”എന്നെയാരും പ്രൊജക്ട് ചെയ്തിട്ടില്ല”; സുകുമാരന്‍ നായര്‍ക്ക് ചെന്നിത്തലയുടെ മറുപടി

ആലപ്പുഴ: തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടതെന്ന, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ആക്ഷേപത്തിനു മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

”ഞാൻ എന്നും മതേതര നിലപാടു മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കോൺഗ്രസ് ആണ് എനിക്കു വലുത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ എന്നെ ഉയർത്തിക്കാട്ടിയതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന വാദത്തിൽ അർഥമില്ല. എന്നെയാരും പ്രൊജക്ട് ചെയ്തിട്ടില്ല”- ചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയെ പ്രൊജക്ട് ചെയ്തതുകൊണ്ടാണ് യുഡിഎഫ് പരാജയപ്പെട്ടതെന്ന്, ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ പങ്കെടുത്തുകൊണ്ടാണ് സുകുമാരൻ നായർ ആരോപിച്ചത്. ഉമ്മൻ ചാണ്ടി ആയിരുന്നെങ്കിൽ ഇത്രയും വലിയ പരാജയം ഉണ്ടാവുമായിരുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

Top