ലൈഫ് പദ്ധതി തട്ടിപ്പ്‌,വീടില്ലാത്തവര്‍ക്ക് വീട് പണിതുനല്‍കിയത് സര്‍ക്കാരല്ല: ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന്റെ ലൈഫ് പദ്ധതി തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടില്ലാത്തവര്‍ക്ക് വീട് പണിതുനല്‍കിയത് സര്‍ക്കാരല്ലെന്നും തദ്ദേശഫണ്ടും കേന്ദ്രഫണ്ടും വായ്പയും ഉപയോഗിച്ചാണ് വീടുകള്‍ വച്ചതെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന് വീടൊന്നിന് ആകെ ചെലവ് ഒരു ലക്ഷം രൂപ മാത്രമാണ്. അതും നല്‍കിയില്ല. യുഡിഎഫ് കാലത്ത് 90 % പൂര്‍ത്തിയായ 52000 വീടുകള്‍ കണക്കില്‍പ്പെടുത്തിയെന്നും ചെന്നിത്തല ആരോപിച്ചു.

ഇന്ന് രാവിലെയാണ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച് നല്‍കിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. അതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഈ പരാമര്‍ശം.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിര്‍വഹിക്കും. 2.14 ലക്ഷം വീടുകളാണ് ഇതുവരെ പൂര്‍ത്തീകരിച്ചതെന്നു അധികൃതര്‍ അറിയിച്ചു. ചടങ്ങിനോട് അനുബന്ധിച്ചു നടക്കുന്ന തിരുവനന്തപുരം ജില്ലാതല കുടുംബസംഗമത്തില്‍ 35,000ത്തോളം പേരാണ് പങ്കെടുക്കുന്നത്.

Top