മാർക്സിന്റെ മൂലധനത്തെ പരിഹസിച്ച രമേശ് പിഷാരടി, എന്താണ് ആ ഗ്രന്ഥമെന്നതാണ് ആദ്യം പഠിക്കേണ്ടത്

ടെലിവിഷൻ അവതാരകനും ചലച്ചിത്ര പ്രവർത്തകനുമായ രമേഷ് പിഷാരടി തൃശൂരിലെ കോൺഗ്രസ്സ് സമ്മേളനത്തിൽ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അദ്ദേഹം കാൾ മാർക്സിന്റെ മൂലധനത്തെ പരിഹസിച്ചതിനെതിരെ പ്രതിഷേധവും ശക്തമാണ്. കറകളഞ്ഞ കോൺഗ്രസ്സുകാരനായ ഈ പിഷാരടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ച ധർമ്മജനെ വിജയിപ്പിക്കാൻ ബാലുശ്ശേരിയിൽ നടത്തിയ പ്രസംഗത്തിന്റെ തനിയാവർത്തനമാണിത്. ധർമ്മജന്റെ കനത്ത തോൽവിയോടെ അന്നു മുങ്ങിയ പിഷാരടി ഇപ്പോൾ യൂത്ത് കോൺഗ്രസ്സ് വേദിയിലാണ് പൊങ്ങിയിരിക്കുന്നത്. അവിടെയും ചുവപ്പിനിട്ട് ചൊറിഞ്ഞ് കയ്യടി വാങ്ങാനാണ് ഈ കോമഡി താരം ശ്രമിച്ചിരിക്കുന്നത്.

മാർക്സ് ആരാണെന്നോ മാർക്സിസം എന്താണെന്നോ പഠിക്കാതെ, വെറും കയ്യടിക്കു വേണ്ടി നടത്തിയ പിഷാരടിയുടെ ഈ പ്രസംഗമാണിപ്പോൾ സോഷ്യൽ മീഡിയകളിൽ കോൺഗ്രസ്സ് പ്രൊഫൈലുകൾ വ്യാപകമായി ഷെയർ ചെയ്തു വരുന്നത്. ചൂണ്ടിക്കാട്ടാൻ പ്രത്യേകിച്ച് ഒരു പ്രത്യേയശാസ്ത്രവും ഇല്ലാത്ത വാക്കും പ്രവർത്തിയും നിരന്തരം മാറ്റി കൊണ്ടിരിക്കുന്ന ഒരു പാർട്ടിക്കു വേണ്ടി വക്കാലത്ത് എടുത്ത് പ്രസംഗിക്കുന്ന പിഷാരടിമാർ ആദ്യം മാർക്സ് ആരായിരുന്നു എന്നും എന്താണ് മാർക്സിസമെന്നുമാണ് പഠിക്കേണ്ടത്. എന്നിട്ടു വേണം പരിഹസിക്കാൻ. പിഷാരടിക്ക് മൂലധനം എന്നത് നൂറും നൂറ്റിയൻപതും വർഷം മുൻപ് എഴുതിയ ഒരു പുസ്തകം മാത്രമാണ്. അദ്ദേഹത്തെ സംബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ സംഭവം കോൺഗ്രസ്സാണ്.

ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുമാണ് കോൺഗ്രസ്സിന്റെ ആശയമെന്നു പറഞ്ഞു കൊണ്ടാണ് മാർക്സിന്റെ മൂലധനത്തെ പിഷാരടി പരിഹസിച്ചിരിക്കുന്നത്. പരിഹാസ്യമായ നിലപാടാണിത്. എന്താണ് കോൺഗ്രസ്സിന്റെ ആശയമെന്നത് കോൺഗ്രസ്സുകാർക്കു പോലും അറിയാത്ത കാലത്താണ് നാം ഇന്നു ജീവിക്കുന്നത്. വ്യക്തമായ ഒരു ആശയമോ ഉറച്ച നിലപാടോ ഇല്ലാത്തതു കൊണ്ടാണ് കോൺഗ്രസ്സ് നേതാക്കൾ മിന്നൽ വേഗത്തിൽ കാവിയണിഞ്ഞു കൊണ്ടിരിക്കുന്നത്. ബി.ജെ.പിയെ രാജ്യം ഭരിക്കുന്ന ശക്തിയാക്കി മാറ്റിയ ആശയമാണത്. അധികാരവും പണവുമാണ് കോൺഗ്രസ്സ് പിന്തുടരുന്ന ആശയം. മറ്റു രാഷ്ട്രീയ പാർട്ടികളെ വിലയിരുത്തുന്നതു പോലെ കമ്യൂണിസ്റ്റു പാർട്ടികളെ ഒരിക്കലും വിലയിരുത്തരുത്.

കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അധികാരം അവരുടെ ലക്ഷ്യത്തിൽ എത്താനുള്ള ഒരു മാർഗ്ഗം മാത്രമാണ്. അതുകൊണ്ടു തന്നെ അധികാരമില്ലാതായാലും അവർ ജനങ്ങൾക്കിടയിൽ കാണും. എന്നാൽ കോൺഗ്രസ്സിന്റെ അവസ്ഥ അതല്ല. ഈ ലോകസഭ തിരഞ്ഞെടുപ്പിൽ കൂടി പരാജയപ്പെട്ടാൽ ആ പാർട്ടി തന്നെയാണ് ത്രിശങ്കുവിലാകുക. ഇക്കാര്യങ്ങൾകൂടി വൈകിയെങ്കിലും രമേഷ് പിഷാരടി തിരിച്ചറിയുന്നത് നല്ലതാണ്. ലോകം ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ചിന്തകരിൽ പ്രധാനിയാണ് കാൾ മാര്‍‌ക്‌സ്. ‘ദാസ് കാപ്പിറ്റൽ’ അഥവാ മൂലധനം എന്ന കാൾ മാർക്സിന്റെ പ്രസിദ്ധകൃതി അച്ചടിക്കാൻ വേണ്ട മുതൽമുടക്കുന്നതു ഏംഗൽസാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ചരിത്രപ്രധാനമായ രചനയ്ക്ക് പിന്നിലും ഇവർ ഇരുവരുമാണുള്ളത്.

വ്യവസായിയായ ഏംഗൽസ് ഒരർത്ഥത്തിൽ സ്വന്തം തൊഴിലാളികളെ തനിക്കുനേരെത്തന്നെ സംഘടിപ്പിക്കാൻ വേണ്ടിയുള്ള ബൗദ്ധികാധ്വാനത്തിനാണ് തിരികൊളുത്തിയിരുന്നത്. ഇങ്ങനെയൊന്നു ചിന്തിക്കാൻ പോലും മറ്റാർക്കും തന്നെ കഴിയുകയില്ല. യഥാർത്ഥത്തിൽ സര്‍ഗാത്മകമായ ഒരു പോരാട്ടമാണ് മാര്‍ക്സിന്റെ മൂലധനം മുന്നോട്ടുവയ്ക്കുന്നത്. അതു കൊണ്ടു തന്നെ അതിന്റെ പ്രസക്തി അനുദിനം വര്‍ധിക്കുകയാണ് ചെയ്യുന്നത്. ലാഭത്തിലൂന്നിയ സമ്പദ് വ്യവസ്ഥയില്‍ സമൂഹം എങ്ങിനെയൊക്കെ അധഃപതിക്കുമെന്നത് മാര്‍ക്സും മൂലധനവും 156 വര്‍ഷം മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അതാണിപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അമിതലാഭത്തിനുവേണ്ടി പാതകങ്ങള്‍ ചെയ്യാനും കലാപവും കുഴപ്പവും സൃഷ്ടിക്കാനും മുതലാളിത്തം മടിക്കില്ലെന്നത് മാര്‍ക്സാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കർണ്ണാടകത്തിൽ മാധ്യമപ്രവര്‍ത്തകയായ ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടതു മുതൽ ചൂണ്ടിക്കാട്ടാൻ ഈ വർത്തമാന കാലത്തും നിരവധി ഉദാഹരണങ്ങളുണ്ട്. മുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്സിന്റെ കൃതി വായിക്കപ്പെട്ടുകൊണ്ടിരിക്കും. ഏതെങ്കിലും ഒരു പിഷാരടി പരിഹസിച്ചതു കൊണ്ടു മാത്രം അതിന്റെ പ്രസക്തി നഷ്ടപ്പെടുകയില്ല. 2008-ല്‍ സാമ്പത്തിക കുഴപ്പമുണ്ടായപ്പോള്‍ ലോകം ആദ്യം അന്വേഷിച്ചത് പ്രധാനമായും മാര്‍ക്സിന്റെ പുസ്തകങ്ങളായിരുന്നു.

