യു.ഡി.എഫ് ‘ടൈറ്റാനിക്കായി’ മാറുമോ ? കൂട് മാറാൻ ഒരുങ്ങി ഘടകകക്ഷികൾ . . .

പതിരഞ്ഞെടുപ്പുകളില്‍ കോട്ടകള്‍ തകര്‍ന്നതോടെ ആടി ഉലയുന്നത് യു.ഡി.എഫ് സംവിധാനം.

കോണ്‍ഗ്രസ്സിനൊപ്പം ഇനിയും മുന്നോട്ട് പോയാല്‍ തങ്ങളുടെ വഞ്ചിയും മുങ്ങുമോയെന്ന ഭയത്തിലാണ് പ്രധാന ഘടകകക്ഷികളെല്ലാം.

മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ്സ്, ആര്‍.എസ്.പി പാര്‍ട്ടികളുടെ ആശങ്കകള്‍ വ്യക്തമാണ്.

മഞ്ചേശ്വരത്ത് തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞെങ്കിലും ആധി കൂടുതല്‍ ലീഗിനാണ്.

കാരണം 2021ല്‍ അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലങ്കില്‍ ‘പണി’ പാളുമെന്ന് നന്നായി അവര്‍ക്കറിയാം. യൂത്ത് ലീഗുകാര്‍ ഇപ്പോള്‍ തന്നെ നേതൃത്വത്തില്‍ തലമുറ മാറ്റം ആവശ്യപ്പെട്ട് സജീവമാണ്. അടുത്ത തവണയെങ്കിലും അധികാരത്തില്‍ വരാന്‍ കഴിഞ്ഞില്ലങ്കില്‍ ലീഗില്‍ അത് വലിയ കലാപത്തിനാണ് വഴിയൊരുക്കുക.

ആഭ്യന്തര പ്രശ്‌നത്തില്‍പ്പെട്ട് ഉലയുന്ന കേരള കോണ്‍ഗ്രസ്സിനും അധികാരമില്ലാത്ത അവസ്ഥ ചിന്തിക്കാന്‍ പോലും പറ്റുന്നതല്ല.

ജോസഫ് , ജോസ് വിഭാഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏക അഭിപ്രായമാണുളളത്. തമ്മിലടിയില്‍ പാലാ നഷ്ടമായതില്‍ പഴി കേട്ട ഇരു വിഭാഗങ്ങളും ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് വിധിയില്‍ ഹാപ്പിയാണ്. കോണ്‍ഗ്രസ്സ് കോട്ടകളായ കോന്നിയും വട്ടിയൂര്‍ക്കാവും പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് മുന്നണിയിലെ പ്രതിരോധം.

‘രണ്ടില രണ്ടായി’ യു.ഡി.എഫില്‍ ഇനി എത്ര കാലം എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.

2021 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഇടതുപക്ഷത്ത് എത്താനും സാധ്യതയേറെയാണ്.

കേരളത്തിലെ സി.പി.എമ്മിന്റെ കണ്ണില കരടായ ആര്‍.എസ്.പിയും ഇപ്പോള്‍ ത്രിശങ്കുവിലാണ്.

ഡല്‍ഹിയില്‍ ഇടതുപക്ഷത്തിനൊപ്പവും കേരളത്തില്‍ യു.ഡി.എഫിന് ഒപ്പവും എന്നതാണ് അവരുടെ നിലവിലെ സ്ഥിതി.

ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളില്‍ പാല ഉള്‍പ്പെടെ 3 എണ്ണത്തില്‍ ഇടതുപക്ഷം ജയിച്ചത് ആര്‍.എസ്.പിക്കും ദഹിച്ചിട്ടില്ല.

മൂന്ന് സിറ്റിംഗ് സീറ്റുകളാണ് ഇടതുപക്ഷം യു.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്.

അരുരിലെ യു.ഡി.എഫ് വിജയത്തിലാകട്ടെ വലിയ ആവേശം ഘടകകക്ഷികള്‍ക്കു പോലുമില്ല.

വെള്ളാപ്പള്ളിയുടെ ഇടതുപിന്തുണയും പൂതന പരാമര്‍ശവുമാണ് ഷാനിമോളെ തുണച്ചതെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തല്‍.

അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിചാരിച്ചാല്‍ തിരിച്ച് പിടിക്കാവുന്ന മണ്ഡലം കൂടിയാണ് അരൂര്‍.

എന്നാല്‍ ഇടതുപക്ഷം വിജയിച്ച വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കുക യു.ഡി.എഫിന് ഇനി എളുപ്പമാകില്ല.

