ചെന്നിത്തലക്കെതിരെ മുല്ലപ്പള്ളി, സുധീരന്‍, മുരളി പടയൊരുക്കം;ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ മുല്ലപ്പള്ളി, സുധീരന്‍, മുരളീധരന്‍ പടയൊരുക്കം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പൊളിച്ചെഴുതുന്നു. പൗരത്വ നിയമത്തിനെതിരെ
യുള്ള പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുമായി വേദിപങ്കിട്ട് സംയുക്തസമരം നടത്തിയതിനാണ് ചെന്നിത്തലയെ പ്രതികൂട്ടിലാക്കുന്നത്.

യു.ഡി.എഫ് ഘടകകക്ഷികളില്‍ മുസ്ലിം ലീഗുമാത്രമാണ് ചെന്നിത്തലയെ പിന്തുണയ്ക്കാനുള്ളത്. ഐ ഗ്രൂ പ്പിന്റെപോലും പൂര്‍ണ പിന്തുണ ചെന്നിത്തലക്ക് ലഭിച്ചിട്ടില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി
വേണുഗോപാല്‍ പാര്‍ട്ടി നിലപാട് കെ.പി.സി.സി പ്രസിഡന്റ് പറയുമെന്ന അടവുനയമാണ് സ്വീകരിച്ചത്.

സംയുക്ത സമരം വേണ്ടെന്നതാണ് പാര്‍ട്ടി നിലപാടെന്ന് മുല്ലപ്പള്ളി വ്യക്തമാക്കുകയും ചെയ്തു. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാനും ചെന്നിത്തലയെ തള്ളിയതോടെ ലീഗിന്റെ പിന്തുണയില്‍ മാത്രമാ
ണ് ചെന്നിത്തല പിടിച്ചു നില്‍ക്കുന്നത്. ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് അടക്കമുള്ള ഒറ്റു ഘടകകക്ഷികളെല്ലാം യോജിച്ച സമരം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

ഘടകകക്ഷികളുമായി കൂടിയാലോചന നടത്താതെയാണ് പ്രതിപക്ഷ നേതാവ് സംയുക്ത സമരത്തിന് പോയതെന്നും ഇവര്‍ കുറ്റെപ്പടുത്തുന്നു. ചെന്നിത്തലയുടെ നിലപാടിനെതിരെ പരസ്യമായി തന്നെ ശക്തമായ നിലപാടാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം സുധീരനും കെ. മുരളീധരനും സ്വീകരിച്ചിരിക്കുന്നത്. ഐ ഗ്രൂ പ്പില്‍ നിന്നും വി.ഡി സതീശനടക്കമുള്ള ചുരുക്കം പേരെ ചെന്നിത്തലയെ സംരക്ഷിക്കാനെത്തിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും മോചിതനായ ഉമ്മന്‍ ചാണ്ടി കേരളരാഷ്ട്രീയത്തില്‍ സജീവമാവുകയാണെന്ന സൂചന നല്‍കിയാണ് കെ.പി.സി.സി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തിയത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ അഞ്ചാം മന്ത്രി വിവാദത്തില്‍ ലീഗിനെതിരെ നിലപാടെടുത്ത ചെന്നിത്തല ലീഗ് നേതൃത്വത്തിന്റെ കണ്ണിലെ കരടായിരുന്നു. ചെന്നിത്തലക്ക് ആഭ്യന്തര മന്ത്രിസ്ഥാനത്തിനായി എന്‍.എസ്.എസ് നേതൃത്വം പരസ്യമായി രംഗത്തെത്തിയതിലും ലീഗിന് അതൃപ്തിയായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉമ്മന്‍ ചാണ്ടി മടങ്ങിയെത്തണമെന്ന നിലപാടായിരുന്നു ലീഗിന്.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ചത്. അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെന്ന ആരോപണം യു.ഡി.എഫില്‍ ശക്തമായിരിക്കുമ്പോഴാണ് സംയുക്ത സമരത്തില്‍ പാര്‍ട്ടിയിലെ എതിര്‍പ്പിനിടയിലും ലീഗിന്റെ പിന്തുണ ചെന്നിത്തലക്ക് കരുത്താകുന്നത്.

അതേസമയം കെ.പി.സി.സി പുനസംഘടനയില്‍ ചെന്നിത്തലയുമായി മുല്ലപ്പള്ളിയെ പിന്തുണക്കുന്ന നിലപാടാണ് എ ഗ്രൂ പ്പ് സ്വീകരിക്കുന്നത്. ഭാരവാഹികളുടെ എണ്ണം കുറച്ച് കാര്യപ്രാപ്തിയുള്ളവരെ ഭാരവാഹികളാക്കണമെന്ന മുല്ലപ്പള്ളിയുടെ കടുംപിടുത്തം വെട്ടിയാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് ഭാരവാഹികളുടെ എണ്ണം നൂറിനടുത്താക്കിയിരിക്കുന്നത്. എല്‍.എമാരെയും എം.പിമാരെയും ഭാരവാഹികളാക്കേണ്ടെന്ന മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശം ഉമ്മന്‍ ചാണ്ടി മുഖവിലക്കെടുത്തെങ്കിലും ചെന്നിത്തല വഴങ്ങിയിരുന്നില്ല. കെ.സുധാകരനും വി.ഡി സതീശനും എ.പി അനില്‍കുമാറുമടക്കം ഒരുപിടി ജനപ്രതിനിധികളെയാണ് ചെന്നിത്തല ഐ ഗ്രൂപ്പ് നോമിനികളാക്കി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ജനപ്രതിനിധികളെ ഭാരവാഹിത്വത്തിലേക്ക് നിര്‍ദ്ദേശിക്കാന്‍ എ ഗ്രൂപ്പും നിര്‍ബന്ധിതമാകുകയായിരുന്നു.ഗ്രൂ പ്പും സമുദായസമവാക്യവുമെല്ലാം പരിഗണിച്ച് കഴിഞ്ഞതോടെ ഭാരവാഹികളുടെ എണ്ണംനൂറായി മാറിയിട്ടണ്ട്.