“അന്യന്റെ ദുഃഖം ശമിപ്പിക്കാന്‍, ഒരാളുടെ ജീവിതംകൊണ്ട് എന്താണ് ചെയ്യാനാവുക” അതാണ് മാര്‍ക്സ് മൂലധന രചനയിലൂടെ നിര്‍വഹിച്ചിരിക്കുന്നത്. സ്വയം കത്തിയെരിഞ്ഞാണ് അദ്ദേഹം ലോകത്തിന് ഇത് നല്‍കിയിരിക്കുന്നത്. പണത്തെക്കുറിച്ച് എഴുതിയ മാര്‍ക്സിന്റെ കൈയില്‍ പണമില്ലായിരുന്നു എന്നതും പിഷാരടി ഓർക്കണം. അദ്ദേഹം പാവങ്ങൾക്കുവേണ്ടി സ്വന്തം ജീവതം സമർപ്പിച്ചില്ലായിരുന്നു എങ്കിൽ ഏറ്റവും ഉന്നതമായ പദവിയിൽ നല്ല ശബളത്തോടെ ജോലി ചെയ്തു ജീവിക്കാൻ കഴിയുമായിരുന്നു. പിഷാരടിമാർ ഇപ്പോൾ പ്രവർത്തിക്കുന്നതു പോലെ വ്യക്തിപരമായ നേട്ടം മുൻ നിർത്തിയല്ല മാർക്സ് പ്രവർത്തിച്ചിരുന്നത്. കോമഡിക്ക് സ്ക്രിപ്റ്റ് ഉണ്ടാക്കുന്നതു പോലെയല്ല മൂലധനത്തിന്റെ രചനയെന്നതും ഓർത്തു കൊള്ളണം.

ഇംഗ്ലണ്ടിലേക്ക് വന്ന അന്നുതൊട്ട് മരിക്കുംവരെ മാർക്‌സും കുടുംബവും കൊടിയ ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്. മാര്‍ക്‌സിന്റെ കളസം പണയം വെച്ച് കുഞ്ഞുങ്ങളുടെ പട്ടിണി മാറ്റേണ്ട ഗതികേടുവരെ അദ്ദേഹത്തിന്റെ പങ്കാളി ജെന്നിക്കുണ്ടായി. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നരകിച്ചു മൂന്നുമക്കൾ പോഷകക്കുറവുകൊണ്ട് മരിക്കുന്നതിനും സ്വന്തം ഭാര്യ പട്ടിണികിടന്നു വലയുന്നതിനും സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടും തന്റെ തത്വചിന്തകളിൽ നിന്ന് കടുകിടെ വ്യതിചലിക്കാനോ മുതലാളിത്തത്തോട് വിട്ടുവീഴ്ച ചെയ്ത് അവരുടെ പിണിയാളായി പണം സമ്പാദിക്കാനോ മാര്‍‌ക്‌സ് തയ്യാറായിരുന്നില്ല. ഒടുവിൽ 1883 മാർച്ച് 14 -നാണ് ആ വലിയ മനുഷ്യൻ ഈ ലോകത്തോട് വിട വാങ്ങിയിരുന്നത്.

