രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കും; മഹാരാഷ്ട്രയുടെ ചുമതല നല്‍കാനുള്ള നീക്കവുമായി നേതൃത്വം

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമായി ഉള്‍പ്പെടുത്താത്തില്‍ രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാന്‍ നേതൃത്വം. ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കാനാണ് നീക്കം. അന്തിമ തീരുമാനം ഉടനുണ്ടാകും. പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിന് പിന്നാലെയുള്ള എ.ഐ.സി.സി പുനഃസംഘടനയിലും പ്രഖ്യാപനം ഉടനുണ്ടാകും. താരിഖ് അന്‍വര്‍ കേരളത്തിന്റെ ചുമതല ഒഴിയുമെന്നാണ് സൂചന.

പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമാക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല. 19 വര്‍ഷം മുമ്പ് വഹിച്ച പദവിയാണ് ചെന്നിത്തലക്ക് വീണ്ടും നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ ചെന്നിത്തലയും ഇടം പിടിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പട്ടിക പുറത്തു വന്നപ്പോള്‍ സ്ഥിരം ക്ഷണിതാവ് മാത്രമായി കേരളത്തിലെ മുതിര്‍ന്ന നേതാവ്.

ചെന്നിത്തലക്കൊപ്പമോ അദ്ദേഹത്തിനു കീഴിലോ പ്രവര്‍ത്തിച്ചിരുന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗങ്ങള്‍ ആയപ്പോഴാണ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയത്. അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്ന വികാരമാണ് ചെന്നിത്തലക്ക് ഒപ്പമുള്ളവര്‍ക്ക്. കേന്ദ്ര നേതൃത്വത്തിന്റെ നടപടിയില്‍ നീരസമുള്ള രമേശ് ചെന്നിത്തല, ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചുമില്ല.

Top