അന്ന് ലീഡറെ പിന്നിൽ നിന്നും ‘കുത്തി’ ഇന്ന് ഒപ്പമുള്ളവർ ചരിത്രം ആവർത്തിച്ചു

പ്രതിപക്ഷ നേതൃസ്ഥാനം സംരക്ഷിക്കാന്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ അടിയറവ് വെച്ച് ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ കീഴടങ്ങിയതിനെതിരെ രമേശ് ചെന്നിത്തലക്കെതിരെ ഐ ഗ്രൂപ്പില്‍ പടയൊരുക്കം. വിശാല ഐ ഗ്രൂപ്പ് നേതൃത്വത്തില്‍ ഇനി ചെന്നിത്തല വേണ്ടെന്ന ഉറച്ച നിലപാടും ചില നേതാക്കള്‍ സ്വീകരിച്ചു കഴിഞ്ഞു. വര്‍ഷങ്ങളായി ഐ ഗ്രൂപ്പ് കുത്തകയാക്കിവെച്ച വയനാട് മണ്ഡലം ഉമ്മന്‍ചാണ്ടിയുടെ പിടിവാശിയില്‍ ടി. സിദ്ദിഖിന് നല്‍കിയതും ഇടുക്കിയില്‍ ജോസഫ് വാഴക്കന് സീറ്റു നല്‍കാന്‍ കടുത്ത നിലപാടെടുക്കാത്തതുമാണ് ചെന്നിത്തലക്ക് വിനയായത്. ഉമ്മന്‍ചാണ്ടി വയനാട്ടിന് പിടിമുറുക്കിയപ്പോള്‍ ഇടുക്കിയില്‍ വാഴക്കന് വേണ്ടി വാശിപിടിച്ചാല്‍ നടക്കുമായിരുന്നെന്ന കണക്കുകൂട്ടലാണ് ഐ ഗ്രൂപ്പിനുള്ളത്.

കോണ്‍ഗ്രസിന്റെ 16 സ്ഥാനാര്‍ത്ഥികളില്‍ ചെന്നിത്തലയുടെയും ഗ്രൂപ്പിന്റെയും ഇടപെടലില്‍ സീറ്റു ലഭിച്ചവര്‍ ആരുമില്ലെന്നതാണ് അവസ്ഥ. കണ്ണൂരില്‍ കെ. സുധാകരന്‍ ചെന്നിത്തലയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ആറ്റിങ്ങലിലെ അടൂര്‍ പ്രകാശ് ചെന്നിത്തലയെ വിട്ട് ഉമ്മന്‍ചാണ്ടിക്കൊപ്പമാണ്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് ഗ്രൂപ്പിനേക്കാള്‍ വനിതാപ്രാതിനിത്യമാണ് ഗുണകരമായത്. വടകരയിലെ സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍, ചെന്നിത്തലയെ അംഗീകരിക്കാന്‍പോലും തയ്യാറാകാത്ത നേതാവാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാഴ്ചക്കാരനായിരുന്ന മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍പോലും മൂന്നു പേര്‍ക്ക് ലോക്‌സഭാ സീറ്റ് നല്‍കിയപ്പോഴാണ് ചെന്നിത്തല തികഞ്ഞ പരാജയമായത്. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന് തൃശൂരും വി.കെ ശ്രീകണ്ഠന് പാലക്കാടും രാജ്‌മോഹന്‍ ഉണ്ണിത്താന് കാസര്‍ഗോഡും നല്‍കാന്‍ സുധീരന്റെ ഇടപെടലാണ് തുണയായത്. ഉണ്ണിത്താനു വേണ്ടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ശക്തമായ നിലാപാടണ് എടുത്തിരുന്നത്. ഉമ്മന്‍ചാണ്ടിയുടെ കനിവില്‍ ലഭിച്ച പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാകുമോ എന്ന ഭയമാണ് സീറ്റ് നിര്‍ണയ ചര്‍ച്ചകളില്‍ ചെന്നിത്തലക്ക് ഗ്രൂപ്പിനുവേണ്ടി കടുത്ത നിലപാട് സ്വീകരിക്കാന്‍ തടസമായത് എന്ന വിലയിരുത്തലാണ് ഐ ഗ്രൂപ്പ് നേതൃത്വത്തിനുള്ളത്.

