സര്‍വേക്കെതിരെ പൊട്ടിത്തെറിച്ചത് ‘മുന്നിലുള്ള’ ഭീഷണി ഭയന്ന് തന്നെ . . .

നിയമസഭ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും പടരുകയാണ്. ഭരണം ലഭിക്കാന്‍ കൈവിട്ട കളിക്ക് തന്നെ തയ്യാറായിരിക്കുകയാണിപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ആരോപണ പ്രത്യാരോപണങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ബി.ജെ.പിയുമായുള്ള ‘ധാരണ’ ഇടതുപക്ഷവും യു.ഡി.എഫും പരസ്പരം ആരോപിച്ചു കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതു സംബന്ധിച്ച വിവാദങ്ങളും ഇതിന്റെ ഭാഗം തന്നെയാണ്. കാറ്റ് ഇടത്തോട്ടാണ് വീശുന്നതെന്ന് തിരിച്ചറിയുന്ന യു.ഡി.എഫ് നേതൃത്വം മാധ്യമങ്ങള്‍ക്കെതിരെയും ആക്രമണം കടുപ്പിച്ചിട്ടുണ്ട്.

സര്‍ക്കാരിനെ അനുകൂലിക്കുന്ന സര്‍വേകളെ യുഡിഎഫിനു വിശ്വാസമില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചിരിക്കുന്നത്. അഴിമതികളൊന്നും പ്രശ്‌നമല്ലെന്നു പറയുന്ന സര്‍വേകളെ ജനങ്ങള്‍ തൂത്തെറിയുമെന്നാണ് ചെന്നിത്തലയും പറയുന്നത്. ന്യായമായി ലഭിക്കേണ്ട പരിഗണന പോലും പ്രതിപക്ഷത്തിനു ലഭിക്കുന്നില്ലെന്നും അഭിപ്രായ സര്‍വേകള്‍ ജനഹിതം അട്ടിമറിക്കാന്‍ ഉപയോഗിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. പിണറായിക്ക് സര്‍വേക്കാര്‍ 2% റേറ്റിങ് ആണ് മുന്‍പ് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായി മാറുകയുണ്ടായി. തനിക്ക് ആരുടെയും റേറ്റിങ് വേണ്ടന്നും 20 കോടിയുടെ പരസ്യത്തിന്റെ ഉപകാരസ്മരണയാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നത്.

ഇത് മോദി പയറ്റുന്ന അതേ തന്ത്രമാണെന്നും എന്നാല്‍ ജനങ്ങളുടെ സര്‍വേ യുഡിഎഫിന് അനുകൂലമാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 12 മുതല്‍ 15 സീറ്റ് വരെയാണ് പറഞ്ഞിരുന്നത്. പാലക്കാട്ട് യുഡിഎഫിന് മൂന്നാം സ്ഥാനം വരെ പറഞ്ഞവരുമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി. പ്രചാരണത്തില്‍ സിപിഎമ്മും ബിജെപിയും പണം വാരിയെറിയുകയാണ് ഇതിന്റെ ഉറവിടം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആദ്യമായാണ് യു.ഡി.എഫ് നേതൃത്വം മാധ്യമങ്ങള്‍ക്കെതിരെ ഇത്രയും കടുത്ത ആരോപണം ഉന്നയിക്കുന്നത്. സാധാരണ ഗതിയില്‍ സി.പി.എം നേതാക്കളാണ് മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കാറുള്ളത്.

എന്നാല്‍ ഇത്തവണ ആ ദൗത്യം ചെന്നിത്തല സ്വയം ഏറ്റെടുത്തിരിക്കുകയാണ്. ഏഷ്യാനെറ്റ്് സര്‍വ്വേയില്‍ തുടങ്ങി സകല സര്‍വേകളിലും ചെന്നിത്തല, ശശി തരൂരിനും പിറകെ ആയതാണ് പ്രകോപനത്തിനു കാരണം. അതേസമയം ഇടതു അനുകൂല സര്‍വേകളില്‍ ഇടതുപക്ഷം അമിതാവേശം കാട്ടുന്നില്ലന്നെതും ശ്രദ്ധേയമാണ്. മാധ്യമങ്ങള്‍ ഒടുവില്‍ അവരുടെ തനിനിറം കാട്ടുമെന്നും അതു കൊണ്ട് സര്‍വേകളില്‍ ആഹ്ലാദിക്കേണ്ടതില്ലന്നതുമാണ് സി.പി.എം നിലപാട്. ഈ വിവരം കീഴ്ഘടകങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നും തുടര്‍ ഭരണവും അതുപോലെ തന്നെ ഉണ്ടാകുമെന്നുമാണ് സി.പി.എം നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

