരം ഒരിക്കലും സഹകരിക്കാന്‍ പറ്റാത്ത പ്രത്യോയ ശാസ്ത്രമാണ് ബി.ജെ.പിയും സി.പി.എമ്മും പിന്തുടരുന്നത്. ഇക്കാര്യം മുല്ലപ്പള്ളി പോലും മറന്ന മട്ടാണ്.

ചുവപ്പ് കണ്ട കാളയുടെ അവസ്ഥയാണിത്. ദൗര്‍ഭാഗ്യകരം എന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളൂ. കേരളത്തിന്റെ തെരുവീഥികളില്‍ ചിതറി വീണ നൂറ് കണക്കിന് രക്തസാക്ഷികളുടെ ചോരപ്പാടുകള്‍ പറയും കാവിയുടെയും ചുവപ്പിന്റെയും പക എന്താണെന്നത്. ഇതെല്ലാം മറച്ച് വച്ച് എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അപഹാസ്യരാവുന്നത് കോണ്‍ഗ്രസ്സ് മാത്രമല്ല യു.ഡി.എഫ് ആകെയാണ്.

ശിവശങ്കര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. മറിച്ചാണെങ്കില്‍ പ്രതിപക്ഷം മാത്രമല്ല, മാധ്യമങ്ങളും മാപ്പു പറയണം. കാരണം കുറ്റക്കാരനാണെന്ന് വിധിക്കും മുന്‍പ് ഇദ്ദേഹത്തെ വേട്ടയാടിയത് മാധ്യമങ്ങള്‍ കൂടിയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എന്ന ഒറ്റകാരണത്താലാണ് ഇങ്ങനെ വേട്ടയാടപ്പെട്ടത്. സ്വന്തം വീട്ടില്‍ നിന്നു പുറത്തിറങ്ങിയതു മുതല്‍ വന്‍ മാധ്യമ പടയാണ് പിന്തുടര്‍ന്നത്.

മാധ്യമ സംഘങ്ങള്‍ക്കിടയിലൂടെ വീര്‍പ്പുമുട്ടി പുറത്ത് കടക്കുന്ന ശിവശങ്കറിന്റെ ദൃശ്യങ്ങള്‍ നാം കണ്ടതാണ്. ഇവിടെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്കാണ് ചാനല്‍ ക്യാമറകളും മൈക്കുകളും ഇടിച്ചു കയറ്റിയിരിക്കുന്നത്. ഇവര്‍ തന്നെയാണ് ശിവശങ്കറിന്റെ അറസ്റ്റും പ്രവചിച്ചിരുന്നത്. ഒടുവില്‍ അറസ്റ്റും കസ്റ്റഡിയുമില്ലാതെ ശിവശങ്കര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയപ്പോള്‍, ഇളഭ്യരായതും ഈ മാധ്യമങ്ങള്‍ തന്നെയാണ്. ഇനിയെങ്കിലും ഇത്തരം നിലപാടുകള്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. ശിവശങ്കര്‍ പ്രതിയാകും വരെയെങ്കിലും അദ്ദേഹത്തിന് ഒരു പൗരന് നല്‍കേണ്ട അവകാശങ്ങള്‍ നല്‍കാന്‍ തയ്യാറാകണം. ചോദ്യം ചെയ്യേണ്ടതും പ്രതിയാക്കേണ്ടതും അന്വേഷണ ഉദ്യോഗസ്ഥരാണ്. വിധി പറയേണ്ടതാകട്ടെ കോടതിയുമാണ്. അതല്ലാതെ മാധ്യമങ്ങളല്ല. മാധ്യമ വാര്‍ത്ത കണ്ട് ആരെയും പ്രതിയാക്കാനും വിധിയെഴുതാനും, ഒരു അന്വേഷണ ഏജന്‍സിക്കും ജഡ്ജിക്കും കഴിയുകയുമില്ല. ഇക്കാര്യം മാധ്യമ മുതലാളിമാരും ഓര്‍ക്കുന്നത് നല്ലതാണ്.

Express View

Top