ലീഡര്‍ കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചതോടെയാണ് ഹൈക്കമാന്‍ഡ് പിന്തുണയില്‍ കെ.പി.സി.സി പ്രസിഡന്റായ രമേശ് ചെന്നിത്തല വിശാല ഐ ഗ്രൂപ്പിന് രൂപം നല്‍കിയത്. കരുണാകരനും മുരളീധരനും കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയപ്പോഴും വിശാല ഐ ഗ്രൂപ്പ് നേതൃത്വം ചെന്നിത്തല സുരക്ഷിതമാക്കി. എന്നാല്‍ പഴയ അനുയായി കെ.സി വേണഗോപാല്‍ ചെന്നിത്തലയേക്കാള്‍ വലിയ നേതാവും സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥനുമായതോടെ ഗ്രൂപ്പില്‍ ചെന്നിത്തലയുടെ വിലയിടിഞ്ഞു. ജനപിന്തുണയുള്ള കെ.സുധാകരനും മുരളീധരനുമൊന്നും ചെന്നിത്തലയെ വകവെക്കാതെയുമായി.


എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിയെ ഇടുക്കിയില്‍ നിന്നും പാര്‍ലമെന്റിലേക്കയക്കാനുള്ള ചെന്നിത്തലയുടെ കുടിലബുദ്ധിയാണ് ഇത്തവണ ഗ്രൂപ്പിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. കൂടെനിന്നവരെ കൈവിടുന്ന ചെന്നിത്തലയേക്കാള്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന ഉമ്മന്‍ചാണ്ടിയാണ് നേതാവെന്ന തിരിച്ചറിവ് ഐ ഗ്രൂപ്പ് നേതാക്കള്‍ക്കും അണികള്‍ക്കും ഉണ്ടാകുന്നതും ചെന്നിത്തലയുടെ നില പരുങ്ങലിലാക്കിയിരിക്കുകയാണ്.

സുധീരന്റെ പിടിവാശിയില്‍ നിയമസഭാ സീറ്റ് നഷ്ടമായ ബെന്നിബെഹ്‌നാന് ചാലക്കുടിയും ടി. സിദ്ദിഖിന് വയനാടും ഡീന്‍കുര്യാക്കോസിന് ഇടുക്കിയും നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ മിടുക്ക് ഒന്നുകൊണ്ട് മാത്രമാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും ചെന്നിത്തലയെ മാറ്റി പകരം ഉമ്മന്‍ചാണ്ടി വരണമെന്ന നിലപാടാണ് യു.ഡി.എഫിലെ പ്രധാന ഘടകകക്ഷികളായ മുസ്‌ലിം ലീഗിനും കേരള കോണ്‍ഗ്രസിനും ആര്‍.എസ്.പിക്കുമുള്ളത്.

ഉമ്മന്‍ചാണ്ടി മനസുവെച്ചാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിഷ്പ്രയാസം മടങ്ങിയെത്താവുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായാല്‍ വിശാല ഐ ഗ്രൂപ്പ് നേതൃത്വത്തില്‍ നിന്നും രമേശ് ചെന്നിത്തലയുടെ പടിയിറക്കും കൂടിയാവും അത്. കെ.കരുണാകരന്റെ വിശ്വസ്ഥനായി ലീഡറുടെ ഇലയില്‍ നിന്നും ചോറുണാനുള്ള സ്വാതന്ത്ര്യവും വാല്‍സല്യവും നല്‍കിയിട്ടും കാറപകടത്തില്‍ ലീഡര്‍ക്ക് ഗുരുതരമായി പരിക്കേറ്റപ്പോള്‍ തിരുത്തല്‍വാദ ഗ്രൂപ്പുണ്ടാക്കി ലീഡര്‍ക്കെതിരെ പടനയിച്ച നേതാവാണ് രമേശ് ചെന്നിത്തല. കൂടെനിന്ന് കുത്തിയതിന്റെ വേദനപൊറുക്കാന്‍ ലീഡര്‍ ഒരിക്കലും തയ്യാറായിരുന്നില്ല.

Top