ഈ ജംബോ പട്ടികയില്‍ ഹൈക്കമാന്റ് നേതൃത്വം കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റിലെ വിജയം എന്ന ചരിത്രനേട്ടത്തില്‍ നിന്നും ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകള്‍ കൈവിട്ട അവസ്ഥയാണ് കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ഇടതുപക്ഷത്തിനാകട്ടെ പിണറായിയുടെ നേതൃത്വത്തില്‍ ഭരണത്തുടര്‍ച്ചക്ക് സാധ്യതയെന്ന വികാരം ഉയര്‍ത്താനും ഇതിനകം കഴിഞ്ഞിട്ടുണ്ട്. ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരുമടക്കമുള്ള 63 ഭാരവാഹികളാണ് നിലവില്‍ കെ.പി.സി.സിക്കുള്ളത്. ഇവരില്‍ പലരും നിര്‍ജീവവുമാണ്. ഗ്രൂപ്പ് നോമിനികളായി ഭാരവാഹികളായ ഇവര്‍ പാര്‍ട്ടി പദവി അലങ്കാരമായി കൊണ്ടുനടക്കുന്നവരുമാണ്. എം.എല്‍.എമാരെയും എം.പിമാരെയും പാര്‍ട്ടി ഭാരവാഹികളാക്കുന്നതിനെതിരെയും ജംബോ പട്ടികക്കുമെതിരെയും മുല്ലപ്പള്ളി ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഭാരവാഹികപട്ടികക്ക് ഹൈക്കമാന്റ് അംഗീകാരവും നല്‍കിയില്ല. പട്ടിക വെട്ടിക്കുറക്കണമെന്ന നിര്‍ദ്ദേശമാണ് കെ.പി.സി.സിക്ക് നല്‍കിയിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ ആന്റണിയുടെ മനസറിയുന്ന നേതാക്കളാണ് മുല്ലപ്പള്ളിയും വി.എം സുധീരനും രണ്ടു പേരെയും കെ.പി.സി.സി പ്രസിഡന്റാക്കുന്നതില്‍ ആന്റണിയുടെ പങ്ക് നിര്‍ണായകമായിരുന്നു. കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ കെ. മുരളീധരന് വട്ടിയൂര്‍ക്കാവ് സീറ്റ് നേടിക്കൊടുത്തതും ആന്റണിയാണ്.കേരളത്തില്‍ നിലവില്‍ യൂത്ത് കോണ്‍ഗ്രസിന് സംസ്ഥാന കമ്മറ്റി പോലും നിലവിലില്ല. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് കേന്ദ്ര നേതൃത്വവും സമവായം മതിയെന്ന് കെ.പി.സി.സിയും കടുംപിടുത്തം തുടരുന്നതാണ് യൂത്ത് കോണ്‍ഗ്രസിനെ നിര്‍ജീവമാക്കിയിരിക്കുന്നത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ് ശക്തമാകുന്നില്ലെന്ന ആക്ഷേപം യു.ഡി.എഫ് ഘടകകക്ഷികള്‍ക്കുമുണ്ട്.

ലീഗിന്റെ പിന്തുണയില്‍ പ്രതിപക്ഷ നേതൃസ്ഥാനം കൈവിട്ടുപോകാനുള്ള കളികളാണ് ചെന്നിത്തല നടത്തുന്നത്. ഐ ഗ്രൂ പ്പിന്റെ നേതൃസ്ഥാനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പിടിച്ചെടുക്കുമെന്ന ഭീതിയും ചെന്നിത്തലക്കുണ്ട്. ഐ ഗ്രൂ പ്പില്‍ ചെന്നിത്തലയേക്കാള്‍ വലിയ അധികാര കേന്ദ്രമാണിപ്പോള്‍ കെ.സി വേണുഗോപാലിനുള്ളത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ കച്ചകെട്ടിക്കഴിഞ്ഞു.ഡല്‍ഹിയില്‍ കാര്യമായ റോളില്ലാത്ത എ.കെ ആന്റണിയും കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് ആഗ്രഹിക്കുന്നുണ്ട്. മുല്ലപ്പള്ളിയും സുധീരനും മുരളീധരനും ആന്റണിയുടെ മടങ്ങിവരവ് ആഗ്രഹിക്കുന്നവരാണ്. ഈ തിരക്കഥക്കനുസരിച്ച് പടയൊരുക്കമാണോ കോണ്‍ഗ്രസില്‍ ഉരുത്തിരിയുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Top