മാര്‍ക്‌സിന്റെ മരണത്തിനും ഏഴുവർഷങ്ങൾക്കപ്പുറം വ്ലാദിമിർ ലെനിൻ എന്ന റഷ്യൻ വിപ്ലവകാരിയുടെ മുന്നിലേക്ക് ദാസ് കാപ്പിറ്റൽ എന്ന കൃതി ആകസ്മികമായി വന്നെത്തിയിരുന്നില്ലങ്കിൽ മാര്‍ക്‌സിനോടൊപ്പം തന്നെ അതും വിസ്മരിക്കപ്പെടുമായിരുന്നു. മൂലധനം വായിച്ച് അതിൽ ആകൃഷ്ടനായ ലെനിൻ തന്റെ സ്നേഹിതരുടെയും അണികളുടെയും മുന്നിൽ ചെന്നുനിന്ന് താനൊരു ‘മാർക്സിസ്റ്റ്’ ആണെന്ന് പ്രഖ്യാപിച്ചതോടെയാണ് കാൾ മാര്‍‌ക്‌സ് എന്ന പേര് വീണ്ടും ജനങ്ങളുടെ ഓർമ്മയിലേക്ക് പടർന്നിരുന്നത്. ലെനിൻ പിന്നീട് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചതും ബോൾഷെവിക്ക് വിപ്ലവം നയിച്ചതുമൊക്കെ ചോരതുടിക്കുന്ന ചരിത്രത്തിന്റെ ഭാഗമാണ്.

മുതലാളിത്തത്തെക്കൊണ്ട് പ്രോലിറ്റേറിയറ്റിന്റെ ക്ഷേമത്തെപ്പറ്റികൂടി ചിന്തിപ്പിക്കാനായി എന്നതും മാര്‍‌ക്‌സ് എന്ന മനുഷ്യന്റെ ചിന്തകളുടെ പ്രസക്തിയാണ് ചൂണ്ടിക്കാട്ടുന്നത്. ആ അർത്ഥത്തിൽ അത് ഒരിക്കലും മായാതെ നിലനിൽക്കുന്ന ഒന്നാണ്. ലണ്ടനില്‍ വച്ചാണ് മൂലധനം രചിച്ചതെങ്കിലും ജര്‍മനിയിലാണ് അതിന്റെ ഒന്നാം വാള്യം പ്രസിദ്ധീകരിച്ചിരുന്നത്. റഷ്യന്‍ പതിപ്പിനായിരുന്നു അക്കാലത്ത് ഏറെ വായനക്കാരുണ്ടായിരുന്നത്. മൂലധനം തൊഴിലാളിവര്‍ഗത്തിന്റെ സമരായുധമാണെന്നാണ് റഷ്യന്‍ പതിപ്പിന്റെ മുഖവുരയില്‍ മാര്‍ക്സും എംഗല്‍സും എഴുതിയിരിക്കുന്നത്. യൂറോപ്പിലെ തൊഴിലാളികളെ വിപ്ളവത്തിലേക്ക് നയിക്കുന്നതിനുള്ള റഷ്യയുടെ സാധ്യതയും അക്കാലത്ത് മാര്‍ക്സ് പങ്കിടുന്നുണ്ട്.

ഫ്രഞ്ച് പരിഭാഷയിലെത്തുമ്പോള്‍ മൂലകൃതിക്കില്ലാതിരുന്ന ശാസ്ത്രീയ മൂല്യവും മൂലധനത്തിന് ഉണ്ടാക്കാന്‍ സാധിച്ചു. എഴുതിവച്ചതിന്റെ പുറത്തുകയറിയിരിക്കുകയായിരുന്നില്ല മാര്‍ക്സ് ചെയ്തിരുന്നത്. പുതിയ അറിവും അതിന്റെ ശാസ്ത്രീയതയും ഉള്‍പ്പെടുത്തി ഗ്രന്ഥത്തെ വളര്‍ത്തുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. നാം ജീവിക്കുന്ന സമൂഹത്തിലെ ചൂഷണം, അസമത്വം, നീതിരാഹിത്യം എന്നിവയ്ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് മൂലധനം തുടർന്നും വായിക്കപ്പെട്ടുകൊണ്ടിരിക്കേണ്ടതുണ്ട്.