മാധ്യമങ്ങള്‍ പിണറായി സര്‍ക്കാറിനെതിരെ നടത്തിയ വേട്ടയാടലുകള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ചെമ്പട പൊളിച്ചടുക്കുന്നത്. സ്വര്‍ണ്ണക്കടത്ത്, ഈന്തപ്പഴക്കടത്ത്, കേന്ദ്ര അന്വേഷണം, പിന്‍വാതില്‍ നിയമനങ്ങള്‍, മന്ത്രിമാര്‍ക്കെതിരായ ആരോപണം, മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയ സംഭവം, സ്പീക്കര്‍ക്കെതിരായ ആരോപണം …. എന്നിങ്ങനെ മാധ്യമ ‘അജണ്ട’ ഒന്നൊന്നായാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. ഈ അപവാദ പ്രചരണങ്ങള്‍ക്കു മീതെയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം നേടിയതെന്ന കാര്യവും സി.പി.എം പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ നിയമസഭ തിരഞ്ഞെടുപ്പിലും വന്‍ വിജയം നേടുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ചെമ്പട.

അഭിപ്രായ സര്‍വേകളില്‍ ചെന്നിത്തല പ്രകോപിതനായത് അദ്ദേഹം തരൂരിനും പിന്നിലായതു കൊണ്ട് മാത്രമാണെന്നതാണ് സി.പി.എം വിലയിരുത്തുന്നത്. അതേസമയം, കോണ്‍ഗ്രസ്സ് നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തില്‍ നിര്‍ത്തി പി.ജെ.കുര്യനും ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്. തനിക്ക് ഉപരാഷ്ട്രപദവി മുന്‍പ് ബി.ജെ.പി വാഗ്ദാനം ചെയ്തതായാണ് കുര്യന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടു തവണ ചര്‍ച്ച നടന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യസഭ സീറ്റ് ലക്ഷ്യമിട്ടുള്ള കുര്യന്റെ വില പേശല്‍ തന്ത്രമായാണ് ഈ വെളിപ്പെടുത്തലിനെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇത്തവണ ലീഗിനു നല്‍കിയാല്‍ അടുത്ത ഒഴിവിലെങ്കിലും തന്നെ പരിഗണിക്കണമെന്നതാണ് കുര്യന്റെ നിലപാട്.

”പ്രവര്‍ത്തിക്കുക അതല്ലെങ്കില്‍ മരിക്കുക എന്നതാണ് നിലവിലെ സാഹചര്യമെന്നാണ് കെ.സുധാകരനും മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഭരണം കിട്ടിയില്ലെങ്കില്‍ മൂന്നാം ശക്തി ഉയര്‍ന്നു വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ചു കൊല്ലം ഇടതുപക്ഷം, അഞ്ചു കൊല്ലം യു.ഡി എഫ് എന്ന സാഹചര്യമല്ല നിലവിലുള്ളതെന്നാണ് സുധാകരന്‍ ചൂണ്ടിക്കാട്ടുന്നത്.

കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഈ പ്രതികരണങ്ങളില്‍ നിന്നും അവര്‍ നേരിടുന്ന വെല്ലുവിളിയും വ്യക്തമാണ്. ജീവന്‍മരണ പോരാട്ടം തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ്സിനു മുന്നിലുള്ളത്. ഈ യുദ്ധത്തില്‍ ജയിച്ചില്ലെങ്കില്‍ ഇടതുപക്ഷത്തിന് ഒന്നും നഷ്ടപ്പെടാനില്ല. ‘കേരളം അതിന്റെ ചരിത്രം ആവര്‍ത്തിച്ചു ‘എന്ന ഒറ്റ മറുപടിയില്‍ എല്ലാം തീരും. എന്നാല്‍ യു.ഡി.എഫിന്റെ സ്ഥിതി അതല്ല, ചരിത്രം ഇടതുപക്ഷം തിരുത്തിയാല്‍ യു.ഡി.എഫ് എന്ന സംവിധാനം തന്നെയാണ് തരിപ്പണമാകുക.

 

Top