കൊല്ലൂർ യാത്രയിൽ ‘കത്തി’ വീണ്ടും സോളാർ, ഉരുകുന്നത് കോൺഗ്രസ്സ് !

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഇത് കഷ്ടകാലമാണ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് ഒടുവില്‍ ഒന്നുമല്ലാതാകുന്ന ഒരവസ്ഥ അദ്ദേഹത്തെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. ‘ഐശ്വര്യം’ തനിക്ക് കൂടി കിട്ടട്ടെ എന്നു കരുതിയാണ് ‘ഐശ്വര്യ കേരള’ യാത്രയ്ക്ക് മുന്‍പായി ചെന്നിത്തല കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ ഈ സന്ദര്‍ശനം വലിയ വിവാദത്തിനാണിപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്. സോളാര്‍ ‘താരമായ’ സരിതയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒരേ ദിവസം കൊല്ലൂരിലെത്തിയതിന് പിന്നില്‍ വലിയ ഗൂഢാലോചനയാണ് കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം കാണുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടന്ന സംഭവ വികാസങ്ങളും ഇപ്പോഴത്തെ സംഭവങ്ങളും ചേര്‍ത്ത് വായിച്ചാണ് ഈ നിഗമനം. സരിതയും ചെന്നിത്തലയും കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നത് സംബന്ധിച്ച് സ്വന്തം നിലക്ക് തന്നെ ഉമ്മന്‍ചാണ്ടി അനുകൂലികളും നിലവില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണം സരിത ആവശ്യപ്പെട്ടത് ആരുടെയെങ്കിലും പ്രേരണയിലാണോ എന്ന കാര്യവും കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. സി.പി.എം നേതാവ് പി.പി. മുസ്തഫയാണ് ചെന്നിത്തലയുടെയും സരിതയുടെയും കൊല്ലൂര്‍ സന്ദര്‍ശനം പുറത്ത് വിട്ടിരുന്നത്. കാസര്‍കോടിന് അപ്പുറത്തുള്ള കര്‍ണാടകത്തിലെ കൊല്ലൂരില്‍ എങ്ങനെയാണ് ഒരേ ദിവസം രമേശ് ചെന്നിത്തലയും സരിത നായരും എത്തിയതെന്നാണ് മുസ്തഫ ചോദിക്കുന്നത്.

ഉമ്മന്‍ചാണ്ടിയെ ഉയര്‍ത്തികാട്ടാനുളള ഹൈക്കമാന്‍ഡ് തീരുമാനം വന്നതോടെ രമേശ് ചെന്നിത്തല ദു:ഖിതനാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിനകത്ത് നേതൃത്വപോര് വളരെ രൂക്ഷമായി വരികയാണെന്നും അതിന്റെ ഭാഗമായിട്ടാണ് സോളാറില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി കൊടുത്തതെന്നുമാണ് സി.പി.എം നേതാവ് ആരോപിച്ചിരിക്കുന്നത്. സരിതയും ചെന്നിത്തലയും യാദൃശ്ചികമായിട്ടാണ് അവിടെയെത്തിയതെന്ന് സാമാന്യ യുക്തിക്ക് വിലയിരുത്താന്‍ കഴിയുമോയെന്ന മുസ്തഫയുടെ ചോദ്യം ഇടിമിന്നലായാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കുള്ളില്‍ ഇപ്പോള്‍ തറച്ചിരിക്കുന്നത്. അവരുടെ മുന്നില്‍ തെളിഞ്ഞു വരുന്നത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ സരിതയുടെ മുന്‍ ആരോപണങ്ങളാണ്.

‘ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് തന്നെ തെളിവുകള്‍ പുറത്ത് വിടാനാണ് ‘ ചെന്നിത്തല ആവശ്യപ്പെട്ടതെന്നാണ് സരിത അന്ന് വെളിപ്പെടുത്തിയിരുന്നത്. ജോയി എന്നയാളുടെ ഫോണിലൂടെയാണ് ചെന്നിത്തല സംസാരിച്ചതെന്നായിരുന്നു അവര്‍ അവകാശപ്പെട്ടിരുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ പ്രതികരണം ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് കൊല്ലൂര്‍ സന്ദര്‍ശനത്തെയും കോണ്‍ഗ്രസ്സ് അണികള്‍ സംശയത്തോടെ വീക്ഷിക്കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കസേരയിലെത്താതിരിക്കാന്‍ നെറികെട്ട നീക്കം ഇനിയും തുടര്‍ന്നാല്‍ ചെന്നിത്തല വിവരമറിയുമെന്ന മുന്നറിയിപ്പാണ് ‘എ’ വിഭാഗം നല്‍കിയിരിക്കുന്നത്. എല്ലാം എല്ലാക്കാലത്തും സഹിക്കല്ലെന്ന നിലപാടിലാണവര്‍.കോണ്‍ഗ്രസ്സിലെ ‘ഐ’ വിഭാഗത്തെ ഏറെ പ്രതിരോധത്തിലാക്കുന്ന നിലപാട് കൂടിയാണിത്.

ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നതിന് പിന്നിലും വലിയ ഗൂഢാലോചന ഉണ്ടെന്നാണ് ‘എ’ വിഭാഗം സംശയിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഈ നിര്‍ദ്ദേശം ഏറ്റെടുത്തിരിക്കുന്നത് ‘ഐ’ വിഭാഗം നേതാക്കളാണ്. ഉമ്മന്‍ ചാണ്ടിയെ ‘ടാര്‍ഗറ്റ്’ ചെയ്ത് തോല്‍പ്പിക്കുന്നതിനു വേണ്ടിയാണ് ഈ സമ്മര്‍ദ്ദമെന്നാണ് ‘എ’ വിഭാഗം വിലയിരുത്തുന്നത്. പുതുപ്പള്ളി വിട്ടൊരു ‘കളിയില്ലെന്ന് ‘പരസ്യമായി പറയുക വഴി ഈ ആവശ്യത്തെ മുളയിലേ നുള്ളിക്കളയാനും ഉമ്മന്‍ ചാണ്ടി തയ്യാറായിട്ടുണ്ട്. ഐ വിഭാഗത്തിനേറ്റ പ്രഹരം കൂടിയാണ് ഈ മറുപടി. പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ചാണ്ടി ജയം ഉറപ്പിക്കുമ്പോള്‍ ഹരിപ്പാട്ടെ സ്ഥിതി ഏറെ കഷ്ടമാണ്. രമേശ് ചെന്നിത്തല വീണ്ടും ഇവിടെ നിന്നും ജയിക്കണമെങ്കില്‍ ഇനിയും ബി.ജെ.പി വലിയ തോതില്‍ വോട്ടുകള്‍ മറിച്ചു നല്‍കേണ്ടി വരും.

എന്‍.എസ്.എസ്, സംഘപരിവാര്‍- വോട്ടുകള്‍ ലഭിച്ചാലും ‘എ’ വിഭാഗം ‘പാലം’ വലിച്ചാലും ചെന്നിത്തല വീഴും. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കില്‍ ഹരിപ്പാട്, ഇടതുപക്ഷം ഏറെ മുന്നിലാണുള്ളത്. ‘ഭാവി മുഖ്യമന്ത്രി’ എന്ന പ്രചരണം നടത്തി വോട്ട് തേടാം എന്ന ചെന്നിത്തലയുടെ മോഹവും ഇത്തവണ വിലപ്പോവുകയില്ല. കാരണം ജനങ്ങളെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ പോരാട്ടം പിണറായിയും ഉമ്മന്‍ ചാണ്ടിയും തമ്മിലാണ്. ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരും തന്നെ പരിഗണിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഉമ്മന്‍ ചാണ്ടിയെ ചെന്നിത്തലയ്ക്ക് മേല്‍ പ്രതിഷ്ഠിച്ച് ഹൈക്കമാന്റ് തന്നെയാണ് ഇത്തരമൊരു സാഹചര്യവും ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. യു.ഡി.എഫിന് ഭരണം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും ചെന്നിത്തലയ്ക്ക് നഷ്ടമാകും.

ഭരണ തുടര്‍ച്ച ഇടതുപക്ഷത്തിന് ലഭിച്ചാല്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെടുന്നതും ചെന്നിത്തല തന്നെയായിരിക്കും. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല വലിയ ഒരു പരാജയമാണെന്ന വിലയിരുത്തലാണ് യു.ഡി.എഫ് ഘടക കക്ഷികള്‍ക്കുമുള്ളത്. ഇതും ഉമ്മന്‍ ചാണ്ടിക്ക് ഗുണകരമായി മാറാനാണ് സാധ്യത. അതേസമയം പുതിയ വിവാദങ്ങള്‍ ഐശ്വര്യ യാത്രയെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ ഏറ്റവും കൂടുതല്‍ അണികള്‍ ഉള്ളത് ‘എ’ വിഭാഗത്തിനൊപ്പമാണ്. അവര്‍ പിന്നോട്ടടിച്ചാല്‍ ചെന്നിത്തലയുടെ യാത്രയെയാണ് അത് ശരിക്കും ബാധിക്കുക. ലീഗിനെ സംബന്ധിച്ച് മലപ്പുറം അതിര്‍ത്തി കഴിഞ്ഞാല്‍ യാത്രയില്‍ വലിയ റോളുണ്ടാകുകയില്ല. ജോസഫ് ഗ്രൂപ്പിനാകട്ടെ വലിയ ശക്തിയുമില്ല. ‘എ’ വിഭാഗം ഒപ്പം നിന്നാല്‍ മാത്രമേ നാണം കെടാതെ യാത്ര തലസ്ഥാനത്തെത്തുകയുള്ളൂ.

യു.ഡി.എഫ് നേതൃത്വം തന്നെ ഇക്കാര്യം സമ്മതിക്കുന്നുമുണ്ട്. ഉമ്മന്‍ചാണ്ടിയാണ് ‘ഐശ്വര്യ യാത്ര’ ഉദ്ഘാടനം ചെയ്തത് എന്നതിനാല്‍ ‘എ’ വിഭാഗം പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തലയും സംഘവും. ഈ ഒറ്റ പ്രതീക്ഷയില്‍ തന്നെയാണ് ഐശ്വര്യ കേരളം യാത്രയും ആരംഭിച്ചിരിക്കുന്നത്. ബാക്കി എല്ലാം ഇനി കണ്ടുതന്നെയാണ് അറിയേണ്ടത്. കോണ്‍ഗ്രസ്സ് മുഖപത്രത്തിലെ പരസ്യത്തില്‍ വന്നതു പോലെ ‘ഐശ്വര്യ കേരള’ യാത്രക്ക് ‘ആദരാഞ്ജലികള്‍’ എന്ന തെറ്റ് പ്രാവര്‍ത്തികമാകില്ലെന്ന് തന്നെ തല്‍ക്കാലം നമുക്കും പ്രതീക്ഷിക്കാം.

 

Top