തൊണ്ണൂറുകളുടെ ആദ്യം സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ മാര്‍ക്സിസത്തിന് അന്ത്യമായി എന്നു ലോകത്തൊട്ടാകെയുള്ള ബൌദ്ധിക സമൂഹം വിധിയെഴുതുകയുണ്ടായി. മാര്‍ക്സിസത്തിനോ സോഷ്യലിസത്തിനോ ഇനി യാതൊരു ഭാവിയുമില്ലെന്നു വരെ തീര്‍പ്പു കല്‍പ്പിക്കപ്പെടുന്ന സാഹചര്യവും വന്നു. പല രാജ്യങ്ങളിലേയും ഇടതുപക്ഷ പാര്‍ട്ടികളും ബഹുജനസംഘടനകളും പിരിച്ചു വിടപ്പെട്ടു. എന്നാല്‍ പിന്നീട് ലോകസമ്പദ്‌ വ്യവസ്ഥയെ പിടിച്ചു കുലുക്കിയ 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തോടെ മാര്‍ക്സിസം എന്ന ആശയം പൂര്‍വാധികം പ്രാധാന്യത്തോടെ പ്രസക്തമാകുന്ന കാഴ്ചയാണ് ലോകത്ത് കാണാനായത്‌. ക്യാപ്പിറ്റലിസം പുല്‍കിയ രാജ്യങ്ങളിലുള്‍പ്പെടെ മൂലധനം വ്യാപകമായി വായിക്കപ്പെടുന്ന സ്ഥിവിശേഷവും തുടർന്ന് രൂപപ്പെടുകയുണ്ടായി.

ലോകവിചക്ഷണര്‍ സാമ്പത്തിക മാന്ദ്യത്തെയും അതിനു പിന്തുടര്‍ച്ചയായി രൂപം കൊണ്ട പ്രതിസന്ധികളേയും മുതലാളിത്തം നേരിടുന്ന ‘മാര്‍ക്സിയന്‍ പ്രതിസന്ധി’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘മൂലധനം’ എന്ന കൃതിയുടെ വര്‍ത്തമാനകാല പ്രസക്തിയും ഇതു തന്നെയാണ്. ഇതൊന്നും മനസ്സിലാക്കാതെ ചുവപ്പ് കണ്ട കാളയെ പോലെയാണ് തരം കിട്ടുമ്പോഴെല്ലാം ബൂർഷ്വാ പാർട്ടികൾ മാർക്സിനെയും അദ്ദേഹത്തിന്റെ കൃതികളെയും പരിഹസിക്കുന്നത്. യൂത്ത് കോൺഗ്രസ്സ് പരിപാടിയിൽ വ്യക്തമാക്കപ്പെട്ടതും അതു തന്നെയാണ്. രമേഷ് പിഷാരടി പോലുള്ള ഒരു ടി.വി അവതാരകന് എന്തും പറയാം. ചെങ്കൊടി കണ്ടാൽ കലി തുള്ളുന്ന കെ സുധാകരനും ചെന്നിത്തലയ്ക്കും വി.ഡി. സതീശനുമെല്ലാം ആ പ്രസംഗത്തിന് കയ്യടിക്കുകയും ചെയ്യാം എന്നാൽ, യാഥാർത്ഥ്യം അതിനും എത്രയോ അപ്പുറമാണെന്നത് പൊതു സമൂഹം തിരിച്ചറിയേണ്ടതുണ്ട്…..

EXPRESS KERALA VIEW

Top