കാരണം എന്‍.എസ്.എസ് അടക്കം പരസ്യമായി യു.ഡി.എഫിനായി രംഗത്തിറങ്ങിയിട്ട് പോലും അവര്‍ ദയനീയമായാണ് പരാജയപ്പെട്ടിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ പതിനായിരത്തിന് മീതെയാണ് ഇടതിന് ഭൂരിപക്ഷമെങ്കില്‍ കോന്നിയില്‍ പതിനായിരത്തിന് അടുത്താണ് ഭൂരിപക്ഷം.

സ്വന്തം കോട്ടകളിലെ ഈ ചുവപ്പ് മുന്നറ്റത്തിന്റെ ഷോക്കിലാണിപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം.

ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും യു.ഡി.എഫിനെ സംബന്ധിച്ച് അതിനിര്‍ണ്ണായകമാണ്.

തിരിച്ചടി ഈ തിരഞ്ഞെടുപ്പിലും നേരിട്ടാല്‍ യു.ഡി.എഫ് ഘടക കക്ഷികളാണ് പൊഴിയുക.

ഇടതുപക്ഷം വിരല്‍ ഞൊടിച്ചാല്‍ കളം മാറാനുള്ള മാനസികാവസ്ഥ ഇപ്പോള്‍ തന്നെ ചില ഘടകകക്ഷികള്‍ക്കുണ്ട്.

കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന് പുറമെ ലീഗിലെ പ്രബല വിഭാഗത്തിനും ഇപ്പോള്‍ തന്നെ ചുവപ്പ് പ്രേമം തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ലീഗിനെ ഒരിക്കലും മുന്നണിയിലെടുക്കില്ലന്ന സി.പി.എമ്മിന്റെ പ്രഖ്യാപിത നയമാണ് ഇവിടെ വിലങ്ങ് തടിയായിരിക്കുന്നത്.

അതേസമയം സി.പി.എം ആഗ്രഹിച്ചാല്‍ ലീഗ് ഇടതുപക്ഷത്തേക്ക് എത്താനുള്ള എല്ലാ സാധ്യതയും നിലവില്‍ ഉണ്ട്.

കമ്യൂണിസ്റ്റുകളുടെ പ്രത്യായ ശാസ്ത്രപരമായ നിലപാടുകളാണ് ഇവിടെ ലീഗ് സഖ്യത്തിന് പ്രധാന തടസ്സം.

ആര്‍.എസ്.എസിന്റയും മുസ്ലീം ലീഗിന്റെയും നിലപാടുകളെ ഉള്‍ക്കൊള്ളാന്‍ ഒരിക്കലും ഇടതുപക്ഷത്തിന് കഴിയുകയില്ല.

മുസ്ലീം ലീഗില്‍ നിന്നും പിളര്‍ന്ന് വന്ന ഐ.എന്‍.എല്ലിനു പോലും ഇടതുപക്ഷത്തെത്താന്‍ കാല്‍ നൂറ്റാണ്ടോളമാണ് കാത്ത് നില്‍ക്കേണ്ടി വന്നിരുന്നത്.

ഈ സാഹചര്യത്തില്‍ ലീഗിലെ പിളര്‍പ്പിനെ പോത്സാഹിപ്പിക്കുന്ന നിലപാട് തന്നെയായിരിക്കും സി.പി.എം സ്വീകരിക്കാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ മുസ്ലിംലീഗ് നേതൃത്വത്തിന് ഇപ്പോള്‍ തന്നെ വലിയ ആശങ്കകളുണ്ട്.

2021 കൈവിട്ടാല്‍ പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പ് അവരും കണക്ക് കൂട്ടുന്നുണ്ട്.

ഭരണമില്ലാതെ മുന്നോട്ട് പോകുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത പാര്‍ട്ടികളാണ് യു.ഡി.എഫിലെ ഘടകകക്ഷികള്‍.

കോണ്‍ഗ്രസ്സ് തിരുത്തണമെന്ന് ശക്തമായി ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്.

ഇനിയും ഭരണം കിട്ടാത്ത സാഹചര്യം ഉണ്ടായാല്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ യു.ഡി.എഫിലെ എല്ലാ കക്ഷികളും തകരാനാണ് സാധ്യത.

വട്ടിയൂര്‍ക്കാവിലെ പരാജയത്തിന് മുരളീധരനെയും കോന്നിയിലെ പരാജയത്തിന് അടൂര്‍ പ്രകാശിനെയുമാണ് ഒരു വിഭാഗം ഇപ്പോള്‍ പഴിക്കുന്നത്.

കോണ്‍ഗ്രസ്സിലെ ഭിന്നത രൂക്ഷമാക്കുന്ന നിലപാടായി ഈ ആക്ഷേപവും നിലവില്‍ മാറിക്കഴിഞ്ഞു.

