അലനെയും താഹയെയും സന്ദര്‍ശിച്ച് ചെന്നിത്തല; താഹയുടെ കുടുംബത്തിന് 5 ലക്ഷം കൈമാറും

കോഴിക്കോട്; യുഎപിഎ നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം സംഘടിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം സര്‍ക്കാരിന് കീഴില്‍ രണ്ടു യുവാക്കളെ യുഎപിഎ ഉപയോഗിച്ച് വേട്ടയാടാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുവരുടെയും വീട്ടില്‍ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. വീടില്ലാത്ത താഹയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറാന്‍ തീരുമാനിച്ചതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പിണറായി സര്‍ക്കാര്‍ UAPA ചുമത്തി വേട്ടയാടുന്ന അലനോടും താഹയോടും സംസാരിച്ചു. താഹയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടേക്ക് അലന്‍ തന്റെ പിതാവ് ഷുഹൈബുമായി എത്തുകയായിരുന്നു.
കടുത്ത ശത്രുതാമനോഭാവത്തോടെയാണ് ജയില്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ പെരുമാറിയതെന്ന് അലനും താഹയും പറഞ്ഞു. UAPA ചുമത്താന്‍ നിയമപരമായി സാധ്യതയില്ലാത്ത കുറ്റത്തില്‍ UAPA ചുമത്തുകയും ഒടുവില്‍ കോടതിയില്‍ നിന്നും ഇവര്‍ക്ക് അനുകൂലമായ നിലപാടുണ്ടായപ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഇരകളാണ് അലനും താഹയും.
UAPA നിയമത്തിനെതിരെ രാജ്യം ഒട്ടുക്ക് പ്രതിഷേധം സംഘടിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം സര്‍ക്കാരിന് കീഴില്‍ രണ്ടു യുവാക്കളെ UAPA ഉപയോഗിച്ച് വേട്ടയാടാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്.
താഹയുടെ കുടുംബത്തിന് സ്വന്തമായി വീടില്ല എന്ന് അവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കെപിസിസി പ്രസിഡന്റുമായി കൂടിയാലോചിച്ച് കെപിസിസിയുടെ ഫണ്ടില്‍ നിന്നും താഹയുടെ കുടുംബത്തിന് നാളെത്തന്നെ 5 ലക്ഷം രൂപ കൈമാറാന്‍ തീരുമാനിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന് കീഴില്‍ സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പോലും നേരിടേണ്ടിവരുന്ന അനീതിയുടെ നേര്‍സാക്ഷ്യമാണ് അലനും താഹയും.

Top