കെ.പി.സി.സി അദ്ധ്യക്ഷന്‍ മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വരെ ഈ പരാജയത്തില്‍ ശരിക്കും ഉത്തരവാദിത്വമുണ്ട്.

പുതിയ തലമുറയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാതെ കലഹിച്ചതാണ് പരാജയത്തിന് പ്രധാന കാരണം.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പൂര്‍ണ്ണ പരാജയമായിരുന്നു രമേശ് ചെന്നിത്തല.

പാര്‍ട്ടിയെയും മുന്നണിയെയും ഫലപ്രദമായി നയിക്കുന്നതില്‍ മുല്ലപ്പള്ളിയും പരാജയപ്പെട്ടു.

സര്‍ക്കാറിനെതിരെ എവിടെയാണ് പ്രതികരിച്ചത് എന്ന് ചോദിച്ചാല്‍ എടുത്ത് പറയാന്‍ ഒരു സമരവും ഇവരുടെ പക്കലില്ല.

ഇടതുപക്ഷമാകട്ടെ സര്‍ക്കാര്‍ നേട്ടങ്ങള്‍ ശരിക്കും ജനങ്ങളിലെത്തിച്ചാണ് വിജയം കൊയ്തിരിക്കുന്നത്.

സി.പി.എം സംഘടനാ മിഷനറിയോട് മുട്ടാനുള്ള ശേഷിയൊന്നും യു.ഡി.എഫിലെ ഒരു പാര്‍ട്ടിക്കുമില്ല. അത് ഒരു കാലത്തും ഉണ്ടായിട്ടുമില്ല.

യു.ഡി.എഫ് സംസ്ഥാനം ഭരിച്ചിരുന്ന കാലങ്ങളില്‍ പോലും കേരളത്തിലെ വലിയ രാഷ്ട്രിയ പാര്‍ട്ടി സി.പി.എം തന്നെയായിരുന്നു.എല്ലാ മേഖലയിലും സി.പി.എം വര്‍ഗ്ഗ ബഹുജന സംഘടനകള്‍ തന്നെയാണ് ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നത്.

ഈ മേധാവിത്വം തകര്‍ത്ത് മുന്നറുക എന്നത് യു.ഡി.എഫിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. നടക്കാത്ത സ്വപ്നം എന്ന് തന്നെ ഇതിനെ പറയേണ്ടി വരും.

ഇടതു വിരുദ്ധ വോട്ടുകള്‍ യു.ഡി.എഫ് പെട്ടിയില്‍ കേന്ദ്രീകരിക്കുമ്പോള്‍ വിജയിച്ച് വരുന്ന മുന്‍കാല ചരിത്രവും ഇനി ആവര്‍ത്തിക്കണമെന്നില്ല. കാരണം കോന്നിയും വട്ടിയൂര്‍ക്കാവും നല്‍കുന്ന സൂചനകള്‍ അതാണ്.

കോന്നിയില്‍ കോണ്‍ഗ്രസ്സിന്റെ അത്ര തന്നെ വോട്ട് ഏകദേശം ബി.ജെ.പിയും പിടിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്ത് നിന്നുമാണ് ഇടതുപക്ഷം ചരിത്രം തിരുത്തിയിരിക്കുന്നത്.

മത ന്യൂനപക്ഷങ്ങളുടെ വോട്ടുകളും ഇനി പഴയ പോലെ യു.ഡി.എഫ് പെട്ടിയില്‍ വീഴുകയില്ല.


വട്ടിയൂര്‍ക്കാവിലും കോന്നിയിലും ബി.ജെ.പിക്ക് എതിരാളിയായി ഇടതു പക്ഷമാണ് നിലവില്‍ വന്നിട്ടുള്ളത്. ഇത് ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളിലെ ജനവിധികളെയും കാര്യമായി സ്വാധീനിക്കും.

മഞ്ചേശ്വരത്തെ ലീഗ് വിജയം ചൂണ്ടിക്കാട്ടുന്നത് കൊണ്ടൊന്നും ന്യൂനപക്ഷങ്ങളെ ആകര്‍ക്ഷിക്കാന്‍ യുഡിഎഫിന് കഴിയണമെന്നില്ല.

വട്ടിയൂര്‍ക്കാവിന് ശേഷമാണ് മഞ്ചേശ്വരത്തെ വിധിയെഴുത്തെങ്കില്‍ ഒരു പക്ഷേ റിസള്‍ട്ട് തന്നെ മാറിമറിയുമായിരുന്നു. ഇക്കാര്യം യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത് നല്ലതാണ്.

political reporter

Top